Wednesday, May 22, 2024
spot_img

വ്യാജ ക്ലിനിക്കില്‍ റെയ്ഡ്; മൂന്ന് പ്രവാസികള്‍ അറസ്റ്റിൽ

കുവൈത്ത് സിറ്റി: വ്യാജ ക്ലിനിക്ക് നടത്തി മരുന്നുകള്‍ വിതരണം ചെയ്തിരുന്ന മൂന്ന് പ്രവാസികള്‍ പിടിയിലായി. കുവൈത്തിലെ ഇഷ്ബിലിയയിലായിരുന്നു സംഭവം. താമസ, തൊഴില്‍ നിയമ ലംഘകരെ കണ്ടെത്താന്‍ ലക്ഷ്യമിട്ട് രാജ്യത്ത് നടന്നവരുന്ന പരിശോധനകളുമായി ഭാഗമായാണ് വ്യാജ ക്ലിനിക്ക് കണ്ടെത്തിയത്.

നഴ്സിങ് സേവനങ്ങളും മറ്റും വാഗ്ദാനം ചെയ്തുകൊണ്ടുള്ള പരസ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ സംഘം നല്‍കിയിരുന്നു. ഇത് സംബന്ധിച്ച ചില നോട്ടീസുകളും ഇവര്‍ പുറത്തിറക്കി. ഇത് ശ്രദ്ധയില്‍പെട്ട അധികൃതര്‍ സംഘത്തെക്കുറിച്ച് അന്വേഷണം നടത്തുകയായിരുന്നു. വിശദമായ അന്വേഷണത്തിനൊടുവില്‍ ഈ വ്യാജ ക്ലിനിക്കിന്റെ നടത്തിപ്പുകാരായ പ്രവാസികളെ പിടികൂടാന്‍ ഉദ്യോഗസ്ഥര്‍ കെണിയൊരുക്കി. ഇവിടെ ജോലി ചെയ്തിരുന്ന ഒരു ഡ്രൈവര്‍ ഉള്‍പ്പെടെ രണ്ട് പോരെ ഇഷ്ബിലിയയില്‍ വെച്ചാണ് പൊലീസ് സംഘം അറസ്റ്റ് ചെയ്തത്.

ക്ലിനിക്കിന്റെ പ്രധാന നടത്തിപ്പുകാരനായിരുന്ന പ്രവാസിയെ സാല്‍മിയയില്‍ വെച്ചും അറസ്റ്റ് ചെയ്‍തു. മൂന്ന് പേര്‍ക്കുമെതിരെ തുടര്‍ നടപടികള്‍ സ്വീകരിക്കാന്‍ ബന്ധപ്പെട്ട അധികൃതര്‍ക്ക് കൈമാറി. മരുന്നുകളും രസീതുകളും വൌച്ചറുകളും ഇവിടെ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്. പിടിയിലായ പ്രവാസികളെ നാടുകടത്താനുള്ള നടപടികളും പുരോഗമിക്കുന്നതായി അധികൃതര്‍ അറിയിച്ചു.

Related Articles

Latest Articles