മധുര: അച്ഛനും അമ്മയും ചേര്‍ന്ന് മകനെ മര്‍ദിച്ച് കൊലപ്പെടുത്തി (Parents Killed Son). തമിഴ്നാട്ടിലെ മധുരയിലാണ് സംഭവം. മദ്യലഹരിയിൽ മകൻ മാതാപിതാക്കളോട് കയർത്ത് സംസാരിച്ചതിനെത്തുടർന്നാണ് സംഭവം. ഇതിനുപിന്നാലെ മകനെ അച്ഛനും അമ്മയും ചേര്‍ന്ന് വടികൊണ്ട് തലയ്ക്കടിച്ച് മകനെ കൊലപ്പെടുത്തുകയായിരുന്നു.
അരപാളയം സ്വദേശികളായ മുരുകേശനും ഭാര്യ കൃഷ്ണവേണിയും ചേര്‍ന്നാണ് മകന്‍ മണിമാരനെ കൊലപ്പെടുത്തിയത്. കൊലപ്പെടുത്തിയ ശേഷം ഇവര്‍ മൃതദേഹം കത്തിക്കുകയായിരുന്നു. വൈഗൈ-തെങ്കാരൈ റോഡിന് സമീപം കത്തിക്കരിഞ്ഞ നിലയില്‍ ഒരു മൃതദേഹം ഉള്ളതായി പോലീസിന് വിവരം ലഭിച്ചിരുന്നു. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് കൊലപാതകത്തിന്റെ ചുരുള്‍ നിവരുന്നത്.
പ്രതികള്‍ കരിമേടു പോലീസിന് മുന്‍പാകെ കുറ്റസമ്മതം നടത്തിയിട്ടുണ്ട്. പ്രായം ചെന്ന ദമ്പതികളില്‍ ഒരു വലിയ ചാക്ക് സൈക്കിളില്‍ വച്ചുകൊണ്ട് വൈഗൈ-തെങ്കാരൈ റോഡിലൂടെ വരുന്നത് സിസിടിവിയില്‍ പതിഞ്ഞിരുന്നു. ഈ ദൃശ്യങ്ങളാണ് കേസില്‍ വഴിത്തിരിവായത്. മണിമാരന്‍ മദ്യപിച്ച് മാതാപിതാക്കളോട് വഴക്കുണ്ടാക്കുന്നത് പതിവായിരുന്നെന്ന് അയല്‍ക്കാരും പോലീസിനോട് പറഞ്ഞു.

