Sunday, April 28, 2024
spot_img

വിമാനത്തിന്റെ ബോഡിയിൽ തകരാർ !’സെല്ലോടേപ്പ് ‘ ഉപയോഗിച്ച് ഒട്ടിച്ച് സർവീസ് ! ഇറ്റലിയിൽ വിവാദമടങ്ങുന്നില്ല

റോം : വിമാനത്തിന്റെ ബോഡിയിലുണ്ടായ തകരാർ പരിഹരിക്കാതെ ‘സെല്ലോടേപ്പ്’ ഉപയോഗിച്ച് ഒട്ടിച്ചു സർവീസ് നടത്തിയ സംഭവത്തിൽ ഇറ്റലിയിൽ വിവാദമടങ്ങുന്നില്ല. ഇന്നലെ രാവിലെ 7.20 നു കാല്യാരി എയർപോർട്ടിൽനിന്നു പുറപ്പെട്ട്, 8.14 നു ഫ്യുമിച്ചീനോ എയർപോർട്ടിൽ ലാൻഡ് AZ1588 ഐടിഎ എയർവെയ്സ് വിമാനമാണ് വിവാദത്തിൽപ്പെട്ടിരിക്കുന്നത്. വിമാനത്തിന്റെ മുൻഭാഗത്തെ തകരാർ ടേപ്പുപയോഗിച്ച് ഒട്ടിച്ചുവച്ചനിലയിലുള്ള ഫോട്ടോ സമൂഹ മാദ്ധ്യമത്തിലടക്കം പ്രചരിച്ചതോടെയാണ് വിമാനക്കമ്പനി യാത്രയ്ക്കായി ഒരുക്കിയ സുരക്ഷ ജനമധ്യത്തിൽ ചർച്ചയായത്.

ഈ വിമാനത്തിലെ യാത്രക്കാരനായിരുന്ന സർദിനിയ റീജിയൻ മുൻ പ്രസിഡന്റ് മൗറോ പിലിയാണ് ടേപ്പ് ഒട്ടിച്ച വിമാനത്തിന്റെ ദൃശ്യങ്ങൾ സമൂഹ മാദ്ധ്യമത്തിൽ പങ്കുവെച്ചത്. “അടച്ചുമൂടിയ പ്രവേശനകവാടം വഴിയാണ് വിമാനത്തിനുള്ളിലേക്ക് പ്രവേശിച്ചത്. അതിനാൽ യാത്രയ്ക്കുമുൻപ് ആരും ഒന്നും ശ്രദ്ധിച്ചിരുന്നില്ല. ഫ്യുമിചിനോ എയർപോർട്ടിൽ എത്തിയപ്പോഴാണ്, തങ്ങൾ യാത്രചെയ്തത് അപമാനകരമായ രീതിയിൽ പാച്ചുചെയ്ത വിമാനത്തിലായിരുന്നു എന്നു മനസിലായത്” മൗറോ പിലി പറയുന്നു.

വീഡിയോ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചതോടെ കടുത്ത വിമർശനമാണ് വിമാനക്കമ്പനി ഏറ്റുവാങ്ങുന്നത്. ഫ്ലൈറ്റ് ടിക്കറ്റിനു പണം നൽകുമ്പോൾ യാത്രക്കാർ പരമാവധി സുരക്ഷ പ്രതീക്ഷിക്കുന്നുവെന്നാണ് ഭൂരിഭാഗം ആളുകളും അഭിപ്രായപ്പെടുന്നത്. എന്നാൽ തൊട്ടുപിന്നാലെ വിശദീകരണവുമായി വിമാനക്കമ്പനിയായ ഐടിഎ എയർവേയ്‌സ് രംഗത്തുവന്നു.

“എല്ലായ്‌പ്പോഴും അധികാരികൾ നിർദ്ദേശിച്ച സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടും യാത്രക്കാരോടും ഓൺ-ബോർഡ് സ്റ്റാഫ് അംഗങ്ങളോടും തികഞ്ഞ ബഹുമാനം പുലർത്തിക്കൊണ്ടുമാണ് പ്രവർത്തിക്കുന്നത്. വിമാനത്തിന്റെ ഒരു പാനലിൽ കണ്ടെത്തിയ കേടുപാടുകൾ താൽക്കാലികമായി നേരിടാൻ അറ്റകുറ്റപ്പണികൾ ആവശ്യമായിരുന്നു. വിമാന നിർമ്മാതാവ് അംഗീകരിച്ച നിബന്ധനകൾക്ക് അനുസൃതമായാണ് ഇത്തരത്തിൽ പ്രവർത്തിച്ചത്. വിമാനത്തിൽ പതിച്ചതു സെല്ലോടേപ്പ് അല്ലെന്നും അടിയന്തിര സന്ദർഭങ്ങളിൽ, താപവ്യതിയാനങ്ങളെ പ്രതിരോധിക്കാൻ കഴിവുള്ള പ്രത്യേക രീതിയിലുള്ള മെറ്റാലിക് ഹൈ സ്പീഡ് ടേപ്പ് ആണ്. എയറോനോട്ടിക്കൽ ആവശ്യങ്ങൾക്കായി ഇത് സാധാരണ ഉപയോഗിക്കാറുണ്ട്” – ഐടിഎ എയർവേയ്‌സ് അധികൃതരുടെ വിശദീകരണം ഇങ്ങനെയായിരുന്നു.

Related Articles

Latest Articles