ന്യൂയോർക്ക്: അമേരിക്കൻ നാവിക സേനയെ നയിക്കാൻ ഇനിമുതൽ പെൺകരുത്ത്. നാവിക സേനയുടെ മേധാവിയായി അഡ്മിറൽ ലിസ ഫ്രാഞ്ചെട്ടിയെ നാമനിർദ്ദേശം ചെയ്യുമെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ വ്യക്തമാക്കി. അമേരിക്കൻ നാവിക സേനയുടെ ചരിത്രത്തിൽ തന്നെ ആദ്യമായാണ് മേധാവിയായി ഒരു സ്ത്രീയ്ക്ക് നാമനിർദ്ദേശം ലഭിക്കുന്നത്.
അതേസമയം, നിലവിൽ നാവിക സേനയുടെ ഉപമേധാവിയാണ് ലിസ. കഴിഞ്ഞ 38 വർഷമായി നാവിക സേനയ്‌ക്കൊപ്പം ചേർന്ന് ലിസ രാജ്യത്തെ സേവിക്കുകയാണെന്നും നിലവിൽ വൈസ് ചീഫ് ആയി പ്രവർത്തിച്ചു വരുകയാണെന്നും ജോ ബൈഡൻ വ്യക്തമാക്കി. യുഎസ് നാവിക സേനയുടെ ഫോർ സ്റ്റാർ അഡ്മിറൽ പദവി ലഭിക്കുന്ന രണ്ടാമത്തെ വനിതയാണ് ലിസ. ഇതിന് പുറമേ നാവിക സേനയുടെ ആദ്യ വനിതാ മേധാവി എന്ന നിലയിൽ കൂടി ലിസ ചരിത്രമെഴുതാൻ പോകുകയാണെന്നും ജോ ബൈഡൻ വ്യക്തമാക്കി.
അതേസമയം, അഡ്മിറൽ മൈക്ക് ഗിൽഡേയ് ആണ് നിലവിലെ നാവിക സേനാ മേധാവി. അടുത്ത മാസമാണ് മൈക്ക് ഗിൽഡേയ് വിരമിക്കുന്നത്.
നാല് വർഷമാണ് നാവിക സേനാ മേധാവിയുടെ സേവന കാലാവധി. 2022 സെപ്തംബറിലായിരുന്നു നാവിക സേന ഉപ മേധാവിയായി ലിസ ചുമതലയേൽക്കുന്നത്. അതേസമയം ഇതുമായി ബന്ധപ്പെട്ട അന്തിമ തീരുമാനം സെനറ്റിന്റെതാണ്.

