Thursday, May 16, 2024
spot_img

മഹാരാഷ്ട്രയിൽ ഒരു കളിയും നടക്കില്ല..കേന്ദ്രഫണ്ട് ഫഡ്നാവിസ് തിരിച്ചയച്ചതായി ബിജെപി എംപി

മുംബൈ: ബിജെപി നേതാവും മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫട്‌നാവിസ് അപ്രതീക്ഷിതമായി സര്‍ക്കാര്‍ രൂപീകരിച്ചത് 40,000കോടി രൂപയുടെ കേന്ദ്ര ഫണ്ട് തിരിച്ചയക്കാനുള്ള നാടകമായിരുന്നുവെന്ന് കര്‍ണാടക ബിജെപി എംപി ആനന്ദ് കുമാര്‍ ഹെഗ്‌ഡെ.

കോണ്‍ഗ്രസ്-എന്‍സിപി-ശിവസേന സഖ്യസര്‍ക്കാര്‍ ഈ ഫണ്ട് ദുരുപയോഗം ചെയ്യുമായിരുന്നു. മഹാരാഷ്ട്രയില്‍ ഭൂരിപക്ഷം തെളിയിക്കാനായില്ലെങ്കിലും കേന്ദ്ര ഫണ്ട് ദുരുപയോഗം ചെയ്യുന്നത് തടയുകയായിരുന്നു ഫട്‌നാവിസിന്റെ നീക്കത്തിന് പിന്നിലെന്ന് അദ്ദേഹം പറഞ്ഞു.

മുഴുവന്‍ തുകയും കേന്ദ്രത്തിന് തന്നെ തിരിച്ച് നല്‍കി. ഈ ഫണ്ടിന്റെ കൈമാറ്റം സാധ്യമാക്കാന്‍ ഫട്‌നാവിസ് 15 മണിക്കൂര്‍ സമയമെടുത്തുവെന്നും ഫണ്ട് സംരക്ഷിക്കാന്‍ ബിജെപി നാടകം കളിക്കുകയായിരുന്നുവെന്നും ആനന്ദ് കുമാര്‍ ഹെഗ്‌ഡെ വ്യക്തമാക്കി.

കോണ്‍ഗ്രസ്-എന്‍സിപി-ശിവസേന സഖ്യം സര്‍ക്കാര്‍ രൂപീകരണത്തിനുള്ള അന്തിമ ഒരുക്കങ്ങള്‍ നടത്തുന്നതിനിടെയാണ് ഏവരേയും ഞെട്ടിച്ചുകാണ്ട് എന്‍സിപി നേതാവ് അജിത് പവാര്‍ വിഭാഗവുമായി ചേര്‍ന്ന് ബിജെപി മഹാരാഷ്ട്രയില്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറിയത്. എന്നാല്‍ പിന്നീട് ഭൂരിപക്ഷം തെളിയിക്കാനാവാതെ 80 മണിക്കൂറിനുള്ളില്‍ തന്നെ സത്യപ്രതിജ്ഞ ചെയ്തവര്‍ രാജി നല്‍കുകയായിരുന്നു.

Related Articles

Latest Articles