Friday, May 17, 2024
spot_img

“എല്ലാവർക്കും വേണ്ടത് പണമാണ്, എല്ലാത്തിലും വലുത് പണമാണ്” ; യുവ ഡോക്ടറുടെ ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്ത് പോലീസ് ; ജീവനൊടുക്കിയത് അനസ്തേഷ്യ മരുന്ന് കുത്തിവെച്ചെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോർട്ട്

തിരുവനന്തപുരം : മെഡിക്കൽ കോളേജിലെ യുവ ഡോക്ടറുടെ മരണം ആത്മഹത്യയെന്ന് സ്ഥിരീകരിച്ച് പൊലീസ്. ഷഹാനയുടെ ആത്മഹത്യക്കുറിപ്പ് പോലീസ് കണ്ടെത്തിയിരുന്നു. “എല്ലാവർക്കും വേണ്ടത് പണമാണ്, എല്ലാത്തിലും വലുത് പണമാണ്” നൊമ്പരങ്ങളൊക്കെയും ചുരുങ്ങിയ വാക്കുകളില്‍ എഴുതിവച്ചാണ് 26 കാരി ഡോ. ഷഹാന ജീവനൊടുക്കിയത്.

അതേസമയം, ഷഹാന ആത്മഹത്യ ചെയ്തത് സുഹൃത്തായ ഡോക്ടര്‍, സ്ത്രീധനത്തിന്റെ പേരില്‍ വിവാഹ വാഗ്ദാനത്തില്‍ നിന്ന് പിന്മാറിയതിന് കൊണ്ടാണെന്ന് കുടുംബം ആരോപിച്ചു. ഭീമമായ സ്ത്രീധനം ചോദിച്ചിരുന്നു. ഇത് നല്‍കിയില്ലെങ്കില്‍ വിവാഹം നടക്കില്ലെന്ന് അറിയിച്ചെന്നും മകൾ ഇതിന്റെ പേരില്‍ മനോവിഷമത്തിലായിരുന്നെന്നും ഷഹാനയുടെ കുടുംബം പറയുന്നു.

തിരുവനന്തപുരം മെഡിക്കൽ കോളേജിലെ സർജറി വിഭാഗം പിജി വിദ്യാർത്ഥിനിയായിരുന്നു ഷഹാന. തിങ്കളാഴ്ച രാത്രി 11.30-ഓടെയാണ് അപ്പാർട്ട്മെന്റിലെ മുറിയിൽ നിന്നും ഷഹാനയെ അബോധാവസ്ഥയിൽ കണ്ടെത്തിയത്. സഹപാഠികളാണ് അബോധവസ്ഥയിൽ ഷഹാന കിടക്കുന്നതായി പൊലീസിനെ അറിയിച്ചത്. ഉടൻ തന്നെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായിരുന്നില്ല. അതേസമയം, അനസ്തേഷ്യ മരുന്ന് കുത്തിവച്ചാണ് യുവ ഡോക്ടര്‍ ജീവനൊടുക്കിയതെന്നും പൊലീസ് വ്യക്തമാക്കി. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലാണ് അനസ്തേഷ്യ മരുന്ന് കൂടുതലായി കുത്തിവച്ചതാണ് മരണകാരണമെന്ന് വ്യക്തമായത്.

Related Articles

Latest Articles