Wednesday, October 28, 2026

നടുങ്ങി വിറച്ച് സിഡ്‌നി ! അക്രമിയെ വെടിവച്ച് കീഴ്‌പ്പെടുത്തിയത് വനിതാ പോലീസ് ഓഫീസർ; നഗരത്തെ വിറപ്പിച്ച കത്തിയാക്രമണത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്

സിഡ്‌നിയിലെ ഷോപ്പിങ് മാളില്‍ നടന്ന കത്തിയാക്രമണത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത് വന്നു. പ്രാദേശിക സമയം ശനിയാഴ്ച വൈകുന്നേരത്തോടെ സിഡ്‌നിയിലെ ‘വെസ്റ്റ്ഫീല്‍ഡ് ബോണ്ടി ജങ്ഷനിലുണ്ടായ ആക്രമണത്തിൽ ആറുപേരാണ് കൊല്ലപ്പെട്ടത്. 9 മാസം പ്രായമുള്ള കുട്ടിക്കടക്കം 9 പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരിൽ ചിലരുടെ നില ഗുരുതരമായതിനാൽ മരണ സംഖ്യ ഇനിയും ഉയരുമെന്നാണ് സൂചന. അക്രമിയെ പോലീസ് വെടിവച്ചു കൊന്നു. ഒരുമണിക്കൂറോളം മാളില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച അക്രമിയെ ഒടുവില്‍ വനിതാ പോലീസ് ഓഫീസറാണ് വെടിവെച്ച് കീഴ്‌പ്പെടുത്തിയത്. കത്തിയുമായി നീങ്ങിയ അക്രമിയെ പോലീസ് ഉദ്യോഗസ്ഥ പിന്തുടരുകയും തിരിഞ്ഞ് അക്രമിക്കാനൊരുങ്ങും മുന്‍പേ നെഞ്ചിലേക്ക് വെടിവെച്ച് കീഴ്‌പ്പെടുത്തുകയുമായിരുന്നുവെന്ന് ഒരു ദൃക്‌സാക്ഷി മാദ്ധ്യമങ്ങളോട് വെളിപ്പെടുത്തി.

പ്രാദേശികസമയം ശനിയാഴ്ച വൈകിട്ട് 3.20-ഓടെയാണ് മാളില്‍ ആക്രമണം നടന്നത്. വലിയ കത്തിയും കൈയിലേന്തി മാളിലെത്തിയ അക്രമി കണ്ണില്‍കണ്ടവരെയെല്ലാം കുത്തിവീഴ്ത്തുകയായിരുന്നു.
കണ്‍മുന്നില്‍ കണ്ടവരെയെല്ലാം അക്രമി ലക്ഷ്യമിട്ടതോടെ മാളിലുണ്ടായിരുന്നവര്‍ പരിഭ്രാന്തരായി പരക്കംപാഞ്ഞു. എസ്‌കലേറ്റര്‍ വഴി മാളിലെ മുകള്‍നിലയിലേക്ക് നീങ്ങുന്ന ആക്രമിയെ വെളുത്ത ടീഷര്‍ട്ട് ധരിച്ചയാള്‍ കയ്യിൽ കിട്ടിയ സ്റ്റൂളുമായി പ്രതിരോധിക്കാൻ ശ്രമിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തു വന്നിട്ടുണ്ട്. മാളിൽ പരിക്കേറ്റവര്‍ ചോരയൊലിച്ച് കിടക്കുന്നദൃശ്യങ്ങളും പോലീസ് ഉദ്യോഗസ്ഥര്‍ ഇവര്‍ക്ക് അടിയന്തര ശുശ്രൂഷ നല്‍കുന്ന ദൃശ്യങ്ങളും സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

ആക്രമണത്തിന് പിന്നില്‍ ഒരാള്‍ മാത്രമേയുള്ളൂവെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സ്ഥലത്ത് ഇനി കൂടുതല്‍ ഭീഷണികളില്ലെന്നും പോലീസ് അധികൃതർ മാദ്ധ്യമങ്ങളോട് പറഞ്ഞു. അതേസമയം, അക്രമിയെക്കുറിച്ചുള്ള കൂടുതല്‍വിവരങ്ങളോ ആക്രമണത്തിന്റെ കാരണമെന്താണെന്നോ ഇതുവരെ വ്യക്തമല്ല.

Related Articles

Latest Articles