Monday, May 6, 2024
spot_img

ഇ.ഡി റെയ്‌ഡിൽ കുരുങ്ങി ശിവസേനാ എംഎൽഎ; കണ്ടെടുത്തത് പാക്കിസ്ഥാനി ക്രെഡിറ്റ് കാർഡ്

മുംബൈ: ശിവസേന എം‌എൽ‌എ പ്രതാപ് സർ‌നായിക്കിന്റെ വീട്ടിൽ നടന്ന ഇ.ഡി റെയ്‌ഡിൽ പാക്കിസ്ഥാൻ ക്രെഡിറ്റ് കാർഡ് കണ്ടെടുത്തു. കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ട് ഇഡി പ്രതാപ് സർനായിക്കിന്റെ വീട്ടിലും ഓഫീസിലും റെയ്ഡ് നടത്തിയിരുന്നു. ഈ റെയ്‌ഡിലാണ് കാർഡ് കണ്ടെടുത്തത്. കാർഡുമായി ബന്ധപ്പെട്ട കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്. പ്രതാപ് സർ‌നായിക്കിനോട് ഇ.ഡി കാർഡിന്റെ വിശദാംശങ്ങൾ ആവശ്യപ്പെട്ടു. കാർഡ് അനുവദിച്ച ബാങ്കിനെയും ഇ.ഡി ബന്ധപ്പെട്ടു.

ടോപ് ഗ്രൂപ്പ് എന്ന സ്വകാര്യ സ്ഥാപനത്തിന്റെ മറവിൽ 175 കോടി രൂപയുടെ കള്ളപ്പണം വെളുപ്പിച്ചെന്നാണ് സർ‌നായിക്കിനെതിരായ കേസ്. അന്വേഷണത്തിന്റെ ഭാഗമായി സർനായിക്കിന്റെ വസതിയിലും അദ്ദേഹവുമായി ബന്ധമുള്ള പത്തോളം സ്ഥാപനങ്ങളുടെ ഓഫീസുകളിലും ഇ.ഡിയുടെ റെയ്ഡ് നടന്നു. കേസുമായി ബന്ധപ്പെട്ട് സർ‌നായിക്കിന്റെ സഹായി അമിത് ചന്ദോളിനെ എൻഫോഴ്സ്മെന്റ് അറസ്റ്റ് ചെയ്തിരുന്നു.

ശിവസേനയുടെ സംസ്ഥാന വക്താക്കളിൽ ഒരാളും താനേയിലെ ഒവാല-മാജിവാഡയിൽ നിന്നുള്ള എംഎൽഎയുമാണ് പ്രതാപ് സർ‌നായിക്. ഇരുപത് വർഷം മുമ്പ് കേവലം ഓട്ടോറിക്ഷ ഡ്രൈവറായിരുന്ന സർനായികിന്റെ ഇപ്പോഴത്തെ ആസ്തി 144 കോടി രൂപയാണ്.

Related Articles

Latest Articles