Monday, April 29, 2024
spot_img

ട്വിറ്ററിന്റെ വിലയെത്രയെന്ന് ഇലോൺ മസ്ക്; മോഹവില വാഗ്ദാനം നൽകിയ ശത കോടീശ്വരന്റെ ലക്ഷ്യമെന്ത്? ആകാംഷയോടെ ബിസിനസ് ലോകം

സാന്‍ ഫ്രാന്‍സിസ്‌കോ: വൻതോതിൽ ഓഹരികൾ സ്വന്തമാക്കി വൻകിട കോർപറേറ്റുകളെ വിഴുങ്ങുന്ന വിപണിയിലെ വമ്പന്മാരുടെ കഥകൾ തുടരുന്നു. ആഗോള ശതകോടീശ്വരനായ ഇലോണ്‍ മസ്‌ക് സാമൂഹിക മാധ്യമ കമ്പനിയായ ‘ട്വിറ്ററി’നെ ഏറ്റെടുക്കാന്‍ താത്പര്യം അറിയിച്ചു. ഓഹരിയൊന്നിന് 54.20 ഡോളര്‍(ഏകദേശം 4133 രൂപ)ആണ് വാഗ്ദാനം ചെയ്തിരിക്കുന്നത്. ഏപ്രില്‍ ഒന്നിലെ കമ്പനിയുടെ ഓഹരിവിലയേക്കാള്‍ 38 ശതമാനം കൂടുതലാണ് വാഗ്ദാനം ചെയ്തിരിക്കുന്നത്. ഇത് അമേരിക്കന്‍ ഓഹരിവിപണി റെഗുലേറ്ററിനെ ഔദ്യോഗികമായി അറിയിക്കുകയും ചെയ്തിട്ടുണ്ട്.ഇതനുസരിച്ചു കമ്പനിയുടെ മൂല്യം 4,139 കോടി ഡോളര്‍ വരും. അതായത്, ഏതാണ്ട് 3.10 ലക്ഷം കോടി രൂപ വരും. അന്തിമ വാഗ്ദാനമാണ് ഇതെന്നും വില ഇനി കൂടില്ലെന്നും ഇലോണ്‍ മസ്‌ക് പറഞ്ഞു. ഇടപാട് നടന്നില്ലെങ്കില്‍ കമ്പനിയില്‍ ഓഹരിയുടമയായി തുടരണമോ എന്ന് ആലോചിക്കേണ്ടിവരുമെന്നും അദ്ദേഹം മുന്നറിയിപ്പു നല്‍കി. കമ്പനി താന്‍ നല്‍കിയ വാഗ്ദാനം നിരസിക്കുന്ന പക്ഷം തന്റെ പക്കല്‍ പ്ലാന്‍ ബിയുണ്ടെന്ന മുന്നറിയിപ്പും മസ്‌ക് നല്‍കിയിട്ടുണ്ട്.

സോഷ്യൽ മീഡിയ രംഗത്ത് തന്റെ ചുവടുവെക്കാനൊരുങ്ങുന്ന മസ്ക് ട്വിറ്ററിനെ വിഴുങ്ങാനൊരുന്നതായാണ് വിലയിരുത്തൽ. നേരിട്ടുമല്ലാതെയും ഇലോൺ മസ്ക് ട്വിറ്ററിന്റെ ഓഹരികൾ വൻതോതിൽ സ്വന്തമാക്കിയിരുന്നു. കമ്പനിയുടെ 26 ശതമാനം ഓഹരികൾ മസ്കിന്റെ കയ്യിലുണ്ടെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ മസ്‌കിന്റെ ഓഫറിന്റെ ‘തടവിലല്ല’ ട്വിറ്ററെന്ന്‌ വ്യക്തമാക്കി സി.ഇ.ഒ പരാഗ് അഗ്രവാള്‍ ജീവനക്കാര്‍ക്ക് മറുപടി നല്‍കി. മസ്‌കിന്റെ നീക്കത്തിന് പിന്നാലെ ഇതേക്കുറിച്ച് ജീവനക്കാരില്‍ നിന്നുയര്‍ന്ന ചോദ്യത്തിനാണ് അഗ്രവാള്‍ ഈ മറുപടി നല്‍കിയത്. മസ്‌കിന്റെ വാഗ്ദാനം സ്വീകരിക്കണോ എന്ന് കമ്പനി ബോര്‍ഡ് വിലയിരുത്തി തീരുമാനമെടുക്കുമെന്നും അദ്ദേഹം അറിയിച്ചു

Related Articles

Latest Articles