കൊച്ചി: സംസ്ഥാനത്തെ 29 തദ്ദേശസ്വയംഭരണ വാർഡുകളിൽ നിന്നും ഉപതെരഞ്ഞെടുപ്പ് ഫലങ്ങൾ പുറത്ത് വന്നു കൊണ്ടിരിക്കുകയാണ്. ആലപ്പുഴ ജില്ലയിലെ കാർത്തികപ്പള്ളി പഞ്ചായത്തിലെ എട്ടാം വാർഡിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ ബിജെപി വിജയിച്ചു. സിപിഎമ്മിന്റെ സിറ്റിങ് സീറ്റാണ് ബിജെപി പിടിച്ചെടുത്തിരിക്കുന്നത്. സിപിഎം അംഗം തുടർച്ചയായി യോഗങ്ങൾക്ക് ഹാജരാകാത്തതിനെ തുടർന്ന് അയോഗ്യനായിരുന്നു. ഇതിന് പിന്നാലെയാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് നടന്നത്. കോൺഗ്രസാണ് രണ്ടാം സ്ഥാനത്ത്. സിപിഎം ഇക്കുറി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരിക്കുന്നത്.
ഇടുക്കി ശാന്തൻപാറ തൊട്ടിക്കാനം ഉപതെരഞ്ഞെടുപ്പിൽ സിപിഎം അംഗം ഇ.കെ.ഷാബു 253 വോട്ടിന് വിജയിച്ചു. എൽ.ഡി.എഫ് സിറ്റിങ് സീറ്റ് ആണിത്. പഞ്ചായത്ത് പ്രസിഡന്റായിരുന്ന ടി.ജെ ഷൈന്റെ മരണത്തെ തുടർന്നായിരുന്നു ഇവിടെ തെരഞ്ഞെടുപ്പ് നടത്തിയത്. ഇടുക്കി കഞ്ഞിക്കുഴി പഞ്ചായത്തിലെ പൊന്നെടുത്താൻ വാർഡും എൽ.ഡി.എഫ് പിടിച്ചെടുത്തു.
കോതമംഗലം കീരംപാറ ഗ്രാമപഞ്ചായത്തിൽ ഉപതെരഞ്ഞെടുപ്പ് നടന്ന ആറാം വാർഡിൽ യുഡിഎഫ് സ്ഥാനാർത്ഥി സാൻ്റി ജോസ് വിജയിച്ചു. യുഡിഎഫിലെ സാൻ്റി ജോസ് എൽഡിഎഫിലെ റാണി റോയിയെ 41 വോട്ടുകൾക്കാണ് പരാജയപ്പെടുത്തിയത്. എൽഡിഎഫ് ഭരിക്കുന്ന പഞ്ചായത്തിൽ പതിമൂന്നംഗ ഭരണസമിതിയിൽ ആറ് വീതം അംഗങ്ങളാണ് ഇരു മുന്നണികൾക്കും ഉണ്ടായിരുന്നത്. യുഡിഎഫ് വിജയിച്ചതോടെ എൽഡിഎഫിന് പഞ്ചായത്ത് ഭരണം നഷ്ടമാകും.

