പനാജി: കണ്ണൂരിൽ നിന്നും വിനോദയാത്രയ്‌ക്ക് പോയ കോളേജ് വിദ്യാർത്ഥികൾ സഞ്ചരിച്ച
ടൂറിസ്റ്റ് ബസിന് തീ പിടിച്ചു. ഗോവയിലെ ഓൾഡ് ബെൻസാരിയിൽ വെച്ചാണ് അപകടമുണ്ടായത്. തീപിടുത്തത്തിൽ ആർക്കും പരിക്കില്ല. എന്നാൽ ബസ് പൂർണ്ണമായും കത്തി നശിച്ചുപോയി. തീപിടുത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ലെന്നാണ് റിപ്പോർട്ട്.
അതേസമയം അഗ്നിശമന സേന എത്തിയാണ് തീ അണച്ചത്. കണ്ണൂർ മാതമംഗലം ജെബിഎസ് കോളജിലെ വിദ്യാർത്ഥികൾ സഞ്ചരിച്ച സ്വകാര്യ ടൂറിസ്റ്റ് ബസിനാണ് തീ പിടിച്ചത്. ഓൾഡ് ഗോവയിൽ എത്തിയ വോൾവോ ബസിന്റെ എഞ്ചിനിൽ നിന്ന് പുക വരുന്നതായി മറ്റ് വാഹന ഡ്രൈവർമാർ ആദ്യം പറഞ്ഞെങ്കിലും ഡ്രൈവർ അത് കാര്യമാക്കാതെ മുന്നോട്ട് പോവുകയായിരുന്നു.
എന്നാൽ വൈകുന്നേരം 5.30 ഓടെ ബനസ്തരിമിൽ എത്തിയപ്പോൾ ബസ് പെട്ടെന്ന് കത്താൻ തുടങ്ങുകയായിരുന്നു. തുടർന്ന് ഡ്രൈവർ ഉടൻ ബസ് നിർത്തി യാത്രക്കാരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുകയാണ് ഉണ്ടായതെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്. വിനോദ യാത്ര കഴിഞ്ഞ് മടങ്ങുമ്പോഴാണ് അപകടമുണ്ടായത്.ടൂറിസ്റ്റ് ബസിന് തീപിടിച്ചതിനെ തുടർന്ന് ദേശീയപാതയിൽ വളരെനേരം ഗതാഗതം തടസ്സപ്പെട്ടു.

