പാക് കരസേനാമേധാവി ജനറല്‍ സെയ്ദ് അസീം മുനീറിന് ഫീല്‍ഡ് മാര്‍ഷലായി സ്ഥാനക്കയറ്റം. പാകിസ്ഥാന്റെ പരമോന്നത സേനാപദവിയാണ് ഫീല്‍ഡ് മാര്‍ഷല്‍ തസ്തിക. ഇന്ത്യയുമായുള്ള സംഘര്‍ഷത്തിന് പിന്നാലെ അട്ടിമറിയുണ്ടായേക്കുമെന്ന ഭയം മൂലമാണ് സ്ഥാനക്കയറ്റം നൽകാൻ പാക് സർക്കാർ നിർബന്ധിതരായത് എന്നാണ് വിവരം. അസീം മുനീറിന് ഫീല്‍ഡ് മാര്‍ഷലായി സ്ഥാനക്കയറ്റം അനുവദിച്ചുകൊണ്ടുള്ള നിര്‍ദേശത്തിന് പാകിസ്ഥാൻ മന്ത്രിസഭ ഇന്ന് അംഗീകാരം നല്‍കിയതായി പാക് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
അടുത്തിടെയാണ് പാകിസ്ഥാന്റെ സൈനിക മേധാവിക്ക് കൂടുതല്‍ അധികാരങ്ങള്‍ നല്‍കുന്ന പാക് സുപ്രീം കോടതി വിധി പുറപ്പെടുവിച്ചത്. ഈ വിധിയിലൂടെ പാക് പൗരന്മാരെ സൈനികകോടതികളിലും വിചാരണ ചെയ്യാനുള്ള അധികാരം സൈന്യത്തിന് ലഭിച്ചിരുന്നു. സൈന്യത്തിന് അധികാരപരിധി വര്‍ധിക്കുന്നത് അട്ടിമറിക്ക് വഴിയൊരുക്കുമെന്ന് ഭയം സര്‍ക്കാരിനുണ്ട്. ഇതിനിടെയാണ് ഫീല്‍ഡ് മാര്‍ഷല്‍ പദവി സമ്മാനിച്ച് ഭരണകൂടവും മുനീറിനെ സന്തോഷിപ്പിക്കുന്നത്
പാകിസ്ഥാന്റെ ചരിത്രത്തിൽ ഒരു ഫീല്‍ഡ് മാര്‍ഷല്‍ മാത്രമാണ് പാക് സൈന്യത്തില്‍ നിന്ന് ഉണ്ടായിട്ടുള്ളത്. പാക് സൈനിക മേധാവി ആയിരുന്ന ജനറല്‍ ആയൂബ് ഖാനാണ് ഇതിന് മുന്‍പ് ഫീല്‍ഡ് മാര്‍ഷല്‍ ആയത്. പിന്നീട് സൈനിക അട്ടിമറിയിലൂടെ ആയൂബ് ഖാന്‍ അധികാരം പിടിച്ചെടുക്കുകയും പാകിസ്ഥാന്റെ രണ്ടാമത്തെ പ്രസിഡന്‍റാവുകയും ചെയ്തിരുന്നു.

