Thursday, May 2, 2024
spot_img

ആദ്യഘട്ട വോട്ടെടുപ്പ് ! ആദ്യ ആറു മണിക്കൂറിൽ പോളിംഗ് ശരാശരി 50% പിന്നിട്ടു ; ബംഗാളിലും മണിപ്പൂരിലും അക്രമം

ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഒന്നാംഘട്ടത്തിൽ ഉച്ചവരെ ഭേദപ്പെട്ട പോളിംഗ് രേഖപ്പെടുത്തി. പശ്ചിമ ബംഗാളിലും മണിപ്പൂരിലും സംഘർഷങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടെങ്കിലും മറ്റിടങ്ങളിൽ സമാധാനപരമായ അന്തരീക്ഷത്തിൽ തെരഞ്ഞെടുപ്പ് പുരോഗമിക്കുകയാണ്. പശ്ചിമബംഗാളിലും മണിപ്പൂരിലും സംഘ‍ർഷത്തെത്തുടർന്ന് വോട്ടിങ് യന്ത്രങ്ങള്‍ തകർക്കപ്പെട്ടു എന്നാണ് റിപ്പോർട്ട്. ഒടുവിൽ റിപ്പോർട്ട് വരുമ്പോൾ ആദ്യ ആറു മണിക്കൂറിൽ പോളിംഗ് ശരാശരി 50% പിന്നിട്ടിട്ടുണ്ട്. നേരത്തെ റെക്കോഡ് പോളിങ് രേഖപ്പെടുത്തണമെന്ന് പ്രധാനമന്ത്രിയും അഴിമതിക്കും പ്രീണന രാഷ്ട്രീയത്തിനുമെതിരെ വോട്ട് ചെയ്യണമെന്ന് ആഭ്യന്തരമന്ത്രി അമിത് ഷായും ആഹ്വാനം ചെയ്തു.

എല്ലാ മണ്ഡലങ്ങളിലും വോട്ടെടുപ്പ് നടക്കുന്ന തമിഴ്‌നാട്ടിൽ ഉച്ചയ്ക്ക് 12 മണി വരെ 30 ശതമാനം പോളിംഗ് രേഖപ്പെടുത്തി. രാവിലെ 7 മുതൽ തന്നെ ജനം പോളിംഗ് ബൂത്തിലേക്ക് എത്തിത്തുടങ്ങി. സിനിമാ താരങ്ങളായ രജനികാന്ത്, അജിത്ത്, കമൽ ഹാസൻ, വിജയ്, വിജയ് സേതുപതി, ഖുഷ്ബു, ശിവകാർത്തികേയൻ, മുൻ കേന്ദ്രമന്ത്രി പി.ചിദംബരം, ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.അണ്ണാമലൈ, സംഗീത സംവിധായകൻ ഇളയരാജ തുടങ്ങിയ പ്രമുഖരെല്ലാം രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി.

മഹാരാഷ്ട്രയിലെ ആദ്യഘട്ട തെരഞ്ഞെടുപ്പിൽ നാഗ്പൂരടക്കം അഞ്ച് മണ്ഡലങ്ങളിലും പോളിംങ് തുടരുകയാണ്. പതിനൊന്ന് മണി വരെ 19.72 ശതമാനം പോളിംങ്ങാണ് രേഖപ്പെടുത്തിയത്. പ്രമുഖ നേതാക്കളായ കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരി, ദേവേന്ദ്ര ഫഡ്നാവിസ്, ആർ എസ് എസ് തലവൻ മോഹൻ ഭാഗവത് എന്നിവർ നാഗ്പൂരിൽ വോട്ട് രേഖപ്പെടുത്തി.അഞ്ചു ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിൽ ഹാട്രിക് വിജയം നേടുമെന്ന് നിതിൻ ഗഡ്കരി ആത്മ വിശ്വാസം പ്രകടിപ്പിച്ചു.

Related Articles

Latest Articles