Thursday, May 2, 2024
spot_img

ഖമനയിയ്ക്ക് ഇസ്രയേലിന്റെ ബര്‍ത് ഡേ ഗിഫ്റ്റ് ! ടെഹ്‌റാനെ വിറപ്പിച്ച് മിസൈല്‍ ആക്രമണം | മുന്‍കൂട്ടിയറിഞ്ഞത് യു എസ് മാത്രം!

ടെൽ അവീവ് : ഇറാൻ നടത്തിയ മിസൈൽ, ഡ്രോൺ ആക്രമണത്തിനു കനത്ത തിരിച്ചടി നൽകാൻ ഇസ്രയേൽ തെരഞ്ഞെടുത്തത് ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അൽ ഖമനയിയുടെ ജന്മദിനം. ഇക്കഴിഞ്ഞ ശനിയാഴ്ച ഇറാൻ നടത്തിയ ആക്രമണത്തിന് ഇസ്രയേൽ ഏതു നിമിഷവും തിരിച്ചടി നൽകുമെന്ന സൂചനകൾ നേരത്തെ ഉണ്ടായിരുന്നുവെങ്കിലും ലോകരാജ്യങ്ങളുടെ അഭ്യർത്ഥനയും 6 ദിവസത്തോളം തിരിച്ചടിക്കായുള്ള യാതൊരു നീക്കവും ഇസ്രയേൽ ഭാഗത്ത് നിന്ന് കാണാതായതോടെ പ്രത്യാക്രമണത്തിന് രാജ്യം നീങ്ങില്ല എന്നായിരുന്നു കരുതിയിരുന്നത്. ആക്രമണത്തോടെ പശ്ചിമേഷ്യയിൽ യുദ്ധഭീതി ഒന്ന് കൂടി ശക്തമായി.

സിറിയയിലെ ഇറാന്റെ നയതന്ത്ര കാര്യാലയത്തില്‍ ഈ മാസം ഒന്നിന് നടന്ന ആക്രമണത്തോടെയാണ് മേഖയില്‍ സംഘര്‍ഷാവസ്ഥ രൂക്ഷമായത്. ആക്രമണത്തിൽ ഇസ്രയേലിനെതിരേ ഇറാൻ ആരോപണമുന്നയിച്ചിരുന്നു. ഡമാസ്‌കസിലെ ഇറാൻ എംബസി ബോംബിട്ട് തകർത്തതിനു തക്കതായ മറുപടി നൽകുമെന്ന് ആയത്തുല്ല അലി ഖമനയി പറഞ്ഞിരുന്നു. ആക്രമണത്തിൽ രണ്ട് മുതിർന്ന കമാൻഡർമാർ ഉൾപ്പെടെ ഏഴ് റെവല്യൂഷണറി ഗാർഡ് ഓഫീസർമാരാണ് കൊല്ലപ്പെട്ടത്. പിന്നാലെയാണ് ഇസ്രയേലിലേക്ക് മൂന്നൂറോളം ഡ്രോണുകളെയും മിസൈലുകളെയും തൊടുത്ത് വിട്ടത്. എന്നാൽ ഇവയിൽ 99% വും ഇസ്രയേൽ വ്യോമ പ്രതിരോധത്തിൽ തകരുകയാണുണ്ടായത്.

വെള്ളിയാഴ്ച പ്രാദേശിക സമയം പുലർച്ചെയാണ് ഇസ്രയേൽ ആക്രമണം നടത്തിയത്. ഇറാനെതിരെ ഇസ്രയേൽ നടത്തിയത് നിയന്ത്രിതമായ ആക്രമണമാണെന്ന് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അതേസമയം, ആക്രമണം എത്രത്തോളം ഫലപ്രദമായി എന്ന് ഇസ്രയേൽ സൈന്യം വിലയിരുത്തി വരികയാണ് . ഇസ്രയേലിന്റെ ആക്രമണത്തെ തുടർന്ന് നിർത്തിവച്ചിരുന്ന ടെഹ്‌റാനിലെ ഇമാം ഖമനയി രാജ്യാന്തര വിമാനത്താവളത്തിൽ നിന്നുള്ള സർവീസുകൾ പുനരാരംഭിച്ചതായി ഇറാന്റെ ഔദ്യോഗിക വാർത്താ ഏജൻസിയായ ഐആർഎൻഎ റിപ്പോർട്ട് ചെയ്തു.

Related Articles

Latest Articles