Tuesday, October 27, 2026

“വെട്ടിയ മഴു മറന്നാലും വെട്ടേറ്റ മരം മറക്കില്ല…എഡിജിപി എംആർ അജിത് കുമാറിന്റെ സസ്പെൻഷനിൽ യുഡിഎഫ് സർക്കാരിനെ പ്രശംസിച്ച് എ.ഡി. തോമസ് എംഎൽഎ

തിരുവനന്തപുരം: ആലപ്പുഴയിലെ രക്ഷാപ്രവർത്തന കേസ് അട്ടിമറിച്ച സംഭവത്തിൽ എഡിജിപി എം.ആർ. അജിത് കുമാറിനെ സസ്പെൻഡ് ചെയ്ത യുഡിഎഫ് സർക്കാരിന്റെ തീരുമാനത്തെ പ്രശംസിച്ച് എ.ഡി. തോമസ് എംഎൽഎ. കേരളത്തിലെ പൊതുജനങ്ങൾക്ക് നൽകിയ വാഗ്ദാനം സർക്കാർ പാലിച്ച ദിനമാണിതെന്നും, എന്തിനാണ് ജനങ്ങൾ ഈ സർക്കാരിനെ തിരഞ്ഞെടുത്തതെന്ന് വ്യക്തമാക്കുന്ന നടപടിയാണിതെന്നും അദ്ദേഹം പറഞ്ഞു. “വെട്ടിയ മഴു മറന്നാലും വെട്ടേറ്റ മരം മറക്കില്ല” എന്ന് ഓർമ്മിപ്പിച്ച എംഎൽഎ, മുൻ ഭരണകാലത്ത് ഏറ്റത് കേരളത്തിന്റെ പൊതുമനസാക്ഷിക്കാണെന്നും ഇനി പ്രതിഷേധിക്കുന്ന യുവജനങ്ങളുടെ തല തല്ലിപ്പൊളിച്ച് അതിനെ ‘രക്ഷാപ്രവർത്തനം’ എന്ന് വാഴ്ത്തിപ്പാടാമെന്ന് ആരും കരുതേണ്ടതില്ലെന്നും വ്യക്തമാക്കി.

പി. ശശിമാർക്കും എം.ആർ. അജിത് കുമാർമാർക്കും സർക്കാർ നൽകുന്ന വ്യക്തമായ മുന്നറിയിപ്പാണിതെന്നും, എഡിജിപിക്കെതിരെ വരുംദിവസങ്ങളിൽ കൂടുതൽ നടപടികൾ ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ നവകേരള സദസ്സിനിടെ പ്രതിഷേധിച്ച കെഎസ്‌യു, യൂത്ത് കോൺഗ്രസ് പ്രവർത്തകരെ സുരക്ഷാ ഉദ്യോഗസ്ഥർ ക്രൂരമായി മർദ്ദിച്ച കേസിന്റെ ഡയറി തിരുത്താൻ എഡിജിപിയുടെ ഓഫീസിൽ വച്ച് ഭീഷണിപ്പെടുത്തിയെന്ന വിചാരണ സംഘത്തിന്റെ വെളിപ്പെടുത്തലിന് പിന്നാലെയാണ് സർക്കാരിന്റെ സസ്പെൻഷൻ നടപടി. വരാനിരിക്കുന്ന ഡിജിപി സ്ഥാനക്കയറ്റത്തിന് തൊട്ടുമുമ്പ് ഉണ്ടായ ഈ നിർണ്ണായക നടപടിയെ രാഷ്ട്രീയാതിർവരമ്പുകൾക്കതീതമായി ജനാധിപത്യപരമായ അവകാശങ്ങൾക്ക് ലഭിച്ച വിജയമായാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.

Related Articles

Latest Articles