Tuesday, May 21, 2024
spot_img

ഉത്തരാഖണ്ഡിനും, അസമിനും പിന്നാലെ കശ്മീരിലും ഭൂചലനം; ഹിമാലയൻ സംസ്ഥാനങ്ങളിൽ കഴിഞ്ഞ ഒന്നരവർഷത്തിനിടെ ഉണ്ടായത് ഇരുപത്തിയഞ്ചിലേറെ തുടർചലനങ്ങൾ; ഞെട്ടിപ്പിക്കുന്ന റിപ്പോർട്ട് പുറത്ത്

ശ്രീനഗർ: ജമ്മു കശ്മീരിൽ നേരിയ ഭൂചലനം ഉണ്ടായതായി റിപ്പോർട്ട്. റിക്ടർ സ്‌കെയിലിൽ 4.2 തീവ്രതയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കശ്മീരിലെ ലഡാക്കിലാണ് ഭൂചലനം ഉണ്ടായത്. ഹിമാലയൻ മേഖലയിൽ തുടർച്ചയായി ഉണ്ടാകുന്ന ചലനങ്ങളാണ് ജമ്മുകശ്മീരിലും അനുഭവപ്പെടുന്നതെന്നാണ് കാലാവസ്ഥാ വിഭാഗം വ്യക്തമാക്കിയത്. അതേസമയം കഴിഞ്ഞ ഒന്നരവർഷത്തിനിടെ ഇരുപത്തിയഞ്ചിലേറെ തുടർചലനങ്ങളാണ് ഹിമാലയൻ സംസ്ഥാനങ്ങളിലുണ്ടായത്. ഏറ്റവും കൂടുതൽ തീവ്രത അനുഭവപ്പെട്ടത് മിസോറം-അരുണാചൽ മേഖലയിലായിരുന്നു. 5.1 വരെയാണ് തീവ്രതയുണ്ടായത്. കനത്ത മണ്ണിടിച്ചിലും മേഘവിസ്‌ഫോടനങ്ങൾക്കും പുറമേയാണ് കൃത്യമായ ഇടവേളകളിൽ ഭൂചലനം സംഭവിക്കുന്നത്.

അതേസമയം കഴിഞ്ഞ ദിവസം ഉത്തരാഖണ്ഡിലും അസമിലും ഭൂചലനം റിപ്പോർട്ട് ചെയ്തിരുന്നു. അതിനുപിന്നാലെയാണ് ഇപ്പോൾ കശ്മീരിലും ചലനം അനുഭവപ്പെട്ടത്. ഉത്തരാഖണ്ഡിൽ ജോഷിമഠിൽ റിക്ടർ സ്‌കെയിലിൽ 4.6 തീവ്രതയാണ് രേഖപ്പെടുത്തിയത്. ജോഷിമഠിൽ 31 കിലോമീറ്ററിനുള്ളിലാണ് ഭൂചലനം അനുഭവപ്പെട്ടതെന്ന് നാഷ്ണൽ സെന്റർ ഫോർ സീസ്മോളജി പറഞ്ഞു. കഴിഞ്ഞമാസം അവസാനം അസമിൽ കൊക്രജാറിൽ ഭൂചലനം അനുഭവപ്പെട്ടിരുന്നു. ഉച്ചയ്‌ക്ക് 1:13നാണ് ഭൂചലനം അനുഭവപ്പെട്ടത്. റിക്ടർ സ്‌കെയിലിൽ 4 രേഖപ്പെടുത്തിയ ഭൂചലനമാണിതെന്ന് നാഷണൽ സെന്റർ ഫോർ സീസ്മോളജി അറിയിച്ചിരുന്നു.

Related Articles

Latest Articles