ദില്ലി : പ്രശാന്ത് വിഹാറിലെ സിആര്‍പിഎഫ് സ്‌കൂളിനടുത്ത് സ്ഫോടനം നടന്നതിന് പിന്നാലെ
രാജ്യത്തെ വിവിധ സിആര്‍പിഎഫ് സ്‌കൂളുകള്‍ക്ക് വ്യാജ ബോംബ് ഭീഷണി. ഇന്നലെരാത്രി വൈകിയാണ് സ്‌കൂൾ മാനേജുമെന്റുകൾക്ക് ഇ – മെയിൽ വഴി സന്ദേശം എത്തിയത്. ദില്ലിയിലെ രണ്ട് സ്കൂളുകൾക്കും ഹൈദരാബാദിലെ ഒരു സ്കൂളിനുമാണ് ഭീഷണിസന്ദേശം ലഭിച്ചതെന്ന് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
അതേസമയം പ്രശാന്ത് വിഹാറിലെ സ്‌ഫോടനത്തിന് പിന്നില്‍ ഖാലിസ്ഥാൻ വാദികളാണെന്നാണ് നിഗമനം. സ്‌ഫോടനത്തില്‍ ആളപായമുണ്ടായില്ലെങ്കിലും സ്‌കൂള്‍ മതിലും സമീപത്തെ കടകളുടെ ബോര്‍ഡുകളും പാര്‍ക്കു ചെയ്തിരുന്ന കാറുകളും തകര്‍ന്നിരുന്നു. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വമേറ്റെടുത്ത ഗ്രൂപ്പിന്റെ വിശദാംശങ്ങൾ കൈമാറാൻ ടെലഗ്രാമിനോട് കേസന്വേഷിക്കുന്ന ദില്ലി പോലീസ് നിർദ്ദേശിച്ചിരുന്നു. സ്ഫോടനത്തിന്റെ സിസിടിവി. ദൃശ്യങ്ങൾ ഖലിസ്താൻ വാട്ടർമാർക്കോടെ ‘ജസ്റ്റിസ് ലീഗ് ഇന്ത്യ’ എന്ന ടെലഗ്രാം ഗ്രൂപ്പിൽ പ്രചരിക്കുന്നുണ്ട്. ഖലിസ്താൻ വാദികൾക്കുനേരേയുള്ള ഇന്ത്യയുടെ നടപടികൾക്ക് പ്രതികാരമായാണ് സ്ഫോടനമെന്നാണ് ഇതിലെ സന്ദേശം. ഇതിന്റെ പശ്ചാത്തലത്തിലാണ് പിന്നിലുള്ളവരെ കണ്ടെത്താൻ ടെലിഗ്രാമിന് കത്തുനൽകിയത്. ഞായറാഴ്ച രാത്രി സ്ഫോടനത്തിനുമുൻപ് സ്ഥലത്തെത്തിയ വെള്ള ടീഷർട്ടിട്ടയാളുടെ സി.സി.ടി.വി. ദൃശ്യങ്ങൾ സംഘത്തിന് ലഭിച്ചിട്ടുണ്ട്. സ്ഫോടനം നടത്തിയെന്ന് സംശയിക്കുന്നയാളാണിതെന്ന് അന്വേഷണവൃത്തങ്ങൾ പറഞ്ഞു.

