Wednesday, May 22, 2024
spot_img

പരിധി കഴിഞ്ഞു, ഇനിയും കടം വാങ്ങണം! കേരളത്തിന്റെ ആവശ്യം കേന്ദ്രസർക്കാർ തള്ളി; ധന ഉത്തരവാദിത്ത നിയമത്തിനു വിരുദ്ധമാണ് സംസ്ഥാനത്തിന്റെ ആവശ്യമെന്ന് കേന്ദ്ര ധനമന്ത്രാലയം

തിരുവനന്തപുരം : പരിധി കഴിഞ്ഞിട്ടും അധികം കടമെടുക്കാൻ അനുവദിക്കണമെന്ന കേരളത്തിന്റെ ആവശ്യം കേന്ദ്രസർക്കാർ തള്ളി. ധന ഉത്തരവാദിത്ത നിയമത്തിനു വിരുദ്ധമാണ് സംസ്ഥാനത്തിന്റെ ആവശ്യമെന്നും ധന ഉത്തരവാദിത്ത നിയമം പാലിച്ചേ കടമെടുപ്പിന് അനുമതി നൽകാൻ സാധിക്കൂവെന്നും കേന്ദ്ര ധനമന്ത്രാലയം വ്യക്തമാക്കി. ഇതോടെ അധിക കടമെടുപ്പിലൂടെ വഴി 8000 കോടിയോളം രൂപ സമാഹരിക്കാമെന്ന കേരളത്തിന്റെ പ്രതീക്ഷ തുലാസിലായി . മാത്രമല്ല വരുംമാസങ്ങളിലെ ദൈനംദിന ചെലവിന് എവിടെനിന്നു പണം കണ്ടെത്തുമെന്ന ആശങ്കയിലാണു ധനവകുപ്പ്. സംസ്ഥാന മൊത്ത ആഭ്യന്തര ഉൽപാദനത്തിന്റെ (ജിഎസ്ടിഡിപി) 3 ശതമാനമാണു കടമെടുക്കാൻ അനുമതിയുള്ളത്.

എന്നാൽ, സംസ്ഥാനത്തിന്റെ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാണിച്ച് ഒരു ശതമാനം കൂടി കടമെടുക്കാൻ അനുവദിക്കണമെന്നു കേന്ദ്രധനമന്ത്രി നിർമല സീതാരാമനെ നേരിൽ കണ്ട് സംസ്ഥാന ധന മന്ത്രി കെ.എൻ.ബാലഗോപാൽ ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യം നേടിയെടുക്കാൻ ധന അഡിഷനൽ ചീഫ് സെക്രട്ടറി കഴിഞ്ഞമാസം രാജ്യ തലസ്ഥാനമായ ദില്ലിയിൽ പോയി കേന്ദ്ര ധനമന്ത്രാലയത്തിൽ സമ്മർദം ചെലുത്തുകയും ചെയ്തു. എന്നാൽ, സംസ്ഥാന സർക്കാരിന്റെ ആവശ്യം അനുവദിക്കാനാകില്ലെന്നു വ്യക്തമാക്കി കഴിഞ്ഞദിവസം കേന്ദ്രം മറുപടിക്കത്ത് കൈമാറുകയായിരുന്നു.

Related Articles

Latest Articles