Sunday, May 12, 2024
spot_img

ജമ്മു കശ്മീരിലെ ഭീകരപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത് മുൻ പാകിസ്ഥാൻ സൈനികൻ; ഞെട്ടിപ്പിക്കുന്ന റിപ്പോർട്ട് പുറത്ത്

ശ്രീനഗർ: ജമ്മു കശ്മീരിലെ ഭീകരപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത് മുൻ പാകിസ്ഥാൻ (Pakistan Soldier) സൈനികനെന്ന് റിപ്പോർട്ട്. പൂഞ്ച് ജില്ലയിൽ തുടർച്ചയായി നടക്കുന്ന ഭീകരാക്രമണങ്ങളുടേയും കടന്നുകയറ്റത്തിന്റേയും പിന്നിൽ പ്രവർത്തിക്കുന്ന ബുദ്ധികേന്ദ്രം ഇയാളുടേതാണെന്നാണ് സൂചന. ജമ്മു കശ്മീരിലെ പൂഞ്ച് പ്രദേശത്ത് തീവ്രവാദികളുമായുള്ള ഏറ്റുമുട്ടൽ 16ാം ദിവസവും തുടരുകയാണ്.

മെന്ദറിലെ ബട്ട ദുര്യൻ വനത്തിലാണ് ഇപ്പോൾ ഏറ്റുമുട്ടൽ നടക്കുന്നത്. ഇവിടെ തീവ്രവാദികൾക്ക് വേണ്ടി വ്യാപക തിരച്ചിലിലാണ് സൈന്യം. ജമ്മു കശ്മീരിൽ കഴിഞ്ഞ 15 ദിവസത്തിനിടെ വിവിധ ഏറ്റുമുട്ടലുകളിലായി ഒരു മലയാളി അടക്കം 9 സൈനികരാണ് വീരമൃത്യു വരിച്ചത്. അതേസമയം കശ്മീരിൽ ഇന്ന് വീണ്ടും ഭീകരാക്രമണം ഉണ്ടായി. ബന്ദിപോരയിൽ ഭീകരൻ ആൾക്കൂട്ടത്തിനു നേരെ ഗ്രനേഡ് എറിയുകയായിരുന്നു. സംഭവത്തിൽ നിരവധിപേർക്ക് പരിക്കേറ്റു.

കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി ഭീകരർക്കെതിരെ ശക്തമായ മുന്നേറ്റമാണ് സൈന്യം നടത്തിക്കൊണ്ടിരിക്കുന്നത്. ഏകദേശം പതിനഞ്ചിലധികം ഭീകരരെയാണ് സൈന്യം ഇതുവരെ മേഖലയിൽ കൊലപ്പെടുത്തിയത്. അതേസമയം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ സന്ദർശനത്തിനിടയിലും കശ്മീരിൽ ഭീകരാക്രമണം നടന്നിരുന്നു. ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. ഇക്കഴിഞ്ഞ ദിവസം രാവിലെ പത്തരയോടെയാണ് ഷോപ്പിയാനിലെ ബബാപോരയിൽ തീവ്രവാദി ആക്രമണം നടന്നത്. സിആർപിഎഫിന് നേര നടന്ന ആക്രമണത്തിൽ ശക്തമായ തിരിച്ചടി നൽകിയെന്ന് ജമ്മു കശ്മീർ പോലീസ് വ്യക്തമാക്കി. ഒരു ജവാന് പരിക്കുണ്ട്. വെടിവെയ്പിനിടെയാണ് ഒരാൾ കൊല്ലപ്പെട്ടത്. പൂഞ്ച് വനമേഖലയിൽ ഒളിച്ചിരിക്കുന്ന ഭീകർക്കായി നടത്തിയ തിരച്ചിലിലാണ് ആക്രമണം ഉണ്ടായത്.

Related Articles

Latest Articles