Monday, May 6, 2024
spot_img

മണ്ഡല-മകരവിളക്ക് തീർഥാടനം: ശബരിമലയില്‍ സുസജ്ജമായി അഗ്നിശമന സേന; വലിയ നടപ്പന്തലും പടികളും ശുചീകരിച്ചു

ശബരിമല: ശബരിമല (Sabarimala) മണ്ഡല-മകരവിളക്ക് തീർഥാടനം ആരംഭിച്ചത്തിന് പിന്നാലെ സന്നിധാനത്തെ വലിയ നടപ്പന്തലും തിരുമുറ്റത്തേക്ക് കയറുന്ന പടികളും അഗ്‌നിശമന സേന കഴുകി വൃത്തിയാക്കി. അത്യാഹിതങ്ങള്‍ ഉണ്ടാകാതെ അതീവ ജാഗ്രത പുലര്‍ത്തുന്നതിനൊപ്പമാണ് തീര്‍ഥാടകര്‍ക്ക് ബുദ്ധിമുട്ടുണ്ടാകാതെ സന്നിധാനത്ത് തിരക്ക് കുറയുന്ന സമയം വളരെ ശ്രദ്ധയോടെ ഫയര്‍ ഫോഴ്‌സ് സേനാംഗങ്ങള്‍ ശുചീകരണം നടത്തുന്നത്. സീറോ ടോക്ക് ഹാന്‍ഡ് കണ്‍ട്രോള്‍ഡ് ബ്രാഞ്ച് ഉപയോഗിച്ച് വലിയ നടപ്പന്തലില്‍ നിന്ന് തിരുമുറ്റത്തേക്ക് കയറുന്ന പടികളിലെ പായല്‍ നീക്കം ചെയ്തു. രാവിലെ അപ്പം അരവണ കൗണ്ടര്‍ പരിസരത്തും ഉച്ചയ്ക്ക് ശേഷം നടപ്പന്തലിലും വെള്ളം പമ്പ് ചെയ്ത് ശുചീകരിച്ചു. ഫയര്‍ഫോഴ്‌സ് സേനാംഗങ്ങള്‍ക്കൊപ്പം അയ്യപ്പാ സേവാ സംഘം സന്നദ്ധ പ്രവര്‍ത്തകരും ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായി.

ഫയര്‍ഫോഴ്സ് സ്പെഷ്യല്‍ ഓഫീസര്‍ എസ്. സൂരജിന്റെ നേതൃത്വത്തില്‍ സ്റ്റേഷന്‍ ഓഫീസര്‍ ഗോപകുമാര്‍, അസി. സ്റ്റേഷന്‍ ഓഫീസര്‍ ടി. വിജയന്‍, സീനിയര്‍ ഫയര്‍ ആന്‍ഡ് റസ്‌ക്യു ഓഫീസര്‍ രാജശേഖരന്‍, ഫയര്‍ ആന്‍ഡ് റസ്‌ക്യു ഓഫീസര്‍മാരായ വി.ആര്‍. അരുണ്‍കുമാര്‍, രാഹുല്‍, ജയേഷ്, വിജയ് തുടങ്ങിയവരാണ് വാട്ടര്‍ പമ്പിംഗ് പ്രവര്‍ത്തനങ്ങള്‍ നടത്തിയത്.

വെള്ളം അടിക്കുന്നതിനായി നടപ്പന്തല്‍, കൊപ്രാക്കളം പരിസരം, മാളികപ്പുറം, കെഎസ്ഇബി ഓഫീസിന് സമീപം, ശരംകുത്തി, മരക്കൂട്ടം തുടങ്ങി സന്നിധാനത്തെ വിവിധ ഇടങ്ങളിലായി ഫയര്‍ പോയിന്റുകളുണ്ട്. ഈ പോയിന്റുകളിലെ ഫയര്‍ ഹൈഡ്രന്റുകളില്‍ നിന്നുള്ള ജലമാണ് ഹോസ് മുഖേന പമ്പ് ചെയ്യുന്നത്. സന്നിധാനത്തെ ഫയര്‍ ആന്‍ഡ് റസ്‌ക്യു കണ്‍ട്രോള്‍റൂം മുഖേനയാണ് ഫയര്‍ പോയിന്റുകള്‍ നിയന്ത്രിക്കുന്നത്. നിലവില്‍ സന്നിധാനത്ത് 42 ഉം പമ്പയില്‍ 40 ഉം ഉദ്യോഗസ്ഥരെയാണ് അഗ്‌നിശമന സേനാ പ്രവര്‍ത്തനങ്ങള്‍ക്കായി വിന്യസിച്ചിട്ടുള്ളത്. ഇതിന് പുറമെ സിവില്‍ ഡിഫന്‍സ് അംഗങ്ങളും പമ്പയിലും സന്നിധാനത്തുമായി പ്രവര്‍ത്തിക്കുന്നുണ്ട്. അടിയന്തിര ഘട്ടങ്ങളിലെ ഉപയോഗത്തിനായി കോണ്‍ക്രീറ്റ് കട്ടര്‍, ഇന്‍ഫ്‌ളേറ്റബിള്‍ ടവര്‍ ലൈറ്റ്, ഹ്രൈഡ്രോളിക് റസ്‌ക്യു ടൂള്‍സ്, ചെയിന്‍ സോ, വാട്ടര്‍ മിസ്റ്റ്, ഫോം മേക്കിംഗ് എക്വിപ്‌മെന്റ്‌സ് തുടങ്ങിയ സംവിധാനങ്ങള്‍ ഫയര്‍ഫോഴ്‌സ് സജ്ജമാക്കിയിട്ടുണ്ട്.

Related Articles

Latest Articles