Friday, May 17, 2024
spot_img

സുപ്രീംകോടതി വിധിയുടെ മറവിൽ കമ്മ്യൂണിസ്റ്റ് സർക്കാർ നടത്തിയത് സമാനതകളില്ലാത്ത ഹിന്ദു വേട്ട; ആസുരിക ശക്തികളെ ചെറുക്കാൻ പ്രതിരോധക്കോട്ടകെട്ടി നീതിപീഠത്തിൽ പ്രതീക്ഷയർപ്പിച്ച് ഹൈന്ദവ സമൂഹം; ശബരിമല യുവതീ പ്രവേശന വിധിക്ക് അഞ്ചുവർഷം

തിരുവനന്തപുരം: സമാനതകളില്ലാത്ത ഹിന്ദു വേട്ടയ്ക്ക് കമ്മ്യൂണിസ്റ്റ് ഭരണകൂടം ദുരുപയോഗം ചെയ്‌ത ശബരിമലയിൽ എല്ലാ പ്രായത്തിലുംപെട്ട സ്ത്രീകൾക്കും പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീംകോടതി വിധി വന്നിട്ട് ഇന്ന് അഞ്ചാണ്ട് തികയുകയാണ്. 2018 സെപ്റ്റംബര്‍ 28 നാണ് അന്നത്തെ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആയ ദീപക് മിശ്ര അദ്ധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബഞ്ച് സുപ്രധാന വിധി പുറപ്പെടുവിച്ചത്. ബഞ്ചിലെ നാല് ന്യായാധിപന്മാർ യുവതീ പ്രവേശനത്തെ അനുകൂലിച്ചപ്പോൾ ഏക വനിതാ ജഡ്ജിയായിരുന്ന ജസ്റ്റിസ് ഇന്ദു മൽഹോത്ര എതിർക്കുകയായിരുന്നു.

വിധിയിൽ പുനഃപരിശോധനാ സാധ്യതകൾ ഉണ്ടായിരുന്നിട്ടും ലക്ഷങ്ങളുടെ വിശ്വാസത്തെ ബാധിക്കുന്ന പ്രശ്‌നമായിട്ടും സമവായത്തിന് നിൽക്കാതെ പരമാവധി പ്രകോപനം സൃഷ്ടിക്കാനും വിശ്വശാന്തി നിലയമായ പൂങ്കാവനത്തെ സംഘർഷ ഭരിതമാക്കാനും പിണറായി വിജയൻ സർക്കാർ ഈ വിധിയെ കരുവാക്കി. സുപ്രീം കോടതി വിധി നടപ്പിലാക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചതോടെ കേരളത്തിൽ ശബരിമല വലിയ രാഷ്ട്രീയ ചർച്ചകൾക്ക് കാരണമായി. ബിജെപിയും കോൺഗ്രസും സർക്കാർ നിലപാടിനെ പരസ്യമായി എതിർത്തു. എന്നാൽ, വിധി നടപ്പിലാക്കുന്നതിൽ നിന്ന് പിന്നോട്ടില്ലെന്ന ധാർഷ്ട്യം നിറഞ്ഞ നിലപാടായിരുന്നു സംസ്ഥാന സർക്കാരിന്. ആക്ടിവിസ്റ്റുകളും അവിശ്വാസികളും അന്യമതസ്ഥരുമായ യുവതികളെ പൊലീസ് സുരക്ഷയോടെ സന്നിധാനത്തെത്തിക്കാൻ ശ്രമങ്ങൾ നടന്നു. എന്നാൽ, ഭക്തർ സമാധാനപരമായ പ്രതിഷേധത്തിലൂടെ അതിനെ ചെറുത്തു തോൽപ്പിച്ചു. ആചാരലംഘനത്തിന് കച്ചകെട്ടിയിറങ്ങിയ സർക്കാരിനെതിരെ ഭക്തരും ഹിന്ദു സംഘടനകളും സന്നിധാനത്ത് അണിനിരന്നു. ലക്ഷക്കണക്കിന് സ്ത്രീകൾ വിശ്വാസ സംരക്ഷണത്തിനായി തെരുവിൽ നാമജപം നടത്തി. എന്നാൽ സർക്കാർ പ്രതിഷേധങ്ങളെ അവഹേളിക്കുകയും ഭക്തരെ ചവിട്ടി മെതിക്കുകയും കാരാഗ്രഹത്തിലടയ്ക്കുകയും ചെയ്‌തു. ആയിരക്കണക്കിന് ഭക്തർക്കെതിരെ കലാപാഹ്വാനം ഉൾപ്പെടെയുള്ള ഗുരുതര വകുപ്പുകൾ ചേർത്ത് കേസെടുത്തു.

ഒടുവിൽ 2019 ജനുവരി 02 ന് രണ്ട്‍ ആക്ടിവിസ്റ്റുകളായ യുവതികളെ ഇരുട്ടിന്റെ മറവിൽ സന്നിധാനത്ത് എത്തിച്ച് ഹിന്ദുക്കളുടെ മതവികാരം വ്രണപ്പെടുത്തിയ ഭരണകൂടത്തിന് പിന്നീട് തിരിച്ചടികളുടെ കാലമായിരുന്നു . തുടർന്ന് നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സിപിഎം നിലം തൊട്ടില്ല. വീടുവീടാന്തിരം കയറിയിറങ്ങി സഖാക്കൾക്ക് പിന്നീട് മാപ്പ് പറയേണ്ടി വന്നു, എന്നാലും ശബരിമല വിഷയത്തിൽ നിയമ നിർമ്മാണം നടത്താനോ സുപ്രീംകോടതിയിൽ വിവിധ സംഘടനകൾ നടത്തിയ പുനഃപരിശോധനാ ഹർജ്ജിയെ മാനിക്കാനോ സിപിഎം തയ്യാറായില്ല. എങ്കിലും പിന്നീടുള്ള സീസണുകളിൽ യുവതീ പ്രവേശനം തടഞ്ഞുകൊണ്ടുള്ള പഴയ സ്ഥിതി സർക്കാർ പുനഃസ്ഥാപിച്ചു.

ഭരണകൂടത്തിന്റെ വിശ്വാസസമൂഹത്തോടുള്ള സമീപനത്തെ നാമജപം കൊണ്ട് പ്രതിഷേധിക്കുമ്പോഴും. പുനഃപരിശോധനാ ഹർജ്ജിയിലുള്ള സുപ്രീംകോടതിയുടെ തീർപ്പിൽ പ്രതീക്ഷയർപ്പിക്കുകയാണ് ഹിന്ദു സമൂഹം. വിധി പുനഃപരിശോധിക്കണം എന്നാവശ്യപ്പെട്ടുകൊണ്ടുള്ള 56 ഹർജ്ജികളാണ് ഇന്ന് സുപ്രീംകോടതിയുടെ പരിഗണനയിലുള്ളത്. വിധിയിൽ വിശ്വാസ സമൂഹത്തിന്റെ ആശങ്കകൾ പരിഹരിക്കപ്പെടുമെന്ന് അവർ വിശ്വസിക്കുന്നു. 2018 ലെ നിലപാട് ആവർത്തിക്കാൻ ഇനി ഭരണകൂടവും ഒന്ന് ഭയപ്പെടുമെന്നും തീർച്ചയാണ്.

Related Articles

Latest Articles