Friday, May 10, 2024
spot_img

കള്ളവോട്ട് ദൃശ്യങ്ങള്‍ പുറത്തുവിട്ടതിന് സിപിഎമ്മിന്‍റെ ആക്രമണം; ആരോപണം ഉന്നയിച്ച വയല്‍ക്കിളി നേതാവ് സുരേഷ് കീഴാറ്റൂറിന്റെ വീട്ടിൽക്കയറി സ്ത്രീകൾക്ക് നേരെ കൈയേറ്റം

കണ്ണൂര്‍: ലോക്സഭാ തെരഞ്ഞെടുപ്പിനിടെ കീഴാറ്റൂരില്‍ വ്യാപകമായി കള്ളവോട്ട് നടന്നെന്ന് ഫേസ്ബുക്ക് പോസ്റ്റിട്ടതിന്‍റെ പേരില്‍ വീട് കയറി സിപിഎം പ്രവര്‍ത്തകര്‍ ആക്രമിച്ചതായി വയല്‍ക്കിളി നേതാവ് സുരേഷ് കീഴാറ്റൂര്‍. വീടിന് മുന്നിലെത്തിയ സിപിഎം പ്രവര്‍ത്തകരും സുരേഷും തമ്മില്‍ വാക്കേറ്റമുണ്ടായി. രണ്ട് സ്ത്രീകളടക്കം ആറോളം പേര്‍ വീട്ടിനകത്ത് കയറി ഭാര്യയുമായി വാക്കേറ്റത്തിലേര്‍പ്പെടുകയും, തുടര്‍ന്ന് ഉന്തും തള്ളും ഉണ്ടായതായും സുരേഷ് ആരോപിക്കുന്നു. സംഘര്‍ഷത്തിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട സുരേഷിന്‍റെ ഭാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

സംഘര്‍ഷത്തിനിടെ വീടിന്‍റെ ജനലുകള്‍ക്ക് കേടുപാടുണ്ടായി. കീഴാറ്റൂര്‍ എല്‍പി സ്കൂളിലെ 102ാം ബൂത്തില്‍ വ്യാപകമായി കള്ളവോട്ട് നടക്കുന്നതായി ആരോപിച്ച് സുരേഷ് ഫേസ്ബുക്കില്‍ വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. ഇത്തരത്തില്‍ അറുപത് കള്ളവോട്ടുകളുടെ ദൃശ്യങ്ങളുണ്ടെന്ന് അവകാശപ്പെട്ടായിരുന്നു സുരേഷിന്‍റെ കുറിപ്പ്.

‘കള്ളവോട്ട് വാർത്ത പുറത്തു വിട്ടതിൽ സഖാക്കൾ കൂട്ടത്തോടെ വീട് വളയുന്നു’ എന്ന് സുരേഷ് ഫേസ്ബുക്കില്‍ കുറിച്ചു. ഇവര്‍ വീട്ടിലെത്തിയ സമയം താന്‍ വീട്ടിലുണ്ടായിരുന്നില്ലെന്നും തിരിച്ചെത്തിയപ്പോള്‍ ക്രൂരമായ രീതിയില്‍ തെറിയഭിഷേകം നടത്തിയെന്നും സുരേഷ് ആരോപിക്കുന്നു.

Related Articles

Latest Articles