Tuesday, May 21, 2024
spot_img

മട്ടന്നൂരിലെ ഇത്തവണത്തെ എൽ ഡി എഫ് വിജയത്തിന് തിളക്കം പോര; പാർട്ടി ശക്തികേന്ദ്രത്തിൽ പോലും ഏഴു സീറ്റുകൾ കുറഞ്ഞു; മുഖ്യമന്ത്രി പിണറായി വിജയന് തലവേദനയായി തെരെഞ്ഞെടുപ്പ് ഫലം; ക്യാപ്റ്റൻ കൂടാരം കേറുമോ?

കണ്ണൂർ: മട്ടന്നൂര്‍ നഗരസഭയില്‍ തുടര്‍ച്ചയായി ആറാം തവണയും എല്‍ഡിഎഫ് ഭരണം പിടിച്ചെങ്കിലും വിജയത്തിന് തിളക്കം പോരെന്ന് വിലയിരുത്തൽ ആഘോഷം മുഴുവന്‍ യുഡിഎഫ് ക്യാമ്പിലാണ്. നഗരസഭ രൂപവത്കരിച്ചത് മുതല്‍ എല്‍ഡിഎഫിന് ഒപ്പം നിന്നിട്ടുള്ള അവരുടെ ശക്തി കേന്ദ്രമായി അറിയപ്പെടുന്ന മട്ടന്നൂരില്‍ സീറ്റ് ഇരട്ടിയാക്കാന്‍ സാധിച്ചതിലാണ് യുഡിഎഫിന്റെ ആഹ്‌ളാദം. സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട വിവാദത്തിൽ എൽ ഡി എഫ് ക്യാപ്റ്റൻ മുഖ്യമന്ത്രിയുടെ ജനപ്രീതി ഇടിയുന്നതിന്റെ സൂചനകൂടിയാണ് ഈ തെരെഞ്ഞെടുപ്പ് ഫലം. കഴിഞ്ഞ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് 7 സീറ്റുകളാണ് എൽ ഡി എഫിന് നഷ്ടമാകുന്നത്. 28 ൽ നിന്നും പാർട്ടി ശക്തികേന്ദ്രത്തിൽ സീറ്റുകളുടെ എണ്ണം 21 ലേക്ക് കൂപ്പുകുത്തിയത് എൽ ഡി എഫ് കേന്ദ്രങ്ങളെ ഞെട്ടിച്ചിട്ടുണ്ട്. നഗരസഭയിലെ 35 വാര്‍ഡുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ 21 സീറ്റുകള്‍ നേടി എല്‍ഡിഎഫ് അധികാരം നിലനിര്‍ത്തിയപ്പോള്‍ 14 സീറ്റുകളിലാണ് യുഡിഎഫിന് നേടാനായത്. മൊത്തം വാര്‍ഡുകളിലെ ഇരുമുന്നണികളുടേയും വോട്ട് വ്യത്യാസം കണക്കാക്കുമ്പോള്‍ നാലായിരത്തോളം വോട്ടുകളുടെ മുൻ‌തൂക്കം മാത്രമാണ് എല്‍ഡിഎഫിനുള്ളത്.

2012-ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ 14 വാര്‍ഡുകള്‍ നേടിയതാണ് യുഡിഎഫ് മട്ടന്നൂരില്‍ നേടിയ ഏറ്റവും മികച്ച പ്രകടനം. 2010-ലെ തദ്ദേശ പൊതു തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് യുഡിഎഫ് തീര്‍ത്ത തരംഗത്തിന്റെ അലയൊലികളുടെ ഭാഗമായിരുന്നു ഇതും. ആറില്‍ നിന്നാണ് അന്ന് 14ലേക്ക് ഉയര്‍ന്നത്. എന്നാല്‍ 2017-ല്‍ ഏഴിലേക്ക് കൂപ്പുകുത്തി യുഡിഎഫ്. നഷ്ടപ്പെട്ട സീറ്റുകള്‍ തിരിച്ചുപിടിക്കലായിരുന്നു ഇത്തവണ യുഡിഎഫിന്റെ പ്രഥമ പരിഗണന. ആ ലക്ഷ്യം കൈവരിക്കാനായതാണ് യുഡിഎഫിന്റെ പ്രധാന നേട്ടം. ഒപ്പം തൃക്കാക്കരക്ക് പിന്നാലെ നടന്ന സുപ്രധാന രാഷ്ട്രീയ പോരില്‍ ഇടതുകോട്ടയ്ക്ക് ഇളക്കമുണ്ടാക്കിയതിന്റേയും ആവേശത്തിലാണ് സംസ്ഥാനത്തുടനീളമുള്ള യുഡിഎഫ് പ്രവര്‍ത്തകരും നേതൃത്വവും.

ചൂടേറിയ പ്രചാരണം തന്നെയായിരുന്നു ഇത്തവണ മുന്നണികളെല്ലാം നടത്തിയിരുന്നത്. പ്രമുഖ നേതാക്കളെയെല്ലാം കൊണ്ടുവന്ന് ഊര്‍ജിതമായ പ്രചാരണമാണ് മൂന്നു മുന്നണികളും നടത്തിയത്. മന്ത്രിമാരായ എം.വി.ഗോവിന്ദന്‍, പി.എ.മുഹമ്മദ് റിയാസ്, അഹമ്മദ് ദേവര്‍കോവില്‍, സി.പി.എം. പി.ബി. അംഗം എ.വിജയരാഘവന്‍ തുടങ്ങിയവര്‍ എല്‍.ഡി.എഫിന്റെ പ്രചാരണത്തിന് എത്തി. പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍, പി.കെ.കുഞ്ഞാലിക്കുട്ടി, കെ.മുരളീധരന്‍ എം.പി. തുടങ്ങിയവര്‍ യു.ഡി.എഫ് പ്രചാരണത്തിന് ഉണ്ടായിരുന്നു. ഒപ്പം യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം ക്യാമ്പ് ചെയ്ത് തന്നെ പ്രവര്‍ത്തനം നടത്തിയിരുന്നു. സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍, കുമ്മനം രാജശേഖരന്‍, എ.പി.അബ്ദുള്ളക്കുട്ടി തുടങ്ങിയവരാണ് ബി.ജെ.പി.യുടെ പ്രചാരണത്തിനായി എത്തിയത്.

Related Articles

Latest Articles