Thursday, November 12, 2026

ഇറാന്റെ ആണവ മിസൈൽ ശേഷി പൂർണ്ണമായും തകർത്തു!!! യുദ്ധം ഉടൻ അവസാനിക്കുമെന്ന് ബെഞ്ചമിൻ നെതന്യാഹു ; ഹോർമുസ് കടലിടുക്കിന് പകരമായി അറേബ്യൻ പെനിൻസുലയിലൂടെ ഇസ്രായേൽ തുറമുഖങ്ങളിലേക്ക് പുതിയ പൈപ്പ്‌ലൈനുകൾ നിർമ്മിക്കാനും പദ്ധതി

ജറുസലേം :ഇറാനെതിരെ തുടരുന്ന സംയുക്ത സൈനിക നീക്കത്തിലൂടെ ആണവ, മിസൈൽ ശേഷികൾ പൂർണ്ണമായും തകർത്തതായി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു . ഇറാന് ഇനി യുറേനിയം സമ്പുഷ്ടീകരിക്കാനോ ബാലിസ്റ്റിക് മിസൈലുകൾ നിർമ്മിക്കാനോ ഉള്ള ശേഷിയില്ലെന്ന് അദ്ദേഹം പറഞ്ഞു. അമേരിക്കയുമായി ചേർന്ന് നടത്തുന്ന സൈനിക നടപടിയിലൂടെ ഇറാന്റെ യുദ്ധസജ്ജീകരണങ്ങളെ നിഷ്ക്രിയമാക്കിയെന്നും മേഖലയിൽ ഇസ്രായേൽ വലിയ വിജയം കൈവരിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം ജറുസലേമിൽ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.

ഇറാന്റെ മിസൈൽ ശേഖരവും ഡ്രോൺ ആയുധപ്പുരകളും തകർത്തതിന് പിന്നാലെ, അവ നിർമ്മിക്കുന്ന ഫാക്ടറികളെയും വ്യവസായ കേന്ദ്രങ്ങളെയുമാണ് നിലവിൽ ലക്ഷ്യം വെക്കുന്നത്. ഇറാന്റെ സൈനിക അടിത്തറ തന്നെ ഇല്ലാതാക്കുന്ന നടപടികളാണ് പുരോഗമിക്കുന്നത്. അമേരിക്കയുമായി ചേർന്നുള്ള ഈ നീക്കം ലോകത്തെ മുഴുവൻ സംരക്ഷിക്കുന്നതിന് വേണ്ടിയാണെന്നും നെതന്യാഹു കൂട്ടിച്ചേർത്തു.

ഇറാനിലെ ഭരണമാറ്റത്തെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക്, അത് തീരുമാനിക്കേണ്ടത് അവിടുത്തെ ജനങ്ങളാണെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. വ്യോമാക്രമണത്തിലൂടെ മാത്രം ഒരു ഭരണകൂടത്തെ മാറ്റാൻ കഴിയില്ലെന്നും അതിന് കരസേനയുടെ ഇടപെടൽ കൂടി ആവശ്യമാണെന്നും അദ്ദേഹം സൂചിപ്പിച്ചു. എന്നാൽ നിലവിലെ സാഹചര്യത്തിൽ ഭരണമാറ്റത്തിന് അനുകൂലമായ അന്തരീക്ഷം ഒരുക്കാൻ ഇസ്രായേലിന് കഴിഞ്ഞിട്ടുണ്ട്. ഇറാനിലെ ജനങ്ങൾ ഈ സാഹചര്യം പ്രയോജനപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.

ആഗോള എണ്ണവിപണിയിലെ അനിശ്ചിതത്വം പരിഹരിക്കാൻ ഹോർമുസ് കടലിടുക്കിന് പകരമായി അറേബ്യൻ പെനിൻസുലയിലൂടെ ഇസ്രായേൽ തുറമുഖങ്ങളിലേക്ക് പുതിയ പൈപ്പ്‌ലൈനുകൾ നിർമ്മിക്കുന്ന പദ്ധതിയും നെതന്യാഹു മുന്നോട്ടുവെച്ചു. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പുമായി ചേർന്ന് നടത്തുന്ന ഈ യുദ്ധം പ്രതീക്ഷിച്ചതിലും വേഗത്തിൽ അവസാനിക്കുമെന്ന ആത്മവിശ്വാസവും അദ്ദേഹം പ്രകടിപ്പിച്ചു. ഇറാന്റെ ഭീഷണിയിൽ നിന്നും ലോകത്തെ മോചിപ്പിക്കാനുള്ള ഏക വഴി ഈ പങ്കാളിത്തമാണെന്നും അദ്ദേഹം ആവർത്തിച്ചു.

Related Articles

Latest Articles