Friday, May 10, 2024
spot_img

പോപ്പുലർ ഫ്രണ്ടിനെ പ്രീണിപ്പിക്കാൻ ദുർഗ്ഗാവാഹിനിയുടെ ക്യാമ്പിനെതിരെ കള്ളക്കേസ്, തെളിയിക്കാൻ കഴിയാതായപ്പോൾ സ്കൂളിനെതിരെ വിദ്വേഷ പ്രചരണം, പ്രഥമാദ്ധ്യാപികയെ നോട്ടീസ് നൽകി സ്റ്റേഷനിൽ വിളിച്ചു വരുത്താൻ ശ്രമം

കീഴാറൂർ: തിരുവനന്തപുരം, നെയ്യാറ്റിൻകര കീഴാറൂർ ശ്രീ സരസ്വതി വിദ്യാലയത്തിൽ വച്ചു നടന്ന ദുർഗ്ഗാവാഹിനിയുടെ ക്യാമ്പിനെതിരെ കള്ളക്കേസെടുത്തതിനു പിന്നാലെ സ്കൂളിനെതിരെ വിദ്വേഷ പ്രചരണവുമായി സിപിഎമ്മും പോലീസും. പോപ്പുലർ ഫ്രണ്ടിനെ പ്രീണിപ്പിക്കാനാണ് നിയമ വിധേയമായി നടന്ന ദുർഗ്ഗാവാഹിനി ക്യാമ്പിനെതിരെ സിപിഎം സംസ്ഥാന നേതൃത്വത്തിന്റെ സമ്മർദ്ദം മൂലം ആര്യങ്കോട് പോലീസ് കേസ്സെടുത്തത്. എന്നാൽ പരാതിയിൽ പറയുന്നത് പോലെ ആയുധങ്ങളോ ആയുധ പരിശീലനത്തിന്റെ തെളിവുകളോ കണ്ടെത്താനാകാതെ വന്നതോടെ പൊതുമധ്യത്തിൽ ഇളിഭ്യരായ സിപിഎം പതിറ്റാണ്ടുകളുടെ വിദ്യാഭ്യാസ പാരമ്പര്യമുള്ള സരസ്വതി വിദ്യാലയത്തിനെതിരെ വിദ്വേഷ പ്രചാരണവുമായി രംഗത്തെത്തിയിട്ടുണ്ട്. മുൻ ജില്ലാ പഞ്ചായത്തംഗവും സിപിഎം നേതാവുമായ ഗീതാരാജശേഖരന്റെ പേരിൽ ഇറങ്ങിയ ലഘുലേഖയിൽ സ്കൂളിനെ ഭീകര പരിശീലന കേന്ദ്രമായി ചിത്രീകരിക്കുകയും, സ്കൂൾ വിദ്യാർത്ഥികളുടെ വീടുകളിൽ വിതരണം ചെയ്യുകയും ചെയ്തു. കൂടാതെ സ്കൂൾ ഇടിച്ചു നിരത്താൻ ആഹ്വാനം ചെയ്യുന്ന ഉച്ചഭാഷിണി അനൗൺസ്മെന്റും നടന്നു. ഇതിനിടെ പ്രഥമാദ്ധ്യാപികയെ നോട്ടീസ് നൽകി സ്റ്റേഷനിൽ വിളിപ്പിക്കാനുള്ള ശ്രമവുമായി പോലീസും ഒപ്പം ചേർന്നു.

ദുർഗ്ഗാവാഹിനി സംഘടിപ്പിച്ച ക്യാമ്പ് നിയമ വിധേയമായിരുന്നു വെന്നും ആരോപണങ്ങളിൽ പറയുന്നപോലെ ആയുധ പ്രദർശനമോ മുദ്രാവാക്യം വിളികളോ ഉണ്ടായിട്ടില്ലെന്നും സംഘാടകർ തന്നെ വിശദീകരിച്ചിരുന്നു. കേസെടുത്ത് പ്രാഥമിക അന്വേഷണം നടത്തിയ പോലീസിനും തെളിവുകൾ ഒന്നും കണ്ടെടുക്കാനായില്ല. എന്നാൽ സിപിഎം സംസ്ഥാന നേതൃത്വത്തിന്റെ സമ്മർദ്ദം കാരണം കെട്ടിടം വാടകക്ക് കൊടുത്തതിനപ്പുറം പരിപാടിയുമായി ബന്ധമില്ലാത്ത സരസ്വതി വിദ്യാലയം അധികൃതർക്കെതിരെ പോലീസ് നിയമനടപടിക്കൊരുങ്ങുന്നത് പ്രതിഷേധാർഹമാണെന്ന് നാട്ടുകാർ പറയുന്നു.

ഇതിന് പുറമെയാണ് മലയോരമേഖലയിൽ ശ്രദ്ധേയമായ ദേശീയ വിദ്യാഭ്യാസ പ്രവർത്തനങ്ങൾ നടത്തുന്ന വിദ്യാലയത്തിനെതിരെ വിദ്വേഷ പ്രചാരണവുമായി പ്രാദേശിക സിപിഎം നേതൃത്വം രംഗത്തുള്ളത്. ഭാരതീയ വിദ്യാനികേതന്റെ കീഴിലുള്ള ഈ വിദ്യാലത്തെ തകർക്കാൻ സിപിഎം വർഷങ്ങളായി ശ്രമിക്കുകയാണെന്നും അധികാരത്തിന്റെ മറവിൽ കുഞ്ഞുങ്ങളുടെ വിദ്യാഭ്യാസം തടയുന്ന പ്രവർത്തനത്തെ എന്തു വിലകൊടുത്തും പ്രതിരോധിക്കുമെന്ന് സ്കൂൾ സംരക്ഷണ സമിതി അറിയിച്ചു.

Related Articles

Latest Articles