Sunday, June 16, 2024
spot_img

ഉറച്ചനിലപാടുകളിലെ സ്ത്രീശബ്‌ദം നിലച്ചിട്ട് ഇന്ന് ഒരു വര്‍ഷം

തിരുവനന്തപുരം: നിലപാടിലെ നീതിയും ജീവിതത്തിലെ സത്യസന്ധതയും കൊണ്ട് ഇന്ത്യയിലെ മുന്‍നിര പത്രപ്രവര്‍ത്തകരില്‍ ഒരാളായ ലീലാ മേനോന്‍ അന്തരിച്ചിട്ട് ഇന്ന് ഒരുവര്‍ഷം തികയുന്നു.

1949ല്‍ പോസ്റ്റോഫീസില്‍ ക്ളാര്‍ക്കായി. ഇന്ത്യയിലെ ആദ്യത്തെ ടെലിഗ്രാഫിസ്റ്റായി 1978 വരെ അവിടെ ജോലി ചെയ്തു. ജേര്‍ണലിസത്തില്‍ ഗോള്‍ഡ് മെഡലിസ്റ്റായിരുന്നു.

1978 ല്‍ ഇന്ത്യന്‍ എക്സ്പ്രസ് ദല്‍ഹിയില്‍ സബ് എഡിറ്ററായി ജോലിയില്‍ പ്രവേശിച്ചു. 82 വരെ കൊച്ചിയില്‍ സബ് എഡിറ്റര്‍. പിന്നീട് 1990വരെ കോട്ടയം ബ്യൂറോ ചീഫ്. 2000ല്‍ ജോലി രാജിവെച്ചു. തുടര്‍ന്ന് ഹിന്ദു, ഔട്ട് ലുക്ക്, വനിത, മാധ്യമം, മലയാളം തുടങ്ങിയ ഇംഗ്ലീഷ്, മലയാളം പ്രസിദ്ധീകരണങ്ങളില്‍ കോളമിസ്റ്റായി. അതിനു ശേഷം കേരളാ മിഡ് ഡേ ടൈംസില്‍. പിന്നീട് ജന്മഭൂമി ദിനപ്പത്രത്തിന്റെ ചീഫ് എഡിറ്ററായി. കേരളത്തിലെ ആദ്യ വനിതാ ചീഫ് എഡിറ്റര്‍ എന്ന വിശേഷണവും ലീലോമേനോന് സ്വന്തം. യശ്ശശരീരനായ മുണ്ടിയാത്ത് വീട്ടില്‍ മേജര്‍ ഭാസ്‌ക്കരമേനോനാണ് ഭര്‍ത്താവ്.

നിരവധി പുരസ്‌ക്കാരങ്ങളുടെ ഉടമയായ ലീലാ മേനോന്‍ ദേശീയ അന്തര്‍ദ്ദേശീയ നിലവാരമുള്ള അനേകം എസ്‌ക്ലൂസീവ് സ്റ്റോറികള്‍ പ്രസിദ്ധീകരിച്ചു. സുപ്രീംകോടതിയുടെ വിധിന്യായങ്ങളില്‍ ലീലാ മേനോന്റെ റിപ്പോര്‍ട്ടുകള്‍ പരാമര്‍ശിച്ചിട്ടുണ്ട്. സമൂഹത്തില്‍ കോളിളക്കം സൃഷ്ടിച്ച വൈപ്പിന്‍ വിഷമദ്യ ദുരന്തം, സൂര്യനെല്ലിക്കേസ്, തോപ്പുംപടി പെണ്‍വാണിഭം തുടങ്ങി കേരളത്തെ നടുക്കിയ വാര്‍ത്തകള്‍ ലോകം അറിഞ്ഞത് ഈ പത്രപ്രവര്‍ത്തകയിലൂടെയാണ്.

അന്വേഷണാത്മക പത്രപ്രവര്‍ത്തനത്തിന്റെ ജ്വലനമുഖമാണ് ലീലാ മേനോന്റേത്. ഇത്തരം നൂറുകണക്കിനു റിപ്പോര്‍ട്ടുകള്‍ ലീലാ മേനോന്റേതായുണ്ട്. ക്യാന്‍സറിനെ ഇച്ഛാശക്തിയില്‍ പൊരുതി തോല്‍പ്പിച്ച് ജീവിതത്തില്‍ മുന്നേറിയ ലീലാ മേനോന്‍ പത്രപ്രവര്‍ത്തകര്‍ക്കു മാത്രമല്ല പൊതുസമൂഹത്തിനും മാതൃകയായിരുന്നു.

മാധ്യമ പ്രവര്‍ത്തനം നടത്താന്‍ സ്ത്രീകള്‍ മടിച്ചിരുന്ന കാലത്ത് ധൈര്യസമേതം കടന്നുവന്ന് എക്സ്‌ക്ലൂസീവ് റിപ്പോര്‍ട്ടുകളിലൂടെ ശ്രദ്ധനേടി. ലോകമറിയുന്ന മാധ്യമപ്രവര്‍ത്തകയായി.
എഴുത്തുകാരി മാധവിക്കുട്ടിയുമായുള്ള സൗഹൃദം എടുത്തുപറയേണ്ടതാണ്. അവരുടെ മതം മാറ്റമുപ്പെടെയുള്ള വ്യക്തിജീവിത്തിലെ സുപ്രധാനസംഭവങ്ങളുടെ നേര്‍ചിത്രങ്ങള്‍ ലേഖനങ്ങളായി പ്രസിദ്ധീകരിച്ചത് വലിയ വിവാദങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും വഴിവച്ചിരുന്നു.

Related Articles

Latest Articles