Sunday, May 19, 2024
spot_img

കള്ളപ്പണം വെളുപ്പിക്കല്‍ കേസ്; തൃണമൂല്‍ കോണ്‍ഗ്രസ് എം.പിയും മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ അനന്തരവനുമായ അഭിഷേക് ബാനര്‍ജിക്ക് വീണ്ടും ഇ.ഡി നോട്ടീസ്

കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസ് എം.പി അഭിഷേക് ബാനര്‍ജിക്ക് വീണ്ടും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നോട്ടീസ്. കള്ളപ്പണം വെളുപ്പിച്ചുവെന്ന ആരോപണത്തിലാണ് വീണ്ടും ഇ.ഡിയുടെ നോട്ടീസ് കിട്ടിയത്. ബംഗാളിലെ ഖനന കുംഭകോണവുമായി ബന്ധപ്പെട്ടാണ് കേസ്. ഈ മാസം 21ന് ഹാജരാകണമെന്നാണ് നോട്ടീസില്‍ നിർദ്ദേശിച്ചിരിക്കുന്നത്.

കഴിഞ്ഞദിവസം ദില്ലിയിലെത്താന്‍ അഭിഷേക് ബാനര്‍ജിയോട് നിര്‍ദേശിച്ചിരുന്നുവെങ്കിലും പെട്ടെന്നുള്ള നോട്ടീസില്‍ ഇത്രയും ദൂരം എത്താന്‍ കഴിയില്ലെന്നും ഇക്കഴിഞ്ഞ ആറിന് ദില്ലിയില്‍ എട്ട് മണിക്കൂറോളം ചോദ്യം ചെയ്യലിന് വിധേയനായിരുന്നുവെന്നും അദ്ദേഹം നോട്ടീസിന് മറുപടി നല്‍കി.

കൂടാതെ അഭിഷേക് ബാനര്‍ജിയുടെ ഭാര്യ രുചിര ബാനര്‍ജിക്കും ഇ.ഡി നോട്ടീസ് അയച്ചിരുന്നു. ഈ മാസം ഒന്നിന് ഹാജരാകാനായിരുന്നു ഇ ഡി യുടെ നിര്‍ദേശം. എന്നാല്‍ കോവിഡ് സാഹചര്യമാണെന്നും ചെറിയ കുട്ടികളുള്ളതിനാല്‍ യാത്ര ചെയ്യാന്‍ കഴിയില്ലെന്നും പകരം കൊല്‍ക്കൊത്തയിലെ വീട്ടിലേക്ക് അന്വേഷണ ഏജന്‍സിക്ക് എത്താമെന്നും കാണിച്ച്‌ അവര്‍ മറുപടി നല്‍കി.

മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ അനന്തരവനാണ് അഭിഷേക് ബാനര്‍ജി.

അതേസമയം ബംഗാള്‍ തിരഞ്ഞെടുപ്പിനു മുന്‍പ് ഫെബ്രുവരി 23ന് രുചിരയേയും അവരുടെ സഹോദരിയേയും മറ്റ് കുടുംബാംഗങ്ങളെയും ഇ ഡി ചോദ്യം ചെയ്തിരുന്നു.

Related Articles

Latest Articles