Thursday, May 9, 2024
spot_img

കർണ്ണാടക മുഖ്യമന്ത്രി പദവി; സിദ്ധരാമയ്യയ്ക്ക് ദേശീയ നേതൃത്വത്തിന്റെ പച്ചക്കൊടി കിട്ടിയേക്കും; ഉപമുഖ്യമന്ത്രിയായി ഒതുങ്ങാൻ തയ്യാറാകാതെ ഡി.കെ.ശിവകുമാർ

ദില്ലി : തെരഞ്ഞെടുപ്പിൽ അനുകൂലവിധി നേടിയിട്ടും അനിശ്ചിതത്വം തുടരുന്ന കർണ്ണാടക മുഖ്യമന്ത്രിക്കസേരയിൽ ഇന്ന് തന്നെ തീരുമാനമുണ്ടായേക്കും. മുതിർന്ന നേതാവ് സിദ്ധരാമയ്യ കർണാടക മുഖ്യമന്ത്രിയായേക്കുമെന്നു സൂചന. തീരുമാനം കോൺഗ്രസ് ഹൈക്കമാൻഡ് ഉടൻ പ്രഖ്യാപിക്കുമെന്നാണ് അറിയാൻ സാധിക്കുന്നത്. സോണിയ ഗാന്ധി ദില്ലിയിലെത്തിയ ശേഷമാകും അന്തിമ തീരുമാനം പ്രഖ്യാപിക്കുകയെന്നാണു വിവരം. സോണിയ ഇന്നു രാത്രിയോടെ ദില്ലിയിലെത്തിയേക്കും. സിദ്ധരാമയ്യയുമായും മുഖ്യമന്ത്രിക്കസേരയ്ക്കായി വടംവലി നടത്തുന്ന കർണാടക പിസിസി അധ്യക്ഷൻ ഡി.കെ.ശിവകുമാറുമായും സോണിയ ഗാന്ധി ചർച്ച നടത്തും. ഇതിനുശേഷമാകും ഇത് സംബന്ധിച്ച അന്തിമ തീരുമാനമുണ്ടാകുക.

ഭൂരിപക്ഷം എംഎൽഎമാരുടെ പിന്തുണയുള്ള സിദ്ധരാമയ്യയെ കർണാടക മുഖ്യമന്തിയാക്കുന്നതിനോടാണു ഹൈക്കമാൻഡിനു യോജിപ്പെങ്കിലും മുഖ്യമന്ത്രികസേര സ്വപ്‍നം കാണുന്ന ഡി.കെ.ശിവകുമാർ പ്രതിസന്ധിയാകും. സിദ്ധരാമയ്യയ്ക്കു കീഴിൽ ഉപമുഖ്യമന്ത്രിയായി ഇരിക്കാൻ ശിവകുമാർ താല്പര്യപ്പെട്ടേക്കില്ല. മുഖ്യമന്ത്രി സ്ഥാനം കിട്ടിയില്ലെങ്കിൽ പ്രധാന വകുപ്പുകൾക്കു മേലാകും അദ്ദേഹത്തിന്റെ നോട്ടം. അങ്ങനെയെങ്കിൽ മുഖ്യമന്ത്രി പദത്തിനു പുറമെ വകുപ്പുകളുടെ കാര്യത്തിലും ഹൈക്കമാൻഡിന് തീരുമാനമെടുക്കേണ്ടി വരും.

അതേസമയം സിദ്ധരാമയ്യയെ മുഖ്യമന്ത്രിയാക്കാനുള്ള തീരുമാനം കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ, ഡി.കെ.ശിവകുമാറിനെ അറിയിച്ചു. പാർലമെന്ററി പാർട്ടിയിൽ ഭൂരിപക്ഷം സിദ്ധരാമയ്യയ്ക്കാണെന്നത് ശിവകുമാറിനെ ബോധ്യപ്പെടുത്തി.

സിദ്ധരാമയ്യ, മല്ലികാർജുൻ ഖർഗെയുടെ വസതിയിലെത്തി കൂടിക്കാഴ്ച നടത്തി. ഏതാനും എംഎൽഎമാരും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു. മല്ലികാർജുൻ ഖർഗെ, രാഹുൽ ഗാന്ധി, സംഘടനാകാര്യ ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ എന്നിവരുടെ നേതൃത്വത്തിലാണ് സമവായ ചർച്ച നടന്നത്. രാഹുൽ ഗാന്ധിയുടെ പിന്തുണ സിദ്ധരാമയ്യയ്ക്കാണ്. എന്നാൽ സോണിയ ഗാന്ധി പിന്തുണയ്ക്കുമെന്ന പ്രതീക്ഷയിലാണ് ഡി.കെ.ശിവകുമാർ .

Related Articles

Latest Articles