Saturday, April 27, 2024
spot_img

ഞായര്‍ മുതല്‍ ശനിവരെയുള്ള ദിവസങ്ങളിൽ വ്രതമെടുക്കുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക

നിരവധിപേർ ആഴ്ച്ച വ്രതമെടുക്കാറുണ്ട്. ഓരോ ദിവസത്തെ വ്രതത്തിനും ഓരോ കാരണങ്ങള്‍ കാണും. നല്ല ഭര്‍ത്താവിനെ കിട്ടാന്‍ തിങ്കളാഴ്ച വ്രതമെടുക്കുന്ന നിരവധി പെണ്‍കുട്ടികളുണ്ട്, ഭര്‍ത്താവിന്റെ ആയുരാരോഗ്യ സൗഖ്യത്തിനും മറ്റുമായും തിങ്കളാഴ്ചയില്‍ വ്രതമനുഷ്ഠിക്കുന്നവരും കുറവല്ല.

എന്നാല്‍, പലപ്പോഴും വ്രതമെടുക്കുമ്പോള്‍ പാലിക്കേണ്ട കൃത്യമായ വ്രതശുദ്ധിയും മറ്റും എന്തൊക്കെയെന്ന് പലര്‍ക്കും അറിയില്ല. ആഴ്ചയിലെ ഓരോ ദിവസവും എടുക്കേണ്ട ചില വ്രതങ്ങളുണ്ട്.

ഐശ്വര്യത്തിനു വേണ്ടിയാണ് ഞായറാഴ്ച വ്രതമെടുക്കുന്നത്. ശനിയാഴ്ച ഒരിക്കലുണ്ട് വേണം ഞായറാഴ്ച വ്രതമെടുക്കാന്‍. മാത്രമല്ല സൂര്യഭഗവാനെ ധ്യാനിച്ച്‌ ചുവന്ന പൂക്കള്‍ കൊണ്ട് അര്‍ച്ചന നടത്തണം. ഉപ്പ്, എണ്ണ എന്നിവ ഉപേക്ഷിക്കണം. രണ്ട് നേരം കുളി നിര്‍ബന്ധം. തിങ്കളാഴ്ച വ്രതം സ്ത്രീകളാണ് എടുക്കുക. ശിവക്ഷേത്ര ദര്‍ശനം നടത്തണം. ഭര്‍ത്താവിന്റെ അഭിവൃദ്ധിയ്ക്കും നല്ല ഭര്‍ത്താവിനെ ലഭിയ്ക്കുന്നതിനും വേണ്ടിയാണ് തിങ്കളാഴ്ച വ്രതം. രാവിലെ തന്നെ കുളിച്ച്‌ ശിവക്ഷേത്ര ദര്‍ശനം നടത്തി ശിവപഞ്ചാക്ഷരീ മന്ത്രം നാമജപം നടത്തുക. ഞായറാഴ്ചയും തിങ്കളാഴ്ചയും ഒരിക്കലൂണ് മാത്രം നടത്തണം.

ജാതകത്തില്‍ ചൊവ്വാ ദോഷമുള്ളവരാണ് ചൊവ്വാഴ്ച വ്രതം അനുഷ്ഠിക്കേണ്ടത്. ദേവീ പ്രീതിയും ഹനുമല്‍ പ്രീതിയുമാണ് ഇതിന്റെ ഫലം. വിവാഹത്തിനു ദോഷമനുഭവിയ്ക്കുന്നവരാണ് ചൊവ്വാഴ്ച വ്രതം എടുക്കേണ്ടത്. രാവിലെ കുളിച്ച്‌ ദേവീക്ഷേത്രത്തിലും ഹനുമാന്‍ ക്ഷേത്രത്തിലും ദര്‍ശനം നടത്തുക. ചൊവ്വാഴ്ച ഒരിക്കലൂണും രാത്രിയില്‍ ലഘു ഭക്ഷണവും ശീലമാക്കാം. ഉപ്പ് ഉപേക്ഷിക്കുന്നത് നല്ലതാണ്. ബുധനാഴ്ച വ്രതം എടുക്കുന്നത് സര്‍വ്വൈശ്വര്യത്തിനു വേണ്ടിയാണ്. മഹാവിഷ്ണു ക്ഷേത്രത്തിലോ ശ്രീകൃഷ്ണ ക്ഷേത്രത്തിലോ ദര്‍ശനം നടത്തി തുളസിമാല വഴിപാടായ് നല്‍കുന്നതും വ്രതത്തിന്റെ ഭാഗമാണ്.

പൂര്‍ണ്ണമായും ഉപവാസമിരിക്കുന്നത് അഭികാമ്യം. വ്യാഴാഴ്ച വ്രതം മഹാവിഷ്ണുവിനെ പ്രീതിപ്പെടുത്താനാണ്. രാവിലെ കുളിച്ച്‌ ഈ വ്രതം അനുഷ്ഠിച്ചാല്‍ മഹാവിഷ്ണുവിന്റെ അനുഗ്രഹം ലഭിയ്ക്കും. മഞ്ഞപ്പൂക്കള്‍ കൊണ്ട് മഹാവിഷ്ണുവിന് അര്‍ച്ചന നടത്താം. രാമായണ പാരായണവും ഉത്തമം. മംഗല്യ സിദ്ധിയ്ക്ക് സ്ത്രീകള്‍ വെള്ളിയാഴ്ച വ്രതം എടുക്കുന്നത് നല്ലതായിരിക്കും. ധനസമൃദ്ധിയും ഐശ്വര്യവുമാണ് ഇതിന്റെ ഫലം. ശനി ദോഷങ്ങള്‍ മാറാന്‍ വേണ്ടിയാണ് ശനിയാഴ്ച വ്രതം അനുഷ്ഠിക്കേണ്ടത്. പുലര്‍ച്ചെ കുളിച്ച്‌ അയ്യപ്പക്ഷേത്ര ദര്‍ശനം നടത്തുക. എള്ളു തിരി വഴിപാട് നടത്തുക. ഉപവാസമോ ഒരിക്കലൂണോ നിര്‍ബന്ധം.

Related Articles

Latest Articles