Friday, October 16, 2026

വാളയാറില്‍ എക്സൈസ് വേട്ട. 216 എടിഎം-ക്രെഡിറ്റ് കാര്‍ഡുകളുമായി ഗുജറാത്ത് സ്വദേശി പിടിയില്‍

പാലക്കാട് : വാളയാര്‍ അതിര്‍ത്തി ചെക്ക്പോസ്റ്റില്‍ എക്സൈസ് നടത്തിയ പരിശോധനയില്‍ 216 എടിഎം-ക്രെഡിറ്റ് കാര്‍ഡുകളുമായി ഗുജറാത്ത് സ്വദേശി പിടിയിലായി. ‘ഓപ്പറേഷന്‍ തണ്ടറി’ന്റെ ഭാഗമായി നടത്തിയ വാഹന പരിശോധനയിലാണ് രാജ്യാന്തര ബന്ധമുള്ളതായി സംശയിക്കുന്ന സാമ്പത്തിക തട്ടിപ്പ് സംഘത്തിലെ പ്രധാനിയെന്ന് കരുതുന്നയാള്‍ പിടിയിലായത്. ഹൈദരാബാദില്‍ നിന്ന് എറണാകുളത്തേക്ക് വരികയായിരുന്ന യാസ് ടൂര്‍ ആന്‍ഡ് ട്രാവല്‍സ് ബസില്‍ നിന്നാണ് ഗുജറാത്തിലെ പോര്‍ബന്തര്‍ സ്വദേശിയായ ഒഡേതര രവി ഭീമ (25) പിടിയിലായത്.

പ്രതിയുടെ പക്കല്‍ നിന്ന് കണ്ടെടുത്ത 216 കാര്‍ഡുകളും വിവിധ വ്യക്തികളുടെ പേരിലുള്ളവയാണെന്ന് പ്രാഥമിക പരിശോധനയില്‍ വ്യക്തമായിട്ടുണ്ട്. വിവിധ ആളുകളുടെ പേരിലുള്ള ഈ കാര്‍ഡുകള്‍ ഉപയോഗിച്ച് കേരളത്തില്‍ നിന്നും മൊബൈല്‍ ഫോണുകളും മറ്റ് വിലകൂടിയ ഇലക്ട്രോണിക് ഉപകരണങ്ങളും വാങ്ങാന്‍ എത്തിയതാണെന്നാണ് ഇയാളുടെ മൊഴി. ഇതിന് പിന്നില്‍ രാജ്യാന്തര ബന്ധമുള്ള വന്‍ സാമ്പത്തിക തട്ടിപ്പ് സംഘം പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രാഥമിക നിഗമനം.

പിടിയിലായ പ്രതിയെയും കണ്ടെടുത്ത കാര്‍ഡുകളും തുടരന്വേഷണത്തിനായി വാളയാര്‍ പൊലീസിന് കൈമാറി. കാര്‍ഡുകള്‍ എവിടെ നിന്നാണ് ലഭിച്ചതെന്നും ഇവ ഉപയോഗിച്ച് മറ്റ് സാമ്പത്തിക തട്ടിപ്പുകള്‍ നടത്തിയിട്ടുണ്ടോയെന്നും പൊലീസ് വിശദമായി പരിശോധിച്ചുവരികയാണ്.

Related Articles

Latest Articles