Friday, April 26, 2024
spot_img

പമ്പയിലെ സുരക്ഷാ സംവിധാനങ്ങളില്‍ ആശങ്ക; റിപ്പോര്‍ട്ട് സമർപ്പിച്ച്‌ അഗ്‍നിരക്ഷാ സേന

പത്തനംതിട്ട: ശബരിമല തീർത്ഥാടനം തുടങ്ങാനിരിക്കെ പമ്പയിലെ സുരക്ഷാ സംവിധാനങ്ങളിൽ ആശങ്ക പ്രകടിപ്പിച്ച് അഗ്നിരക്ഷാ സേനയുടെ റിപ്പോർട്ട്. ഭൂരിഭാഗം കെട്ടിടങ്ങളുടെയും ബലക്ഷമത പരിശോധിക്കണെമെന്നാണ് ആവശ്യം. പമ്പയിലോ നിലയ്ക്കലോ അഗ്നിരക്ഷാ സേനയ്ക്ക് സ്ഥിരം സ്റ്റേഷൻ വേണെമെന്നും റിപ്പോർട്ടിൽ പറയുന്നു. മണ്ഡല മകരവിളക്ക് തീർത്ഥാടനത്തിന് മുന്നോടിയായി അഗ്നിരക്ഷാ സേനയുടെ നേതൃത്വത്തിൽ നിലയ്ക്കൽ മുതൽ സന്നിധാനം വരെയുള്ള സ്ഥലങ്ങളിൽ പരിശോധന നടത്തിയാണ് റിപ്പോർട്ട് തയ്യാറാക്കിയത്.

നിലവിൽ പമ്പയിലുള്ള ഭൂരിഭാഗം കെട്ടിടങ്ങളും കാലപ്പഴക്കമുള്ളതാണ്. ഈ കെട്ടിടങ്ങളിൽ ഒന്നില്‍ പോലും അഗ്നിസുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കപ്പെട്ടിട്ടില്ലെന്നാണ് അഗ്നിരക്ഷാ സേനയുടെ കണ്ടെത്തൽ. വിദഗ്ധമായ പരിശോധനകൾക്ക് ശേഷം മാത്രമേ കെട്ടിടങ്ങൾ തുറന്ന് പ്രവർത്തിക്കാവു. പമ്പയിലെ സർക്കാർ ആശുപത്രിയിലെ മുഴുവൻ സുരക്ഷാ സംവിധാനങ്ങളും മാറ്റി സ്ഥാപിക്കണം. പമ്പ ഗണപതി കോവിലിനോട് ചേർന്നുള്ള ശ്രീവിനായക ഗസ്റ്റ് ഹൌസിന്‍റെ മുകളിലുള്ള ജല സംഭരണിയുടെ കാര്യത്തിലും ആശങ്കയുണ്ട് .

നാലുലക്ഷം ലിറ്റർ സംഭരണ ശേഷിയുള്ള ജലസംഭരണിയുടെ മർദ്ദം താങ്ങാൻ കെട്ടിടത്തിന് ശേഷിയുണ്ടോയെന്ന് കൃത്യമായ പരിശോധന വേണം. ശബരിമലയിലെത്തുന്ന മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും ഈ ഗസ്റ്റ് ഹൗസിലാണ് താമസിക്കുന്നത്. നിലയ്ക്കൽ മുതൽ സന്നിധാനം വരെയുള്ള വിവിധ ഇടങ്ങളിലെ ഫയർ ഹൈഡ്രന്റുകളിൽ പലതും പ്രവർത്തനക്ഷമമല്ലെന്നും കണ്ടെത്തിയിട്ടുണ്ട്. ഭക്തർ കടന്നുപോകുന്ന നീലിമല പാതയിൽ തിപിടിത്തമുണ്ടായാല്‍ അതിനെ പ്രതിരോധിക്കാനുള്ള സംവിധാനം ഈ പ്രദേശത്ത് നിലവിലില്ല.

നീലിമല പാതയിൽ 100 മീറ്റർ അകലത്തിൽ പുതിയ ഫയർ ഹൈഡ്രന്റുകൾ സ്ഥാപിക്കണം. വർഷങ്ങളായി ശബരിമലയിൽ അഗ്നിരക്ഷാ സേനയ്ക്ക് താത്കാലിക സംവിധാനമാണ് ഒരുക്കുന്നത്. നിരവധി അത്യാധുനിക ഉപകരണങ്ങൾ പ്രവർത്തിക്കുന്ന ശബരിമലയിൽ സ്ഥിരം സംവിധാനം ഇല്ലാത്തത് ഇവയുടെ പരിപാലനത്തെ ബാധിക്കുന്നുണ്ടെന്നാണ് പരാതി. മറ്റ് വകുപ്പുകൾക്ക് സ്ഥിരം ഓഫീസുകളുള്ള സാഹചര്യത്തിൽ അഗ്നിരക്ഷ സേനയ്ക്കും സ്ഥിരം സ്റ്റേഷൻ സ്ഥാപിക്കാനുള്ള പദ്ധതി മാസ്റ്റർ പ്ലാനിൽ ഉൾപ്പെടുത്തണമെന്നാണ് റിപ്പോർട്ടിലെ പ്രധാന നിർദേശം.

Related Articles

Latest Articles