Saturday, April 20, 2024
spot_img

ഓരോ തിരഞ്ഞെടുപ്പ് നടക്കുമ്പോഴും, വോട്ടിംഗ് മെഷീൻ ഹാക്കിംഗ് എന്നൊരു ചർച്ച നടക്കും. എന്താണിതീലെ സത്യം?.. ഇ വി എം, അഥവാ ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ സുരക്ഷിതമാണോ.?


തിരഞ്ഞെടുപ്പ് സമയത്തെ ഒരു സ്ഥിരം ചർച്ചയാണ്, ഇവിഎം ഹാക്കിംഗ് അഥവാ തിരഞ്ഞെടുപ്പ് അട്ടിമറി. എന്താണിതിലെ യാഥാർത്ഥ്യം?.. ‘ഇലക്ട്രോണിക്ക് വോട്ടിങ്ങ് മെഷീനുകൾ ഹാക്ക്’ ചെയ്യാൻ സാധിക്കുമോ..? വിശദമായി ഈ വിഷയം ഒന്ന് പരിശോധിക്കുകയാണിവിടെ.

ആദ്യമായി പറയട്ടെ, പരിപൂർണമായി കുറ്റമറ്റ ഒരു ഇലക്ട്രോണിക് ഉപകരണവും ഈ ഭൂലോകത്തില്ല. നമ്മുടെ ഇലക്ട്രോണിക് വോട്ടിങ് മെഷീനുകൾക്കും ഇത്തരം സാങ്കേതിക തകരാറുകൾ ബാധകമാണ്. കേട്ടിട്ടില്ലേ, പല ബൂത്തുകളിലും, ഇലക്ഷനിൽ വോട്ടിങ്ങ് യന്ത്രം പണി മുടക്കിയ വാർത്തകൾ വരുന്നത്. കാരണം ഇത് ചെറിയ ഒരു ഉപകരണമാണ്. ഒരു കമ്പ്യൂട്ടർ ചിപ്പ് ഘടിപ്പിച്ച ഉപകരണം. ചിലപ്പോൾ പണി തരും. പക്ഷേ നമ്മുടെ തിരഞ്ഞെടുപ്പ് രീതി അനുസരിച്ച്, ഈ പറയുന്ന ഹാക്കിംഗ് ഒരു തരത്തിലും നടപ്പില്ല. അത് ഉറപ്പാണ്.

(സാങ്കേതികമായി, അഥവാ മനപ്പൂർവം സോഫ്ട്‍വെയറുകളിൽ കൃത്രിമ ഫലം കാണിക്കുന്ന ഡിസ്‌പ്ലെ എങ്ങനെ കാണിക്കാം എന്നതിനെ പറ്റി വിശദമായ വീഡിയോകളും ലേഖനങ്ങളും ഇന്റർനെറ്റിൽ ലഭ്യമാണ്. പക്ഷെ, മെഷീനുകൾക്ക് നെറ്റ് കണക്ഷൻ വേണം, അതിലേക്ക് പിന്നെ വരാം)

എന്താണ് EVM..? അത് സുരക്ഷിതമാണോ?.
……………………………………………………………
ബാലറ്റ്, കൺട്രോൾ എന്നിങ്ങനെ രണ്ടു കേവല യൂണിറ്റുകൾ മാത്രം അടങ്ങിയ ഒരു സിസ്റ്റമാണ് നമ്മുടെ പാവം ഇവിഎം. ബാലറ്റ് യൂണിറ്റിൽ സ്ഥാനാർത്ഥികളുടെ പേരു വിവരങ്ങൾ പ്രദർശിപ്പിക്കാനും അവയിൽ നിന്നും സ്ഥാനാർത്ഥികളെ തിരഞ്ഞെടുക്കാനും ഉള്ള ഓപ്‌ഷനുകളാണ് ഉള്ളത്. കൺട്രോൾ യൂണിറ്റ്, ഒരു മൈക്രോ പ്രൊസസർ, മെമ്മറി , ഡിസ്‌പ്ളേ എന്നിവ ഉള്ളതും.

ഒരൊറ്റ പ്രാവശ്യം മാത്രം പ്രോഗ്രാം ചെയ്യാവുന്ന ഒന്നാണ് ഇതിലെ മൈക്രോ പ്രൊസസർ. എങ്ങനെ സ്ഥാനാർഥി വിവരങ്ങൾ സ്റ്റോർ ചെയ്യണം, എങ്ങനെ വോട്ടു കൗണ്ട് ചെയ്യണം, എങ്ങനെ തിരഞ്ഞെടുപ്പ് ഫലം പ്രദർശിപ്പിക്കണം തുടങ്ങിയ സർവതും ഈ മൈക്രോ പ്രൊസസറിൽ പ്രോഗ്രാം ചെയ്ത് വച്ചിരിക്കുന്നു. (അതിൽ പിന്നെ മാറ്റം വരുത്താനാവില്ല)

ചുരുക്കത്തിൽ, ഒരു ചിന്ന കമ്പ്യൂട്ടർ. നേരത്തെ പറഞ്ഞത് പോലെ രണ്ടാമതൊരിക്കൽ കൂടി ഈ മൈക്രോ പ്രൊസസർ പ്രോഗ്രാം ചെയ്യാൻ സാധിക്കില്ല. അതിന് ഫോർമാറ്റ് ചെയ്യേണ്ടി വരും. കൺട്രോൾ യൂണിറ്റ് മുഴുവനായോ അല്ലെങ്കിൽ പ്രൊസസർ മാത്രമായോ മാറ്റി വക്കുക മാത്രമാണ് പിന്നുള്ള മാർഗം.

തങ്ങൾക്ക് ഇഷ്ടമുള്ള ബട്ടണിൽ ഒരു പ്രത്യേക സമയം കഴിഞ്ഞോ, തീയതി കഴിഞ്ഞ, നിശ്ചിത വോട്ടുകൾ കഴിഞ്ഞോ ഒക്കെ വോട്ടുകളിൽ ക്രമക്കേട് നടത്തുന്ന വിധം പ്രോഗ്രാം ചെയ്യാൻ ഒരു ശരാശരി പ്രോഗ്രാമറെ കൊണ്ടുപോലും സാധിക്കും. പക്ഷെ അത് ഓരോരോ മെഷീനുകളിലെ മൈക്രോ ചിപ്പിലും, പ്രത്യേകമായി ചെയ്യേണ്ടി വരും.

മറ്റൊരു ഓപ്‌ഷൻ ബ്ലൂ ടൂത്ത് ഘടിപ്പിച്ച പ്രത്യേക തരം ഡിസ്‌പ്ലെകൾ യഥാർത്ഥ ഡിസ്‌പ്ളേക്കു പകരം ‘വച്ച്’ പിടിപ്പിക്കുകയാണ്. ഇതിലൂടെ വോട്ടെണ്ണൽ സമയത്ത് കാണിക്കുന്ന ഫലം അട്ടിമറിക്കാൻ സാധിക്കും. അതും ഹാക്കിംഗ് തന്നെയാണ്. അപ്പോൾ, ഇവിഎം പൂർണ്ണമായും സുരക്ഷിതമല്ലെന്ന് വേണമെങ്കിൽ പറയാം, അതും വെറും വാദത്തിന് വേണ്ടി മാത്രം. സത്യം അതല്ല.

“EVM, ബാലറ്റിനേക്കാൾ സുരക്ഷിതമാണ്”
…………………………………………………………
ഇന്ത്യയുടെ തിരഞ്ഞെടുപ്പ് കമ്മീഷൻ തികച്ചും സ്വതന്ത്രമായി പ്രവർത്തിക്കുന്ന ഒരു ബോഡി ആണ്. അതിന്റെ ശക്തി എന്താണന്ന് ടി.എൻ ശേഷൻ ആ പദവിയിൽ എത്തിയപ്പോൾ നാം കണ്ടതുമാണ്. മാത്രമല്ല, തിരഞ്ഞെടുപ്പ് ജോലികൾക്ക്, കമ്മീഷന് സ്ഥിരം ജോലിക്കാരുമില്ല, വ്യവസ്ഥയുമില്ല. മറിച്ച് സമയമാവുമ്പോൾ അതത് സംസ്ഥാനങ്ങളിൽ നിന്നുള്ള വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർക്ക് സ്പെഷ്യൽ ഡ്യൂട്ടി കൊടുക്കുകയാണ് പതിവ്.

അതായത്, ഓരോ മണ്ഡലത്തിലേയും സ്ഥാനാർത്ഥികളുടെ വിവരങ്ങൾ വോട്ടിങ്ങ് മെഷീനിൽ ചേർക്കുന്നത് അതത് മണ്ഡലങ്ങളിൽ ‘ഉത്തരവാദിത്വം’ ഉള്ളവരാണ്. ഇതൊക്കെ കർശന മേൽനോട്ടത്തിൽ രാഷ്ട്രീയക്കാരുടെ പ്രതിനിധികളുടെ സാന്നിദ്ധ്യത്തിൽ ഉദ്യോഗസ്ഥർ നടത്തുന്ന ജോലികളാണ്. ഇതിൽ കൈകടത്തുക അസാദ്ധ്യം തന്നെയാണ്. അത് സുപ്രീം കോടതി വരെ അംഗീകരിച്ചതുമാണ്. (വിശദമായി ഇത് തന്നെ വീണ്ടും പറയാം)

ഇന്ത്യൻ തിരഞ്ഞെടുപ്പ് എത്ര സുരക്ഷിതമാണ്?.
………………………………………………………………..
നമ്മളുടെ ഇലക്ഷനുകളുടെ സുരക്ഷ ഒന്ന് വിലയിരുത്താം. ഏത് തരം ക്രമക്കേടുകളും മറികടക്കാൻ പാകത്തിനാണ് നമ്മുടെ ഇലക്ഷൻ സിസ്റ്റം രൂപപ്പെടുത്തിയിരിക്കുന്നത്. അതാണ് നമ്മുടെ ഭരണഘടന ചട്ടങ്ങൾ. ഈ സുരക്ഷക്കായി, വളരെ സിസ്റ്റമാറ്റിക്കായ പ്രോസസുകളും, കൃത്യമായ നടപടികളും ഇലക്ഷൻ കമ്മീഷനുണ്ട്. അതിലേക്ക് വരാം.

“ഹാക്കിംഗ് സാദ്ധ്യത എത്രത്തോളം” ?…
സാധാരണ ഗതിയിൽ ഹാക്കിംഗ് നടത്തുന്നത്, മറഞ്ഞിരുന്ന് ഹാക്കർമാർ ഇൻറർനെറ്റ് വഴി കമ്പ്യൂട്ടർ സിസ്റ്റമുകളിലേക്ക് നുഴഞ്ഞുകയറി ഹാക്ക് ചെയ്യുന്നതാണ് പതിവ്. അവർ ഒരിക്കലും നേരിട്ട് വരില്ല. റിമോട്ട് ഹാക്കിംഗ് എന്നാണിതിന് ഓമനപ്പേര്.

എന്നാൽ പരിപൂർണ്ണമായി ഇന്റർനെറ്റിൽ നിന്നും വിട്ടു നിൽക്കുന്നതാണ് നമ്മുടെ ഇവിഎം മെഷീനുകൾ. അതിനാൽ, സാധാരണ റിമോട്ട് ഹാക്കിങ് രീതികൾ ഒന്നും ഇവിഎംൽ നടപ്പില്ല. അതു കൊണ്ട് മെഷീനുകളിൽ നേരിട്ട് അല്ലാതെ യാതൊരു തരത്തിലുള്ള ക്രമക്കേടുകളും നടത്താൻ സാധിക്കില്ല.

“തിരഞ്ഞെടുപ്പ് പ്രക്രിയ:”


ഫസ്റ് ലവൽ ഓഫ് ചെക്കിങ് അഥവാ F.L.V എന്ന് അറിയപ്പെടുന്ന പ്രക്രീയയിലൂടെയാണ് ഒരു ജില്ലയിലെ ഇവിഎംന്റെ പ്രോസസുകൾ ആരംഭിക്കുക. ഡിസ്ട്രിക് ഇലക്ഷൻ ഓഫിസറോ അദ്ദേഹം നിയോഗിക്കുന്ന അസോസിയേറ്റ് ഡിസ്ട്രിക്ട് മജിസ്‌റ്റേറ്റ് പദവിയിൽ കുറയാത്ത ഒരാളുടെ മേൽനോട്ടത്തിലോ മാത്രം ആണ് F.L.V നടക്കുക. എല്ലാ രാഷ്ട്രീയപാർട്ടികൾക്കും നേരത്തെ നോട്ടീസ് കൊടുത്ത് അവരുടെ സാന്നിധ്യത്തിൽ സുരക്ഷിതമായും, സുതാര്യവുമായി ആണ് ഇത് ചെയ്യുന്നത്. മുഴുവൻ പ്രോസസും വീഡിയോയിൽ ചിത്രീകരിക്കുകയും ചെയ്യുന്നു.

B.E.L, E.C.I.L ഇവയിലെ എഞ്ചിനീയർമാർക്കാണ് ഇതിന്റെ പൂർണ്ണമായും ചുമതല. ഇവർ ഇവിഎം തുറന്നു അതിലെ യന്ത്ര ഭാഗങ്ങൾ പൂർണ്ണമായും പരിശോധിക്കുന്നു. ഏതെങ്കിലും രീതിയിലുള്ള ടാമ്പറിങ് നടന്നിട്ടുണ്ടെങ്കിൽ, ഈ ഘട്ടത്തിൽ കണ്ടുപിടിക്കാവുന്നതാണ്. പൂർണ്ണമായും മെഷീന്റെ പ്രവർത്തനം ഈ സമയത്ത് ടെസ്റ്റ് ചെയ്യപ്പെടുകയും മെഷീനിലെ ചിപ്പ് സമ്പൂർണ്ണമായി ഫോർമാററ് ചെയ്തു മായ്ച്ചു കളയുകയും ചെയ്യുന്നു.

ഏതെങ്കിലും തരത്തിലുള്ള തകരാറുകൾ ഉണ്ടെങ്കിൽ ഈ ഘട്ടത്തിൽ അവയെല്ലാം പരിഹരിക്കും. പരിഹരിക്കാൻ ആവാത്ത യന്ത്ര തകരാറുള്ള മെഷീനുകൾ പൂർണ്ണമായും ഒഴിവാക്കുന്നു. 5%-10% മെഷീനുകളിൽ കുറഞ്ഞത്, 1000 ടെസ്റ്റ് വോട്ടുകളും, മറ്റുള്ളവയിൽ അവിടെയുള്ളവരുടെ തീരുമാന പ്രകാരവും വോട്ടുകൾ ചെയ്ത് ഫലം നോക്കുന്നു. റാൻഡം ആയാണ് ഇവ തിരഞ്ഞെടുക്കുന്നത്. അതായത്, പ്രൊസസ്സറിലെയോ പ്രോഗ്രാമിലെയോ ഏതെങ്കിലും തരത്തിലുള്ള ക്രമക്കേട് ഉണ്ടെങ്കിൽ അതും, ഈ പരീക്ഷണ സമയത്ത് കണ്ടുപിടിക്കപ്പെടും.

ഇനി, അടുത്ത നടപടി ബാക്കിയുള്ള ഏതെങ്കിലും സാദ്ധ്യത കൂടി പൂർണ്ണമായും ഇല്ലാതാക്കുന്നതാണ്. ഈ ഘട്ടത്തിൽ ഇവിഎം പിങ്ക് പേപ്പർ സീൽ ഉപയോഗിച്ച് സീൽ ചെയ്യുന്നു, ‘നാസിക്ക് സെക്യൂരിറ്റി പ്രസ്സാ’ണ് യുണീക് ആയ നമ്പർ ഉള്ള പിങ്ക് പേപ്പർ സീൽ ഉണ്ടാക്കുന്നത്. ഈ സീലിൽ, എൻജിനീയർ, വിവിധ പാർട്ടി/സ്ഥാനാർത്ഥി പ്രതിനിധികൾ തെളിവിനായി ഒപ്പിടുന്നു, മാത്രവുമല്ല ഈ നമ്പർ എല്ലാവര്ക്കും വോട്ടിങ് മെഷീന്റെ സീരിയൽ നമ്പറിനൊപ്പെം നൽകുന്നു. ഈ മുഴുവൻ പ്രോസസിന്റെയും വീഡിയോ ഡിസ്ട്രിക് ഇലക്ഷൻ ഓഫിസറുടെ കയ്യിൽ സൂക്ഷിക്കുന്നതുമാണ്.

അതിനു ശേഷം അസംബ്ലി മണ്ഡലം തിരിച്ച് റാൻഡമായി മെഷീനുകൾ അനുവദിക്കും. എന്ന് വച്ചാൽ ഈ ഘട്ടം വരെ ഏതു മണ്ഡലത്തിലേക്ക് ഏതു മെഷീൻ പോകും എന്ന് പോലും ഉറപ്പില്ലാത്ത സാഹചര്യത്തിൽ പൂർണ്ണമായും സ്ഥാനാർഥിയുടെ ഓർഡറിനെ മാത്രം ആശ്രയിച്ച് പ്രവർത്തിക്കുന്ന പ്രോഗ്രാമിൽ മാറ്റം വരുത്തിയിട്ട് ഒരു കാര്യവും ഇല്ല.

ഇതൊക്കെ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു കഴിഞ്ഞാലുടനെ കമ്മീഷൻ നടത്തുന്ന പതിവ് ജോലികളാണ്. സ്ഥാനാർഥികളുടെ പേര് വിവരങ്ങൾ അടങ്ങിയ ഓർഡർ പോലും തീരുമാനിക്കുന്നത് പിന്നെയും ആഴ്ചകളും, ദിവസങ്ങളും കഴിഞ്ഞാണ്. ബാക്കിയുള്ള മെഷീനുകൾ റാൻഡമായി തന്നെ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്ക് പരിശീലനത്തിന് മാറ്റി വയ്ക്കും.

റിട്ടേർണിംഗ് ഓഫിസർ കൈപ്പറ്റുന്ന ഇത്രയും മെഷീനുകൾ തുടർന്ന് അതതു സ്ഥലങ്ങളിൽ സർക്കാർ വക സ്ട്രോങ്ങ് റൂമിൽ വച്ച് വീണ്ടും സീൽ ചെയ്യുന്നു. വേണമെങ്കിൽ രാഷ്ട്രീയ പാർട്ടികൾക്കും തങ്ങളുടെ താത്പര്യ പ്രകാരം ഇവിടെ സ്വന്തം സീലുകൾ പതിപ്പിക്കാവുന്നതാണ്. സ്ഥാനാർഥി പട്ടികയിൽ അന്തിമ തീരുമാനം ആയ ശേഷമാണ്, റിട്ടേർണിംഗ് ഓഫിസർ രണ്ടാം ഘട്ടം നടപടികൾ തുടങ്ങുന്നത്.

“രണ്ടാം ഘട്ടം “


സ്ഥാനാർഥികളുടെ പ്രതിനിധികളുടെ സാന്നിധ്യത്തിൽ റാൻഡമായി തന്നെ പോളിംഗ് സ്റ്റേഷനുകളിലേക്കുള്ള മെഷീനുകൾ അയക്കും.
ആദ്യ ഘട്ടത്തിലെ പോലെ തന്നെ വീണ്ടും മോക് പോളുകൾ നടത്തി ഒരിക്കൽ കൂടി വീണ്ടും മെഷീനുകളുടെ പ്രവർത്തനം ഉറപ്പുവരുത്തുന്നു.

ഈ ഘട്ടം വരെ വോട്ടിങ് മെഷീനിൽ യാതൊരു തരത്തിലുള്ള ക്രമക്കേടുകൾ നടത്തിയിട്ടും ഫലമില്ല എന്ന് സാരം. കാരണം ഏതു ബൂത്തിലേക്കാണോ നിയോജക മണ്ഡലത്തിലേക്കാണോ ഏതു സ്ഥാനാർത്ഥിക്ക് വേണ്ടിയാണോ എന്നൊന്നും ഉറപ്പില്ലാതെ പ്രോഗ്രാമിൽ മാറ്റം വരുത്തിയിട്ട് യാതൊരു കാര്യവും ഇല്ലല്ലോ. സ്ഥാനാർഥികളുടെ എണ്ണം അടക്കമുള്ള കാര്യങ്ങൾ ഉറപ്പാക്കി, വീണ്ടും ഇവിഎം സീൽ ചെയ്ത് സൂക്ഷിക്കുന്നു. (ഒരു കാര്യം കൂടി; ചിഹ്നം വച്ച് ഹാക്കിംഗ് സെറ്റ് ചെയ്യാനുമാവില്ല. കാരണം മെഷീനിൽ സ്ഥാനാർത്ഥിയുടെ പേര് വരുന്നതിന് നേരെ ചിഹ്നം ബട്ടൺ നമ്പറിന് മുകളിൽ ഒട്ടിക്കുക മാത്രമാണ് ചെയ്യുന്നത്. സ്ഥാനാർത്ഥികളുടെ പേരിന്റെ ആദ്യാക്ഷരം അനുസരിച്ച് ആകും, മെഷീനിലവരുടെ പേര് വരിക. ഉദാഹരണത്തിന് O. RAJAGOPAL എന്നത് 24 ആയാണ് മെഷീനിൽ ഉള്ളതെങ്കിൽ, നമ്പർ 24-ന് എത്ര വോട്ടു വീണു എന്നാണ് മെഷീനുകൾ കൗണ്ട് ചെയ്യുക.

“അവസാന ഘട്ടം”:


ഇലക്ഷന് ഒരു മണിക്കൂർ മുൻപ് വീണ്ടും ഒരു ഘട്ടം മോക് പോളിംഗ് കൂടി നടത്തി വോട്ടുകൾ മുൻകൂട്ടി രേഖപ്പെടുത്തിയിട്ടില്ല എന്ന് ഉറപ്പു വരുത്തുന്നു. അങ്ങനെ വോട്ടിങ് വരെയുള്ള ഒരു ഘട്ടത്തിലും യാതൊരു തിരിമറികളും സാദ്ധ്യമല്ലാത്ത രീതിയിൽ പഴുതുകൾ അടച്ചിരിക്കുന്നു. തിരഞ്ഞെടുപ്പ് പൂർത്തിയായ ഉടൻ തന്നെ ക്ലോസ് ബട്ടൺ അമർത്തുന്നു അതിനു ശേഷം മെഷീൻ വോട്ടുകൾ സ്വീകരിക്കുകയില്ല. ഇതെല്ലാം, പലയിടങ്ങളിലും നിന്നും വരുന്ന പരസ്പരം പരിചയം പോലുമില്ലാത്ത പോളിങ്ങ് ഉദ്യോഗസ്ഥർ ആണ് ചെയ്യുന്നതെന്ന് കൂടി ഓർക്കണം.

തുടർന്ന്, അതിശക്തമായ സുരക്ഷയോടെ ഇവ സൂക്ഷിക്കും. തിരഞ്ഞെടുപ്പ് മുതൽ, വോട്ടെണ്ണൽ വരെ ഇതിലൊരു ഈച്ച പോലും വേറെ തൊടില്ല. പിന്നല്ലേ, അതത് യന്ത്രത്തിലെ ചിപ്പ് മാറ്റുകയെന്നത്. ഇൻറ്റർനെറ്റ് കണക്ഷൻ ഇതിലില്ലാത്തതു കൊണ്ട് നെറ്റ് വഴിയുള്ള ഹാക്കിംഗ് നടക്കുകയുമില്ല.

ഇവിടെ ആകെയുള്ള സാധ്യത ഡിസ്‌പ്ളേയിൽ കാണിക്കാവുന്ന ക്രമക്കേടാണ്. വിദൂരത്തിൽ നിന്ന് നിയന്ത്രിക്കാവുന്ന ബ്ലൂടൂത്ത് ഡിവൈസ് ഉപയോഗിച്ച് ഡിസ്‌പ്ലേയിൽ മാനിപ്പുലേഷൻ നടത്തുക. ബ്ലൂടുത്ത് റേഞ്ച് എത്ര വരെ വരുമെന്ന് നമുക്ക് അറിയാമല്ലോ? മൊബൈൽ പോലും ബൂത്തുകളിൽ അനുവദിക്കാറില്ല എന്നറിയാമല്ലോ?

അഥവാ അങ്ങനെ ചെയ്താലും, ഫസ്റ് ലവൽ ഓഫ് ചെക്കിങ്ങിൽ തന്നെ ഇത് എൻജിനീയർമാർ പുല്ലുപോലെ കണ്ടുപിടിക്കും. ഇനി അഥവാ അത് സാധിക്കാത്ത വിധം വിദഗ്ധമായ കൃത്രിമ ഡിസ്‌പ്ളേ നിർമിക്കാൻ സാധിച്ചാൽ തന്നെ ഒരു ജില്ലയിലെ എല്ലാ മെഷീനുകളിലും അത് ഘടിപ്പിക്കേണ്ടി വരും. മാത്രവുമല്ല വോട്ടെണ്ണലിന് തൊട്ടു മുൻപ് വോട്ടെണ്ണൽ കേന്ദ്രത്തിൽ ഒരു ബ്ലൂ ടൂത്തിന്റെ അകലത്തിൽ എത്തി തങ്ങൾക്ക് താത്പര്യം ഉള്ള രീതിയിൽ ഓരോ വോട്ടിങ് മെഷീനുകളിൽ ആയി റിസൾട് റീസെറ്റ് ചെയ്യേണ്ടി വരും. ഇത് നടപ്പുള്ള കാര്യമല്ല.

ഒരു സംസ്ഥാനത്തിന്റെയോ മുഴുവൻ രാജ്യത്തിന്റെയോ എന്നല്ല ഒരു പഞ്ചായത്തിലെ പോലും വോട്ടുകൾ ഇതേ പോലെ തിരിച്ചു മറിക്കാൻ വേണ്ട ഹാക്കിംഗ് വിദഗ്ധരുടെ എണ്ണം എത്ര വലുതാണ് എന്ന് സിമ്പിളായി ആലോചിക്കുക. അപ്പോൾ മനസ്സിലാകും ലണ്ടനിലിരുന്ന് തള്ളുന്നതിലെ വങ്കത്തരം… !!!

മാത്രവുമല്ല, നേരത്തെ പറഞ്ഞ പോലെ, വോട്ടിങ് മെഷീനുകൾ കേന്ദ്രത്തിന്റെ ഉടമസ്ഥതയിലല്ല. തിരഞ്ഞെടുപ്പ് കമ്മീഷന്റെ പക്കലാണുള്ളത്. സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥരെ നിയമിക്കുന്നത് അതത്, സംസ്ഥാന സർക്കാരുകളാണ്. അതും സർക്കാർ സ്കൂൾ ടീച്ചറന്മാരടക്കം തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് വരുന്ന താത്ക്കാലിക ഉദ്യോഗസ്ഥർ ആയിരിക്കും അവർ. അവരെ സ്വാധീനിക്കുക അത്ര നടപ്പുള്ള കാര്യമല്ല.

അതിനാൽ ഉറപ്പിച്ചു കൊള്ളൂ, നമ്മുടെ തിരഞ്ഞെടുപ്പ് പ്രക്രീയ പൂർണ്ണമായും സുരക്ഷിതമാണ്. അഥവാ തിരഞ്ഞെടുപ്പ് യന്ത്രങ്ങൾക്ക് ചില പാളിച്ചകൾ ഉണ്ട് എങ്കിൽ കൂടി അതിനെ കൃത്യമായി മറികടക്കാൻ നമ്മുടെ തിരഞ്ഞെടുപ്പ് കമ്മീഷന് സാധിക്കുന്നുണ്ട്. വോട്ടിങ് മെഷിനെതിരെയുള്ള സന്ദേശങ്ങൾ നിരന്തരം നമുക്കിടയിൽ പ്രചരിപ്പിക്കുന്നത് നമ്മുടെ ജനാധിപത്യ വ്യവസ്ഥയിൽ നമുക്ക് തന്നെ സംശയം സൃഷ്ടിക്കാനാണ്. അതിലുപരി ഭരിക്കുന്ന സർക്കാരിനെ താഴെയിറക്കാനുള്ള കുതന്ത്രമാണ്.

ഓരോ തിരഞ്ഞെടുപ്പ് നടക്കുമ്പോഴും ഇത്തരം ആരോപണങ്ങൾ ഉന്നയിച്ചു വരുന്നവർ, എന്നാൽ അവയുടെ പേരിൽ കോടതികളെ സമീപിക്കാൻ ഒരിക്കലും അവർ തയ്യാറല്ല, കാരണം അവിടെ ഇത് പൊളിയും എന്നത് തന്നെ. ഇല്ലാത്ത അഥവാ നടക്കാത്ത കാര്യം എങ്ങനെ ആര് തെളിയിക്കാൻ?.. പക്ഷേ ആയിരം കുടത്തിന്റ്റെ വാ മൂടാം, പക്ഷേ മനുഷ്യരുടെ വാ മൂടാനാവില്ല എന്ന് കേട്ടിട്ടില്ലേ, അതിനാൽ എത്ര പറഞ്ഞാലും ഇവിഎം ഇനിയും പഴി കേൾക്കേണ്ടി വരിക തന്നെ ചെയ്യും…

രഞ്ജിത്ത് ഗോപാലകൃഷ്ണൻ

Related Articles

Latest Articles