Sunday, April 28, 2024
spot_img

ഗുരുതരമായി പരിക്കേറ്റവർക്കും വിദേശികൾക്കുമായി റഫാ അതിർത്തി തുറന്ന് ഈജിപ്ത് ; ആദ്യത്തെ സംഘം പുറത്തെത്തി! രജിസ്റ്റർ ചെയ്ത് കാത്തിരിക്കുന്നത് ഇരട്ട പൗരത്വമുള്ള ഏഴായിരത്തോളം പേർ

ജറുസലം : ഇസ്രയേൽ–ഹമാസ് യുദ്ധം തുടരുന്നതിനിടെ, ഗുരുതരമായി പരിക്കേറ്റവർക്കും വിദേശികൾക്കുമായി റഫാ അതിർത്തി തുറന്ന് ഈജിപ്ത്. റാഫ അതിർത്തി വഴി ഗാസയിൽ നിന്നുള്ള ആദ്യത്തെ സംഘം പുറത്തെത്തി. ഒക്ടോബർ ഏഴിനു യുദ്ധം ആരംഭിച്ചശേഷം ഇതാദ്യമായ‌ാണ് ഈജിപ്ത് റഫാ അതിർത്തി തുറന്നുകൊടുത്തത്. ഗാസയിൽനിന്ന് ആളുകൾക്കു പുറത്തുകടക്കാൻ ഇസ്രയേലിന്റെ നിയന്ത്രണമില്ലാത്ത ഏക അതിർത്തിയാണ് റഫാ. അതെ സമയം ആദ്യ സംഘത്തിൽ എത്ര പേരാണ് ഗാസ വിട്ടതെന്ന കാര്യത്തിൽ വ്യക്തതയില്ല. ഐക്യരാഷ്ട്ര സംഘടനയുടെയും വിവിധ രാജ്യങ്ങളുടെയും ഇടപെടലിനെ തുടർന്ന് ഗാസയിലേക്ക് റഫാ അതിർത്തി കടന്ന് ഇതിനകം 200ലധികം ട്രക്കുകളിൽ സഹായമെത്തിച്ചിട്ടുണ്ടെങ്കിലും, സംഘർഷ ഭൂമിയിൽനിന്ന് ആരെയും അതിർത്തി കടക്കാൻ ഈജിപ്ത് അനുവദിച്ചിരുന്നില്ല.

വിദേശ പൗരൻമാർക്കു പുറമേ, ഇസ്രയേലിന്റെ ആക്രമണത്തിൽ അതീവ ഗുരുതരമായി പരുക്കേറ്റ 81 പലസ്തീൻകാരെയും റഫാ അതിർത്തി കടക്കാൻ അനുവദിക്കുമെന്ന് ഈജിപ്ത് വ്യക്തമാക്കിയിട്ടുണ്ട്. ഇവർക്ക് ഈജിപ്തിലെ ആശുപത്രികളിൽ വിദഗ്ധ ചികിത്സ ഉറപ്പാക്കുകയാണ് ലക്ഷ്യം. റഫാ അതിർത്തി വഴി പുറത്തു കടക്കാനായി ഇരട്ട പൗരത്വമുള്ള ഏഴായിരത്തോളം ആളുകളാണ് പേര് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇവരിൽ 500 പേരെ വീതം ഓരോ ദിവസവും അതിർത്തി വഴി കടക്കാൻ അനുവദിക്കും. 44 രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാരാണ് ഗാസയിൽ അകപ്പെട്ടു പോയിരിക്കുന്നതെന്നാണ് റിപ്പോർട്ട്. ഇതിന് പുറമെ ഗാസയിൽ പ്രവർത്തിക്കുന്ന വിവിധ യുഎൻ സംഘടനകൾ ഉൾപ്പെടെ 28 ഏജൻസികളുടെ പ്രതിനിധികളും അതിർത്തി കടക്കാൻ കാത്തുനിൽക്കുന്നുണ്ട്.

അതേസമയം ഗാസയിൽ സ്ഥിഗതികൾ ഗുരുതരമായി തുടരുകയാണ്. ഭക്ഷ്യക്ഷാമം രൂക്ഷമായതോടെ യുഎൻ ഭക്ഷ്യസംഭരണ കേന്ദ്രങ്ങൾ ജനക്കൂട്ടം ആക്രമിച്ചു. ഗാസ ആരോഗ്യദുരന്തത്തിന്റെ വക്കിലാണെന്നു ലോകാരോഗ്യസംഘടന മുന്നറിയിപ്പു നൽകി.

Related Articles

Latest Articles