Sunday, May 5, 2024
spot_img

പാറമടകളിൽ നിന്ന് കമ്മീഷനും കൈക്കൂലിയും; സിപിഐഎം ജില്ലാ നേതാവിനെതിരെ അന്വേഷണം പ്രഖ്യാപിച്ച് പാർട്ടി

തിരുവനന്തപുരം: പാറമടകളിൽ നിന്നും, ലോറിക്കാരിൽ നിന്നുംകൈക്കൂലിയും കമ്മീഷനും വാങ്ങുന്നു എന്ന ആരോപണത്തില്‍ ജില്ലാ നേതാവിനെതിരെ അന്വേഷണം പ്രഖ്യാപിച്ച് പാർട്ടി. സപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി അംഗം മടവൂര്‍ അനിലിന് എതിരെയാണ് അന്വേഷണം. അന്വേഷണത്തിനായി മൂന്നംഗ കമ്മീഷനെയും പാര്‍ട്ടി ജില്ലാ കമ്മിറ്റി നിയോഗിച്ചു. കേരളാ മൈനിങ് കോര്‍പ്പറേഷന്‍ ചെയര്‍മാനാണ് മടവൂര്‍ അനില്‍. സിപിഎം നേതാവ് ആനത്തലവട്ടം ആനന്ദന്റെ ഭാര്യാ സഹോദരിയുടെ മകന്‍ രഞ്ജിത്ത് ഭാസിയാണ് പരാതി നല്‍കിയത്. നഗരൂര്‍ കടവിളയില്‍ വിഴിഞ്ഞം പോര്‍ട്ട് നിര്‍മാണത്തിനായി അദാനിക്കുവേണ്ടി പാറ ഖനനം നടത്തുന്ന ക്വാറി പ്രവർത്തിക്കുന്നുണ്ട്. ഇതിലെ ട്രാന്‍സ്‌പോര്‍ട്ടിങ് കരാറുകാരനാണ് പരാതിക്കാരനായ രഞ്ജിത്ത് ഭാസി. തൊഴിലാളികള്‍ക്ക് കിലോമീറ്ററിന് നാല് രൂപ 50 പൈസ നിരക്കിലാണ് ലോഡ് കയറ്റി വിടുന്നത്. ചില വാഹനങ്ങള്‍ക്ക് 5 രൂപ 25 പൈസയാണ് ഈടാക്കുന്നത്. കൂടുതല്‍ ഈടാക്കുന്നത് പാര്‍ട്ടിക്കുള്ള കമ്മീഷനായി എടുക്കുന്നുവെന്നാണ് പരാതി.

ആനത്തലവട്ടം ആനന്ദന്‍ നേരിട്ടാണ് പരാതി ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന് കൈമാറിയത്. പാര്‍ട്ടി സംസ്ഥാന സമ്മേളനം എറണാകുളത്ത് നടക്കുന്ന സമയത്തായിരുന്നു കമ്മീഷന്‍ രൂപീകരിച്ച് അന്വേഷണവുമായി പാര്‍ട്ടി മുന്നോട്ട് പോയത്. ഒരു മാസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് കൈമാറാനാണ് നിര്‍ദേശം. ജില്ലാ സെക്രട്ടേറിയറ്റ് അംഗം ബി.പി മുരളിയാണ് അന്വേഷണ കമ്മീഷന്‍ കണ്‍വീനര്‍. വര്‍ക്കല എംഎല്‍എ വി. ജോയി, ആറ്റിങ്ങലില്‍ നിന്നുള്ള ജില്ലാ സെക്രട്ടേറിയറ്റ് അംഗം ആര്‍. രാമു എന്നിവരുള്‍പ്പെടുന്നതാണ് അന്വേഷണ കമ്മീഷന്‍. കിളിമാനൂര്‍ മുന്‍ ഏരിയാ സെക്രട്ടറിയാണ് ആരോപണ വിധേയനായ മടവൂര്‍ അനില്‍.

Related Articles

Latest Articles