ദില്ലി: അഞ്ച് സംസ്ഥാനങ്ങളിൽ കടുത്ത തോൽവി ഏറ്റുവാങ്ങേണ്ടി വന്നതിന് പിന്നാലെ പുതിയ നടപടിയുമായി കോണ്‍ഗ്രസ്. പിസിസി അധ്യക്ഷന്‍മാരോട് എഐസിസി അധ്യക്ഷ സോണിയ ഗാന്ധി രാജി ആവശ്യപ്പെട്ടു.
എഐസിസി ജനറല്‍ സെക്രട്ടറി രണ്‍ദീപ് സുര്‍ജേവാലയാണ് ഇക്കാര്യം വ്യക്തമാക്കിയത്. തെരെഞ്ഞെടുപ്പ് നടന്ന അഞ്ച് സംസ്ഥാനങ്ങളായ ഉത്തര്‍പ്രദേശ്, പഞ്ചാബ്, ഉത്തരാഖണ്ഡ്, ഗോവ, മണിപ്പൂര്‍ എന്നിവിടങ്ങളിലെ അധ്യക്ഷന്‍മാരോടാണ് രാജി വയ്ക്കാന്‍ നിര്‍ദേശിച്ചിരിക്കുന്നത്.
അതേസമയം തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് രാജിവയ്ക്കാനാണ് നിര്‍ദേശം നൽകിയിരിക്കുന്നത്. നേരത്തെ എഐസിസി പ്രവര്‍ത്തക സമിതി യോഗം കനത്ത തോല്‍വി വിലയിരുത്തിയിരുന്നു. ഇത് പ്രകാരം നടപടി സ്വീകരിക്കാന്‍ സോണിയ ഗാന്ധിയെ ചുമതലപ്പൈടുത്തിയിരുന്നു.
മാത്രമല്ല പരാജയം നേരിട്ടതോടെ പഞ്ചാബ് പിസിസി അധ്യക്ഷന്‍ നവ്‌ജ്യോത് സിങ് സിദ്ദു ഉള്‍പ്പെടെയുള്ളവര്‍ക്ക് എതിരെ കോണ്‍ഗ്രസില്‍ വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതേതുടർന്ന് പ്രവര്‍ത്തക സമിതി യോഗത്തില്‍ സോണിയ ഗാന്ധി രാജി സന്നദ്ധത അറിയിച്ചിരുന്നു. എന്നാല്‍ നേതൃമാറ്റം വേണ്ടെന്ന് പ്രവര്‍ത്തക സമിതി ഏകകണ്‌ഠേന തീരുമാനിക്കുകയായിരുന്നു.

