Thursday, May 23, 2024
spot_img

എൻസിപി ദേശീയ അധ്യക്ഷസ്ഥാനത്ത് ശരദ് പവാർ തുടരും : രാജി വയ്ക്കാനുള്ള തീരുമാനം പവാർ പിൻവലിച്ചു

മുംബൈ ∙ എൻസിപി ദേശീയ അധ്യക്ഷസ്ഥാനത്ത് ശരദ് പവാർ തുടരും. പ്രവർത്തകരുടെ വികാരത്തോട് അവമതിപ്പ് കാണിക്കാൻ സാധിക്കില്ലെന്നും പാർട്ടി അധ്യക്ഷ പദവി വീണ്ടും ഏറ്റെടുക്കുന്നുവെന്നും പവാർ വ്യക്തമാക്കി. എൻസിപിയിലെ മുതിർന്ന നേതാക്കളുടെ നേതൃത്വത്തിൽ ചേർന്ന കോർ കമ്മിറ്റി യോഗത്തിൽ പവാർ അധ്യക്ഷ സ്ഥാനത്ത് തുടരണമെന്ന പ്രമേയം എതിരില്ലാതെ പാസാക്കി.

കോർ കമ്മിറ്റി യോഗത്തിന് പിന്നാലെയാണ് രാജി വയ്ക്കാനുള്ള തീരുമാനം പിൻവലിക്കുന്നതായി പവാർ അറിയിച്ചത്. പുതിയ അധ്യക്ഷനെ തിരഞ്ഞെടുക്കാൻ ശരദ് പവാർ നിശ്ചയിച്ച 18 അംഗങ്ങൾ അടങ്ങിയ കോർ കമ്മിറ്റി യോഗമാണ് പവാറിന്റെ രാജി പിൻവലിക്കണമെന്ന് ശക്തമായി ആവശ്യപ്പെട്ടത്.

‘വർഷങ്ങളായി എന്നോടൊപ്പമുള്ള അനുയായികളുടെയും വോട്ടർമാരുടെയും വികാരങ്ങളോട് അവമതിപ്പ് കാണിക്കാനാകില്ല. എന്നിലുള്ള അവരുടെ വിശ്വാസത്തിലും സ്നേഹത്തിലുമാണ് ഞാൻ മുന്നോട്ടു പോയത്. അതിനാൽ രാജി വയ്ക്കാനുള്ള തീരുമാനം പിൻവലിക്കുന്നു’– പവാർ മാധ്യമങ്ങളോട് വെളിപ്പെടുത്തി .

തന്റെ ആത്മകഥയുടെ രണ്ടാം പതിപ്പ് പുറത്തിറക്കവെ ഇക്കഴിഞ്ഞ രണ്ടിനാണ് പാർട്ടി അണികളെ ഞെട്ടിച്ചു കൊണ്ട് രാജിവയ്ക്കാനുള്ള തീരുമാനം പവാർ പ്രഖ്യാപിച്ചത്. പിന്നീട് രാജിക്കെതിരെ പാർട്ടി നേതാക്കൾ ഒന്നടങ്കം രംഗത്തെത്തിയതോടെ തീരുമാനം പുനഃപരിശോധിക്കാമെന്ന് അദ്ദേഹം സമ്മതിച്ചതായി അനന്തിരവൻ അജിത് പവാർ വെളിപ്പെടുത്തിയിരുന്നു.

Related Articles

Latest Articles