Tuesday, April 30, 2024
spot_img

കുട്ടനാട്ടിലെ കർഷക ആത്മഹത്യ: രക്തം ഛർദിച്ച നിലയിൽ കാണപ്പെട്ട പ്രസാദിനെ ആദ്യം എത്തിച്ചത് വണ്ടാനം മെഡിക്കൽ കോളേജിൽ; ഐ സി യു ഒഴിവില്ലാത്തതിനാൽ അടിയന്തിര ചികിത്സ ലഭിച്ചില്ല; ജില്ലയിലെ ആരോഗ്യ സംവിധാനങ്ങളുടെ അപര്യാപ്തതയിലും പ്രതിഷേധം ശക്തം

ആലപ്പുഴ: കാർഷിക വായ്പ്പ ലഭിക്കാത്തതിനെ തുടർന്ന് ആത്മഹത്യ ചെയ്ത കുട്ടനാട്ടിലെ കർഷകൻ കെ ജി പ്രസാദിന് അടിയന്തിര ചികിത്സ ലഭിച്ചില്ലെന്ന ആരോപണം ഉയരുന്നു. സ്ഥലത്തെ ബിജെപി നേതാക്കളും പ്രവർത്തകരും വിഷയം ഉന്നയിച്ചു കഴിഞ്ഞു. വിഷം കഴിച്ച് രക്തം ഛർദ്ദിച്ച നിലയിൽ കണ്ട പ്രസാദിനെ ആദ്യം എത്തിച്ചത് വണ്ടാനം മെഡിക്കൽ കോളേജിലാണ്. എന്നാൽ ഐ സി യു ഒഴിവില്ലാത്തതിനാൽ അവശ നിലയിലായിരുന്ന പ്രസാദിന് അടിയന്തിര ചികിത്സ ലഭിച്ചില്ല. തുടർന്ന് സ്വകാര്യ ആശുപത്രിയിലേയ്ക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇത് ജില്ലയിലെ ആരോഗ്യ അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയാണ് കാണിക്കുന്നതെന്ന് ബന്ധുക്കളും സുഹൃത്തുക്കളും ആരോപിക്കുന്നു.

സർക്കാർ പി ആർ എസ് വായ്പ്പ കുടിശ്ശികയാക്കിയതിനെ തുടർന്നാണ് പ്രസാദിന്റെ കൃഷി പ്രതിസന്ധിയിലായത്. കർഷകരിൽ നിന്ന് നെല്ല് സംഭരിച്ച ശേഷം സംസ്ഥാന സർക്കാർ നൽകേണ്ട തുക വൻതോതിൽ കുടിശ്ശികയായിരുന്നു. സാമ്പത്തിക പ്രതിസന്ധി കാരണം സർക്കാർ ഈ കുടിശിക നൽകിയത് ബാങ്ക് വായ്പ്പയായിട്ടായിരുന്നു. ഈ വായ്‌പ്പ തിരിച്ചടക്കേണ്ടത് സർക്കാരായിരുന്നു. സർക്കാർ ഈ വായ്‌പ്പ തിരിച്ചടക്കാത്തതിനെ തുടർന്ന് പ്രസാദിന് കൃഷിയിറക്കാൻ ബാങ്ക് വായ്പ്പ നിഷേധിച്ചിരുന്നു. ഇതിനെതുടർന്നുള്ള നിരാശയാണ് ആത്മഹത്യയിലേക്ക് നയിച്ചത്.

കർഷക സംഘടനയായ കിസാൻ സംഘ് ആലപ്പുഴ ജില്ലാ പ്രസിഡന്റാണ് പ്രസാദ്. സർക്കാരിന്റെ അനാസ്ഥ കാരണം തനിയ്ക്ക് ബാങ്ക് വായ്‌പ്പ ലഭിക്കുന്നില്ലെന്നും കൃഷിയും ജീവിതവും പ്രതിസന്ധിയിലായെന്നും പ്രസാദ് കരഞ്ഞു പറയുന്ന ശബ്ദസന്ദേശം മാധ്യമങ്ങളിൽ വന്നിരുന്നു. ആത്മഹത്യാ കുറിപ്പിലും പ്രസാദ് ഇക്കാര്യം സൂചിപ്പിച്ചിട്ടുണ്ട്. സാമ്പത്തിക പ്രതിസന്ധി കാരണമാണ് സർക്കാർ നെല്ല് സംഭരണ തുക ബാങ്ക് വായ്പ്പയായി നൽകുന്നതെന്നും കർഷകർക്ക് ഇത് ബുദ്ധിമുട്ടുണ്ടാക്കില്ലെന്നും സർക്കാർ വ്യക്തമാക്കിയിരുന്നു. എന്നാൽ ഈ വായ്‌പ്പ കുടിശ്ശികയാക്കുന്നത് കർഷകരുടെ സിബിൽ സ്കോർ താഴാനിടയാക്കുകയും തുടർവായ്പ്പ ലഭിക്കാതെ വരികയും ചെയ്യുന്ന സ്ഥിതിയുണ്ടെന്നാണ് പ്രസാദിന്റെ ആത്മഹത്യ തെളിയിക്കുന്നത്.

Related Articles

Latest Articles