Thursday, May 16, 2024
spot_img

കേരളത്തിലെ 21 അണക്കെട്ടുകളിൽ ഭൂചലന സാധ്യത; ഞെട്ടിപ്പിക്കുന്ന പഠന റിപ്പോർട്ട്

കോയമ്പത്തൂര്‍: കേരളത്തിലെ 21 അണക്കെട്ടുകളിലെ ഉയര്‍ന്ന ജലനിരപ്പ് ഭൂചലന സാധ്യത കൂട്ടിയെന്ന് പഠനം. പൊതുവേ ദുര്‍ബലമായ പശ്ചിമഘട്ടത്തിലാണിത്. മൂന്നു മുതല്‍ അഞ്ചരവരെ തീവ്രതയുള്ള ഭൂകമ്പസാധ്യത പ്രദേശമാണ് കേരളമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. തിരുച്ചിറപ്പള്ളി ഭാരതിദാസന്‍ സര്‍വകലാശാലയിലെ പ്രൊഫ. രാമസ്വാമി സോമസുന്ദരത്തിന്റെ നേതൃത്വത്തില്‍ 2018-ലെ പ്രളയത്തിനുശേഷമാണ് പഠനം നടത്തിയത്.

അളഗപ്പ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകരും പങ്കാളികളായി. വലിയ ഉയരത്തില്‍ വെള്ളം കെട്ടിനിര്‍ത്തുന്നത് മൂലം ഭൂമിയുടെ ഉപരിതലത്തിലേക്കുണ്ടാക്കുന്ന മര്‍ദമാണ് ഭൂചലന സാധ്യത (ആര്‍.ഐ.എസ്.) കൂട്ടുന്നത്. ഇത്തരത്തിലുള്ള മര്‍ദംമൂലമാണ് 1967-ല്‍ മഹാരാഷ്ട്രയിലെ കൊയ്‌ന ജലസംഭരണി പ്രദേശത്ത് ഭൂചലനമുണ്ടായത്. പശ്ചിമഘട്ടത്തിലെ സാഹചര്യങ്ങളും നീങ്ങുന്നത് സമാന അവസ്ഥയിലേക്കാണ്. അതിഗുരുതരമാണ് പഠനത്തില്‍ കണ്ടെത്തിയ കാര്യങ്ങളെന്ന് ഡോ. രാമസ്വാമി പറഞ്ഞു.

കേരളത്തില്‍ 43-ലധികം അണക്കെട്ടുകളും ജലസംഭരണികളുമുണ്ട്. പലതും പരിസ്ഥിതി ദുര്‍ബലമായ പശ്ചിമഘട്ടമേഖലയിലാണ്. ഇന്ത്യന്‍ റിമോട്ട് സെന്‍സിങ് ഉപഗ്രഹം വഴിയും നാസയുടെ ഷട്ടില്‍ റഡാര്‍ ടോപ്പോഗ്രാഫി മിഷന്‍ വഴിയുമുള്ള വിവരങ്ങള്‍കൂടി വിശകലനം ചെയ്താണ് പഠനം നടത്തിയത്. 2019-ലെ പ്രളയശേഷമുള്ള സാഹചര്യവും ഇനി പഠിക്കും.

പശ്ചിമഘട്ടത്തിലെ പാറകള്‍ ദുര്‍ബലമാണെന്നതാണ് സ്ഥിതി ഗുരുതരമാക്കുന്നത്. പശ്ചിമഘട്ടവുമായി ബന്ധപ്പെട്ട കണ്ടെത്തലുകള്‍ ഗുരുതമാണെന്ന് കാലിഫോര്‍ണിയയിലെ ചാപ്മാന്‍ സര്‍വകലാശാലയിലെ പ്രൊഫസര്‍ രമേഷ് സിങ്ങും ശരിവെച്ചിട്ടുണ്ട്. 2000 സെപ്റ്റംബറില്‍ ഹൈദരാബാദില്‍ ഉണ്ടായ ചെറിയ ഭൂചലനത്തിനുമുമ്പ് ഒറ്റദിവസം 24 സെന്റീമീറ്റര്‍ മഴ രേഖപ്പെടുത്തിയിരുന്നതായി അദ്ദേഹം പറഞ്ഞു. ഇപ്പോഴത്തെ റിമോട്ട് സെന്‍സിങ് പഠനരീതിക്കൊപ്പം ഭൗമാന്തര്‍ ഭാഗത്തേക്കിറങ്ങുന്ന റഡാര്‍ (ജി.പി.ആര്‍.) സംവിധാനം ഉപയോഗിച്ചും പഠനം വേണമെന്നും നിര്‍ദേശിക്കുന്നു.

Related Articles

Latest Articles