Thursday, May 16, 2024
spot_img

കുങ്കികളെ കാണുമ്പോൾ ഒഴിഞ്ഞുമാറുന്നു, സഞ്ചാരം മറ്റൊരു മോഴയാനയ്‌ക്കൊപ്പം; ദൗത്യസംഘത്തിന് വെല്ലുവിളി?

വയനാട്: മാനന്തവാടിയിൽ ജനവാസമേഖലയിൽ ഇറങ്ങിയ കൊലയാളി കാട്ടാന ബേലൂർ മഖ്‌നയെ പിടികൂടുന്നതിനായുള്ള ദൗത്യം നാലാം ദിവസത്തിലേക്ക്. ആനയ്ക്കായി രാവിലെ മുതൽ വനംവകുപ്പ് തിരച്ചിൽ ആരംഭിച്ചു. റേഡിയോ കോളറിൽ നിന്നും സിഗ്നൽ ലഭിക്കുന്ന സ്ഥലം കേന്ദ്രീകരിച്ചാണ് ആനയെ കണ്ടെത്താനുള്ള ശ്രമം പുരോഗമിക്കുന്നത്.

നിലവിൽ ആനയുടെ നീക്കങ്ങൾ അധികൃതർ സൂക്ഷ്മമായി നിരീക്ഷിക്കുകയാണ്. കഴിഞ്ഞ ദിവസം രാത്രി ആന കർണാടക അതിർത്തിക്ക് ഏറെ അടുത്ത് എത്തിയിരുന്നെങ്കിലും പിന്നീട് കേരള കാടുകളിലേക്ക് തന്നെ നീങ്ങുകയായിരുന്നു. ഇതോടെ രാത്രി മയക്കുവെടിവയ്ക്കാൻ അധികൃതർക്ക് കഴിഞ്ഞില്ല. തുടർന്ന് മൂന്നാം ദിവസത്തെ ദൗത്യം ഉപേക്ഷിക്കുകയായിരുന്നു. വിവിധ സംഘങ്ങളായി തിരിഞ്ഞ്, കാടിന്റെ പലഭാഗത്താണ് നിലവിൽ പരിശോധന നടക്കുന്നത്.

ആനയെ മയക്കുവെിടവയ്ക്കാൻ സ്ഥലവും സന്ദർഭവും കൃത്യമാകണം. എന്നാൽ കഴിഞ്ഞ മൂന്ന് ദിവസവും ഇതിനായുള്ള അവസരം ലഭിച്ചില്ല. ഇതോടെയാണ് ദൗത്യം നാലാം ദിവസത്തിലേക്ക് നീണ്ടത്. അഞ്ച് കിലോമീറ്റർ ചുറ്റളവിൽ തമ്പടിച്ചിട്ടുള്ള ആന, കുങ്കികളെ കാണുമ്പോൾ ഒഴിഞ്ഞു മാറുകയാണെന്ന് അധികൃതർ അറിയിച്ചു. നിലവിൽ മറ്റൊരു മോഴയ്‌ക്കൊപ്പമാണ് ആന സഞ്ചരിക്കുന്നത്.

അതേസമയം, ദൗത്യസംഘത്തിന് മുന്നിൽ കടുവയും പുലിയുമടക്കമുള്ള വന്യമൃഗങ്ങൾ എത്തുന്നുണ്ട്. ഇതും ആനയെ പിടികൂടാൻ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. മറുവശത്ത് ആനയെ പിടികൂടുന്നത് വൈകുന്നതിൽ വലിയ പ്രതിഷേധമാണ് ജനങ്ങളിൽ നിന്നും ഉയരുന്നത്.

Related Articles

Latest Articles