വരാപ്പുഴ: കടമക്കുടിയിലെ കൂട്ട ആത്മഹത്യയിൽ ഓൺലൈൻ ലോൺ ആപ്പിനെതിരെ പോലീസ് കേസെടുത്തു. മരിച്ചവരുടെ ബന്ധുക്കൾ നൽകിയ പരാതിയിലാണ് വരാപ്പുഴ പൊലീസ് കേസെടുത്തത്.
കടമക്കുടിയിൽ കുഞ്ഞുങ്ങളെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം ദമ്പതികൾ ആത്മഹത്യ ചെയ്ത സംഭവത്തിനു പിന്നിൽ ഓൺലൈൻ ആപ്പുകാരുടെ ഭീഷണിയെന്ന് ബന്ധുക്കൾ ആരോപിച്ചിരുന്നു. കടമക്കുടി മാടശ്ശേരി നിജോ (39), ഭാര്യ ശിൽപ (29), മക്കളായ എയ്ബൽ (8), ആരോൺ (6) എന്നിവരെയാണ് ചൊവ്വാഴ്ച വീടിനകത്തു മരിച്ചനിലയിൽ കണ്ടെത്തിയത്. സാമ്പത്തിക ബുദ്ധിമുട്ടുകൾ മൂലം ജീവിതം അവസാനിപ്പിക്കുന്നുവെന്ന് മുറിയിൽ കണ്ടെടുത്ത കത്തിൽ പറഞ്ഞിരുന്നു.
മരിച്ച ശിൽപയെ ഓണ്‍ലൈൻ ലോൺ ആപ്പിലൂടെ പണം കടമെടുത്തിരുന്നതായും പണം മുഴുവനായും തിരികെ അടച്ചിട്ടും ഇനിയും തിരിച്ചടവ് ഉണ്ടെന്ന രീതിയിൽ ആപ്പിൽ നിരന്തരം ഭീഷണിയുണ്ടായിരുന്നു എന്നുമാണ് ലഭിക്കുന്ന റിപ്പോർട്ട്. കുടുംബത്തിന്റെ മരണശേഷം ശില്‍പയുടെ മോര്‍ഫ് ചെയ്ത അശ്ലീല ചിത്രങ്ങള്‍ ബന്ധുക്കളുടെ ഫോണിലേക്കു വന്നതോടെയാണ് സംശയം ശക്തമായത്. ലോണ്‍ തിരിച്ചടച്ചില്ലെങ്കില്‍ ചിത്രം പ്രചരിപ്പിക്കുമെന്നും ഭീഷണിയുണ്ടായിരുന്നു.
ശിൽപയെടുത്ത വായ്പയിൽ 9300 രൂപ കുടിശ്ശികയുണ്ടെന്ന് കാണിച്ച് നിജോയുടെ ബന്ധുവിന് ഓൺലൈൻ ആപ്പുകാർ സന്ദേശമയച്ചിരുന്നു. അടച്ചുതീർക്കാനുള്ള തുക കാണിച്ചുള്ള സ്റ്റേറ്റ്‌മെന്റും ശിൽപയുടെ ചിത്രവും ഒരു ശബ്ദസന്ദേശവും ഒപ്പമയച്ചു. വിളിച്ചിട്ട് ശിൽപ ഫോൺ എടുക്കുന്നില്ലെന്നും പണം ഉടൻ തന്നെ അടച്ചില്ലെങ്കിൽ ശിൽപയുടെ മോർഫ് ചെയ്ത നഗ്നചിത്രം ശിൽപയുടെ കോൺടാക്ട് ലിസ്റ്റിലുള്ളവർക്ക് അയച്ചുനൽകുമെന്നായിരുന്നു ഭീഷണി. അതെ സമയം ഇപ്പോഴും മോർഫ് ചെയ്ത ചിത്രങ്ങൾ ഉപയോഗിച്ച് ഓൺലൈൻ ലോൺ ആപ്പുകാർ നിരന്തരം ഭീഷണി സന്ദേശങ്ങൾ അയക്കുന്നുവെന്നാണ് ലഭിക്കുന്ന റിപ്പോർട്ട്. ഭീഷണി സന്ദേശമെത്തിയത് ശ്രീലങ്കൻ നമ്പറിൽ നിന്നാണ് എന്നാണ് വിവരം.

