Friday, May 17, 2024
spot_img

വളർത്ത് നായയോട് ഉടമയുടെ കൊടും ക്രൂരത; നായയെ ബൈക്കിന് പിന്നിൽ കെട്ടിവലിച്ചു

മലപ്പുറം: ചുങ്കത്തറയില്‍ വളർത്ത് നായയെ ബൈക്കിന് പിന്നിൽ കെട്ടി വലിച്ചിഴച്ച് ഉടമയുടെ കൊടും ക്രൂരത. ഇന്നലെ രാത്രി 11.30-ഓടെയായിരുന്നു സംഭവം. പുക്കോട്ടുമണ്ണ സ്വദേശിയാണ് ഈ ക്രൂരകൃത്യം ചെയ്തതെന്നാണ് വിവരം. സംഭവത്തിന്‍റെ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ രൂക്ഷവിമർശനമാണ് ഉയരുന്നത്.

നായയെ കെട്ടിവലിച്ച ബൈക്കിന് പിന്നില്‍ യാത്രചെയ്ത യുവാവ് മൊബൈൽ ഫോണിൽ പകർത്തിയ ദൃശ്യങ്ങളാണ് പുറത്തുവന്നത്. നായയെ കെട്ടിവലിച്ച യുവാവിനോട് വാഹനം നിര്‍ത്തണമെന്ന് യുവാവ് ആവശ്യപ്പെട്ടെങ്കിലും ഇയാൾ അതിവേഗം മുന്നോട്ട് കൊണ്ടുപോകുകയായിരുന്നു. തുടർന്ന് ബൈക്കിന് മുന്നില്‍ കയറി വാഹനം നിര്‍ത്തിച്ച് യുവാവ് ഇയാളെ തടയുകയായിരുന്നു.

കെട്ടിവലിച്ചത് സ്വന്തം വളര്‍ത്തുനായയാണെന്നാണ് ഇയാളുടെ അവകാശ വാദം. നായയെ കളയുന്നതിനായി കൊണ്ടുപോകുകയാണെന്നാണ് ഇയാള്‍ പറയുന്നത്. എന്നാല്‍ വലിച്ചിഴച്ച് കൊണ്ടുപോകുന്നതിന്റെ ആവശ്യമെന്തായിരുന്നുവെന്ന ചോദ്യത്തിന് ഇയാള്‍ മറുപടി പറയുന്നില്ല. ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ സംഭവം പോലീസിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. കൃത്യത്തിന് പിന്നിലുള്ള വ്യക്തിയെ നിരീക്ഷണത്തിലാക്കിയെന്ന് പോലീസ് വ്യക്തമാക്കി.

Related Articles

Latest Articles