Thursday, May 16, 2024
spot_img

കൊച്ചി അന്താരാഷ്‌ട്ര പുസ്തകോത്സവത്തിന് തിരിതെളിഞ്ഞു; വായനക്കാരെ കാത്ത് ഒരു പന്തലിൽ 200ലേറെ പ്രസാധകർ; ‘കുട്ടികളുടെ അന്താരാഷ്ട്ര പുസ്തകദിനം’ പ്രമാണിച്ച് ഇന്ന് കുട്ടികളുടെ ലിറ്ററേച്ചർ ഫെസ്റ്റിവലും കൊച്ചി സാഹിത്യോത്സവവും ഗോവ ഗവർണർ ഉദ്‌ഘാടനം ചെയ്യും

കൊച്ചി: കൊച്ചിയിൽ അന്താരാഷ്‌ട്ര പുസ്തകോത്സവത്തിന് തുടക്കമായി . സ്പാനിഷ് സാഹിത്യ കാരൻ ഒസ്‌കർ പൂജോൾ നിലവിളക്ക് കൊളുത്തിയാണ് കൊച്ചി അന്താരാഷ്‌ട്ര പുസ്തകോത്സവം ഉദ്ഘാടനം ചെയ്തത്. ഫെസ്റ്റിവൽ ചെയർമാൻ ജസ്റ്റിസ് തോട്ടത്തിൽ ബി രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ സി. രാധാകൃഷ്ണൻ പുസ്തകോത്സവ സന്ദേശം നൽകി. ഇരുപത്തിനാലാമത് അന്താരാഷ്‌ട്ര പുസ്തകോത്സവമാണ് എറണാകുളത്തപ്പൻ മൈതാനത്ത് ആരംഭിച്ചത്. പത്തു ദിവസത്തെ പുസ്തകോത്സവം ഏപ്രിൽ പത്തിനാണ് സമാപിക്കുന്നത്. ആഗോള സാഹിത്യരംഗത്ത് ഇന്ത്യയുടെ ഭാഷാ സ്വാധീനത്തെ എടുത്തുപറഞ്ഞ് സംസാരിച്ച ഒസ്‌കർ പൂജോൾ സംസ്‌കൃത ഭാഷയിൽ സംസാരിച്ച് തുടങ്ങിയത് സദസ്സ് കയ്യടിയോടെയാണ് സ്വീകരിച്ചത്. സ്പാനിഷ് ഭാഷ ഇന്ത്യയിൽ ആദ്യമായി ഉപയോഗിക്കപ്പെട്ടത് കേരളത്തിൽ ആയിരുന്നു. വാസ്‌കോഡഗാമ ഇന്ത്യയിൽ വന്നപ്പോൾ സ്പാനിഷ് ഭാഷ സംസാരിക്കുന്നവരെ കേരളത്തിൽ കണ്ടതായി രേഖപ്പെടുത്തിയിട്ടുണ്ട് എന്നു സ്പാനിഷ് എഴുത്തുകാരൻ ഓസ്‌കാർ പുജോൾ പറഞ്ഞു.

‘അഹിംസാ പരമോ ധർമ:’ എന്ന ഉപനിഷദ് വാക്യം ഇക്കാലത്തു പ്രസക്തമാണ്. പുസ്തകങ്ങളെ കാണാനും, വായിക്കാനും, അവയുടെ വിദ്യാ സൗരഭ്യം ശ്വസിക്കാനും, അവയിലെ ഉള്ളടക്കങ്ങൾ കേൾക്കാനും മാത്രമല്ല പുസ്തകങ്ങളുടെ രസം നുകരുവാനും പുസ്തകോത്സവം പോലെയുള്ള ആഘോഷങ്ങൾ വേദിയൊരുക്കുന്നു. കേരളം വായനക്കാരുടെ സമൂഹമാണ്.’-ഓസ്‌കാർ പുജോൾ പറഞ്ഞു. കൂടാതെ കേരളത്തിൽ എവിടെയും എല്ലാ ലോകസാഹിത്യത്തിലെ എല്ലാ പുസ്തകങ്ങളും ലഭിക്കുന്നതിന്റെ സന്തോഷവും അദ്ദേഹം ചൂണ്ടിക്കാട്ടി. ഉദ്ഘാടന ചടങ്ങിൽ ജെ. വിനോദ് എം എൽ എ, സാഹിത്യകാരിയും പ്രശസ്ത വിവർത്തകയുമായ ശ്രീകുമാരി രാമചന്ദ്രൻ, ഫെസ്റ്റിവൽ ഡയറക്ടർ എം. ശശിശങ്കർ, സെക്രട്ടറി ലിജി ഭരത് എന്നിവർ പ്രസംഗിച്ചു. ഉദ്‌ഘാടനശേഷം ശ്രീ പുജോൾ പുസ്തകോത്സവത്തിനെത്തിയവരുമായി സംവദിച്ചു. തുടർന്ന് ധരണി സൊസൈറ്റി ഓഫ് പെർഫോർമിങ് ആർട്‌സ് അവതരിപ്പിച്ച മോഹിനിയാട്ടം അരങ്ങേറി.

മാത്രമല്ല ഇന്ന് രാവിലെ 11 മണിയ്‌ക്ക് കുട്ടികളുടെ ലിറ്ററേച്ചർ ഫെസ്റ്റിവലും കൊച്ചി സാഹിത്യോത്സവവും ഗോവ ഗവർണർ പി. എസ്. ശ്രീധരൻ പിള്ള ഉദ്‌ഘാടനം ചെയ്യും. ഫ്രഞ്ച് ബാലസാഹിത്യകാരി നാദിൻ ബ്രൺ കോസ്‌മേ ചടങ്ങിൽപങ്കെടുക്കും. പുസ്തകോത്സവത്തിൽ വിദ്യാർത്ഥികൾക്ക് മുന്നൂറ് രൂപയുടെ പുസ്തകകൂപ്പൺ ഇന്ന് ലഭിക്കുമെന്നും കുട്ടികൾക്ക് ഇഷ്ടമുള്ള പുസ്തകങ്ങൾ വാങ്ങാമെന്നും സംഘാടകർ അറിയിച്ചു. അതേസമയം പ്രസിദ്ധ ബാലസാഹിത്യകാരനായിരുന്ന ഹാൻസ് കൃസ്റ്റ്യൻ ആൻഡേഴ്സന്റെ ജന്മദിനമായ ഏപ്രിൽ 2 ആണ് കുട്ടികളുടെ അന്താരാഷ്ട്ര പുസ്തകദിനമായി ആഘോഷിക്കുന്നത്. ഇന്റർനാഷണൽ ബോർഡ് ഓൺ ബുക്സ് ഫോർ യങ് പ്യൂപ്പിൾ ആണ് ഇതിന് നേതൃത്വം നൽകുന്നത്. 1967 മുതലാണ് ഇതാരംഭിക്കുന്നത്. ഓരോ വർഷവും ഈ ദിനം ആഘോഷിക്കുന്നതിന് ഓരോ രാജ്യങ്ങൾ തെരഞ്ഞെടുക്കും. ആ രാജ്യത്തെ പ്രമുഖനായ ഒരു എഴുത്തുകാരനോട് ഒരു സന്ദേശം എഴുതിത്തരാൻ ആവശ്യപ്പെടും. പ്രമുഖനായ ഒരു ചിത്രകാരനെ കൊണ്ട് പോസ്റ്റർ തയ്യാറാക്കിപ്പിക്കും. ഇവ പുസ്തകങ്ങളും വായനയും പ്രചരിപ്പിക്കാൻ ഉപയോഗിക്കും. സ്ക്കൂളുകളിലും പൊതുഗ്രന്ഥശാലകളിലും ഈ ദിനവുമായി ബന്ധപ്പെട്ട് പരിപാടികൾ സംഘടിപ്പിക്കുന്നതാണ്

Related Articles

Latest Articles