Wednesday, May 1, 2024
spot_img

നിപ പ്രതിരോധം: ആറംഗ കേന്ദ്ര സംഘം കോഴിക്കോടെത്തി; വയനാട് ജില്ലയിലും ആശങ്ക; തിരുവനന്തപുരത്ത് ആശങ്കയൊഴിഞ്ഞു; തോന്നയ്ക്കലിൽ സാമ്പിളുകൾ അയക്കാത്തതിനെ ചൊല്ലി പുതിയ വിവാദം !

കോഴിക്കോട്: സംസ്ഥാനത്ത് നിപ സ്ഥിരീകരിച്ച കോഴിക്കോട് ജില്ലയിൽ ആറംഗ കേന്ദ്രസംഘമെത്തി. കോഴിക്കോട് ഗസ്റ്റ് ഹൗസിൽ അവർ ഉന്നത ഉദ്യോഗസ്ഥരുമായി സംസ്ഥാനത്ത് ഒരുക്കിയിരിക്കുന്ന പ്രതിരോധ സംവിധാനങ്ങൾ വിലയിരുത്തുകയാണ്. ജില്ലയില്‍ ഇതുവരെ അഞ്ച് പേര്‍ക്കാണ് നിപ സ്ഥിരീകരിച്ചത്. ഇതില്‍ രണ്ട് പേര്‍ മരിച്ചു. മൂന്ന് പേര്‍ ചികിത്സയിലാണ്. രോഗലക്ഷണങ്ങളുള്ള പതിനൊന്ന് പേരുടെ സാമ്പിളുകളുടെ പരിശോധനാ ഫലം ഇന്ന് പുറത്തുവരും. പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലയിലെ പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്നും നാളെയും അവധി പ്രഖ്യാപിച്ചു. പൊതുപരിപാടികള്‍ക്ക് ഉള്‍പ്പെടെ നിയന്ത്രണമുണ്ട്. വിവാഹ ചടങ്ങുകള്‍ നടത്തുന്നതിന് പൊലീസ് സ്‌റ്റേഷനില്‍ നിന്ന് അനുമതി വാങ്ങണം.

ജില്ലയില്‍ ഈ മാസം 24 വരെ ആള്‍ക്കൂട്ട പരിപാടികള്‍ പാടില്ല. ഉത്സവങ്ങള്‍, പള്ളിപ്പെരുന്നാള്‍ ഉള്‍പ്പെടെയുള്ള പരിപാടികള്‍ക്ക് ആള്‍ക്കൂട്ടം ഒഴിവാക്കണം. കണ്ടെയിന്‍മെന്റ് സോണുകളില്‍ ഉള്ള ആളുകള്‍ക്ക് മറ്റ് സ്ഥലങ്ങളില്‍ സന്ദര്‍ശിക്കാനോ പുറമേയുള്ള ആളുകള്‍ക്ക് കണ്ടെയിന്‍മെന്റ് സോണിലേക്ക് കടക്കാനോ അനുവാദമില്ല. അടിയന്തര ആവശ്യങ്ങള്‍ക്കുള്ള കടകള്‍ മാത്രമേ ഈ സ്ഥലങ്ങളില്‍ പ്രവര്‍ത്തിക്കാന്‍ പാടുള്ളൂ. രാവിലെ 7 മുതല്‍ വൈകിട്ട് 5 വരെയാണ് കടകള്‍ പ്രവര്‍ത്തിക്കാന്‍ അനുമതി. മരുതോങ്കര, തിരുവള്ളൂര്‍, കുറ്റ്യാടി, കായക്കൊടി, വില്യപ്പളളി, കാവിലുംപാറ ഗ്രാമപഞ്ചായത്തുകളാണ് നിലവില്‍ കണ്ടെയിന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ചിരിക്കുന്നത്. കൂടുതൽ കേന്ദ്ര സംഘങ്ങൾ ഉടൻ കേരളത്തിലേക്കെത്തും.

ലക്ഷണങ്ങൾ പ്രകടിപ്പിച്ചവരെ നിരീക്ഷണത്തിലാക്കിയതോടെ വയനാട് ജില്ലയിലും നിപ ആശങ്ക പരന്നു.വയനാട്ടിലും കൺട്രോൾ റൂം തുറന്നിട്ടുണ്ട്. അതേസമയം തിരുവനന്തപുരത്ത് നിപ സംശയിച്ച വിദ്യാർത്ഥിയുടെ പരിശോധനാ ഫലം നെഗറ്റിവായതോടെ ആശങ്കയകന്നു. സാമ്പിളുകൾ തിരുവനന്തപുരം തോന്നയ്ക്കൽ വൈറോളജി ഇൻസ്റിറ്റ്യൂട്ടിലയയ്ക്കാതെ പൂനയിലേക്ക് അയച്ചതിനെ ചൊല്ലി വിവാദം ശക്തമാകുന്നു. പ്രോട്ടോകോൾ പ്രശ്നങ്ങൾ കാരണമാണ് തോന്നയ്ക്കലിലേയ്ക്ക് അയക്കാതിരുന്നതെന്ന ആരോഗ്യമന്ത്രിയുടെ പ്രസ്താവന തള്ളി വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ ശ്രീകുമാർ രംഗത്ത് വന്നു. പരിശോധനയ്ക്കുള്ള സംവിധാനങ്ങൾ തോന്നയ്ക്കലിൽ ഉണ്ടെന്നും സാമ്പിളുകൾ പരിശോധനയ്ക്കായി ഇതുവരെ വന്നിട്ടില്ലെന്നും ആരോഗ്യമന്ത്രി പറഞ്ഞത് പോലുള്ള പ്രോട്ടോകോളുകൾ തന്റെ അറിവിലില്ലെന്നും അദ്ദേഹം പറഞ്ഞു.

Related Articles

Latest Articles