Sunday, September 20, 2026

വാക്കു തർക്കത്തിനിടെ സ്വയം തീകൊളുത്തി !വീട്ടമ്മയും രക്ഷിക്കാൻ ശ്രമിച്ച സഹോദരിയും പൊള്ളലേറ്റ് മരിച്ചു!

വാക്കു തർക്കത്തിനിടെ തീകൊളുത്തിയ വീട്ടമ്മയും രക്ഷിക്കാൻ ശ്രമിച്ച സഹോദരിയും പൊള്ളലേറ്റ് മരിച്ചു. എടപ്പാള്‍ പോത്തനൂരിലാണ് സംഭവം. പോത്തനൂര്‍ മാണിക്യപാലം സ്വദേശികളായ ചേലത്ത് പറമ്പില്‍ കല്യാണി (60), സഹോദരി തങ്കമണി (52) എന്നിവരാണ് മരിച്ചത്. കഴിഞ്ഞ ദിവസം വൈകുന്നേരം 6 മണിയോടെ പോത്തനൂരിലെ വീട്ടില്‍ വച്ച് മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തിയ ഇരുവരെയും നാട്ടുകാര്‍ ചേര്‍ന്ന് എടപ്പാളിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. പിന്നാലെ പൊള്ളൽ ഗുരുതരമായതിനാല്‍ വിദഗ്ധ ചികിത്സയ്ക്കായി തൃശൂര്‍ മെഡിക്കല്‍ കോളജിലേക്ക് മാറ്റി. ഇവിടെ അതിതീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലിരിക്കെയാണ് ഇന്ന് പുലർച്ചയോടെ രണ്ട് പേരും മരിച്ചത്.

ഭര്‍ത്താവ് നേരത്തെ മരിച്ച കല്യാണി മാണിക്യപാലത്തെ വീട്ടില്‍ ഒറ്റക്കായിരുന്നു താമസിച്ചിരുന്നത്. കൂറ്റനാട് വാവനൂരില്‍ താമസിച്ചിരുന്ന സഹോദരി തങ്കമണി മരുമകള്‍ക്കൊപ്പം ഇന്നലെ വൈകുന്നേരം മാണിക്യപാലത്തെ കല്യാണി താമസിച്ചിരുന്ന വീട്ടിലെത്തിയത്. തുടർന്ന് ഇരുവരും തമ്മിൽ നടന്ന വാക്ക് തര്‍ക്കത്തിനിടെ കല്യാണി മണ്ണെണ്ണ ഒഴിച്ച് സ്വയം തീ കൊളുത്തിയെന്നാണ് കരുതുന്നത്. രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടെയാണ് സഹോദരി തങ്കമണിക്കു പൊള്ളലേറ്റത്.

(ശ്രദ്ധിക്കുക: ആത്മഹ‌ത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ – 1056, 0471- 2552056)

Related Articles

Latest Articles