Wednesday, May 15, 2024
spot_img

‘തീപിടിത്തം സർക്കാരിന്റെ സ്ഥിരം പരിപാടി, നിർണ്ണായക രേഖകൾ നശിപ്പിക്കാനുള്ള തന്ത്രം’; ഗൗരവമുള്ള അന്വേഷണം വേണമെന്ന് വിഡി സതീശൻ

തിരുവനന്തപുരം: തീപിടിത്തം സർക്കാരിന്റെ സ്ഥിരം പരിപാടിയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. കോവിഡ് കാലത്ത് മരുന്ന് വാങ്ങിയ അഴിമതിയിൽ അന്വേഷണം നടക്കുന്നതിനിടെയാണ് മെഡിക്കൽ സർവീസ് കോർപറേഷനിൽ രണ്ടിടത്ത് തീപിടിത്തം നടന്നത്. ബ്ലീച്ചിങ് പൗഡറിൽ നിന്നാണ് തീപിടിത്തമുണ്ടായതെന്ന് പറയുന്നത് അവിശ്വസനീയമാണ്. അന്വേഷണം അട്ടിമറിക്കാനുള്ള ശ്രമമാണ് ഇതിന് പിന്നിലെന്ന് സംശയിക്കുന്നതായും അദ്ദേഹം പറഞ്ഞു.

കൊല്ലത്തും തിരുവനന്തപുരത്തും തീപിടിത്തത്തിൽ ലക്ഷക്കണക്കിന് രൂപയുടെ മരുന്ന് കത്തി നശിച്ചു. ഇതിന് പിന്നിൽ അട്ടിമറി ഉണ്ട്. കൊല്ലത്തിന് പിന്നാലെ തിരുവനന്തപുരത്തും ബ്ലീച്ചിംഗ് പൗഡറിൽ നിന്ന് തീ പടർന്നുവെന്നത് ആശ്ചര്യം ഉണ്ടാക്കുന്നതാണ്. ആവശ്യമായ സുരക്ഷാ സംവിധാനങ്ങൾ ഇവിടെ ഉണ്ടായിരുന്നില്ല. തീപിടിത്തം സർക്കാരിന്റെ സ്ഥിരം പരിപാടിയാണ്. സ്വർണ്ണക്കടത്തും റോഡിലെ ക്യാമറയും വിവാദമായപ്പോൾ സെക്രട്ടേറിയറ്റിലെ ബന്ധപ്പെട്ട സെഷനുകളിൽ തീപിടിത്തം നടന്നത് എന്തുകൊണ്ടാണെന്നും അദ്ദേഹം ചോദിച്ചു.

നിർണ്ണായക രേഖകൾ നശിപ്പിക്കാനുള്ള തന്ത്രമാണ് തീപിടിത്തത്തിന് പിന്നിലെന്ന് അദ്ദേഹം ആരോപിച്ചു. ഗൗരവമുള്ള അന്വേഷണം ഇക്കാര്യത്തിൽ ആവശ്യമാണ്. സംസ്ഥാനത്ത് അഴിമതി കേസുകളിലടക്കം എല്ലാ അന്വേഷണങ്ങളും സ്വാധീനിക്കപ്പെടുകയാണ്. രണ്ട് വർഷത്തിനിടെ 9 എംഡിമാർ മെഡിക്കൽ സർവ്വീസസ് കോർപറേഷനിൽ മാറി മാറി വന്നു. ആവശ്യത്തിൽ കൂടുതൽ മരുന്ന് വാങ്ങി കമ്മീഷനടിക്കുകയാണ് ചെയ്യുന്നത്. പർച്ചേസിന് വലിയ സംഘം തന്നെ പ്രവർത്തിക്കുന്നുണ്ട്. അഴിമതിയുടെ കേന്ദ്രത്തിൽ നിന്ന് ഉദ്യോഗസ്ഥർ ഓടി ഒളിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

Related Articles

Latest Articles