Thursday, May 2, 2024
spot_img

ആദ്യം പ്രതിക്കൊപ്പമായിരുന്ന സർക്കാർ പിന്നീട് നിലപാട് മാറ്റിയതല്ലേ പ്രശ്നം ? ആന്റണി രാജുവിനോട് തുറന്നടിച്ച് സുപ്രീംകോടതി ! തൊണ്ടിമുതൽ കേസിലെ ഹർജികൾ മെയ് ഏഴിലേക്ക് മാറ്റി

ദില്ലി : തൊണ്ടിമുതൽ കേസിൽ സംസ്ഥാന സർക്കാർ തനിക്കെതിരെ ഫയൽചെയ്ത സത്യവാങ്മൂലത്തിൽ വസ്തുതാപരമായ തെറ്റുകൾ ഉണ്ടെന്നവകാശപ്പെട്ട മുൻ മന്ത്രി ആന്റണി രാജുവിനെതിരെ വിമർശനവുമായി സുപ്രീംകോടതി. കേസിൽ ആദ്യം പ്രതിക്കൊപ്പമായിരുന്ന സർക്കാർ പിന്നീട് നിലപാട് മാറ്റിയതല്ലേ പ്രശ്നമായതെന്ന് ആന്റണി രാജുവിന്റെ അഭിഭാഷകൻ ദീപക് പ്രകാശിനോട് സുപ്രീം കോടതി ചോദിച്ചു. ജസ്റ്റിസുമാരായ സുധാൻഷു ദുലിയ, രാജേഷ് ബിൻഡൽ എന്നിവരടങ്ങിയ ബെഞ്ചാണ് ഇന്ന് ആന്റണി രാജുവിന്റെ ഹർജി പരിഗണിച്ചത്.

1990 ഏപ്രിൽ നാലിനു തിരുവനന്തപുരം വിമാനത്താവളത്തിൽ ലഹരിമരുന്നു കേസിൽ പിടിയിലായ ഓസ്ട്രേലിയൻ പൗരനെ രക്ഷപ്പെടുത്താൻ, തൊണ്ടിയായ അടിവസ്ത്രത്തിൽ കൃത്രിമം കാട്ടിയെന്നായിരുന്നു കേസ്. കേസിൽ അഭിഭാഷകനായിരുന്ന ആന്റണി രാജു, കോടതി ജീവനക്കാരനായ ജോസ് എന്നിവരായിരുന്നു ഒന്നും രണ്ടും പ്രതികൾ. കേസ് പുനരന്വേഷിക്കാൻ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഹൈക്കോടതി വിധി ചോദ്യംചെയ്ത് ആന്റണി രാജു ഉൾപ്പടെ നൽകിയ ഹർജികളാണ് സുപ്രീം കോടതിയുടെ പരിഗണനയിലുള്ളത്.

കേസിൽ ആന്‍റണി രാജുവിനെതിരെയുള്ള ആരോപണം ഗുരുതരമാണെന്ന് വ്യക്തമാക്കിയാണ് കഴിഞ്ഞ ആഴ്ച സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം ഫയൽചെയ്തത്. കേസിന് ആസ്പദമായ തൊണ്ടിമുതൽ ആന്റണി രാജുവിന്റെ അഭിഭാഷകൻ വിചാരണ കോടതിയിൽനിന്ന് കൈപറ്റി എന്നാണ് സംസ്ഥാന സർക്കാരിന്റെ സത്യവാങ്മൂലത്തിൽ ഉള്ളത്. എന്നാൽ, ലഹരിമരുന്നു കേസിൽ പിടിയിലായ ഓസ്ട്രേലിയൻ പൗരന്റെ അമ്മാവനാണ് തൊണ്ടിമുതൽ കൈപ്പറ്റിയതെന്നാണ് പോലീസിന്റെ അന്വേഷണ റിപ്പോർട്ടിലെ കണ്ടെത്തൽ. കേസിൽ നിർണായകമാകുന്ന ഈ വസ്തുതയാണ് സർക്കാർ തെറ്റായി കോടതിയെ അറിയിച്ചതെന്നാണ് ആന്റണി രാജുവിന്റെ ആക്ഷേപം

പിശക് മാറ്റാൻ സർക്കാരിന് അവസരം നൽകണമെന്നും അഭിഭാഷകൻ ആവശ്യപ്പെട്ടു. എന്നാൽ സർക്കാരിന് പിഴവ് തിരുത്താൻ അവസരം നൽകണമെന്ന് എങ്ങനെയാണ് എതിർ കക്ഷിക്ക് പറയാൻ കഴിയുമെന്ന് കോടതി ചോദിച്ചു. തങ്ങളുടെ സത്യവാങ്മൂലത്തിൽ പിഴവുണ്ടെങ്കിൽ അത് ചൂണ്ടിക്കാട്ടി കോടതിയിൽ സത്യവാങ്മൂലം ഫയൽ ചെയ്യുകയാണ് വേണ്ടതെന്ന് സംസ്ഥാന സർക്കാരിനുവേണ്ടി ഹാജരായ സ്റ്റാന്റിങ് കോൺസൽ നിഷേ രാജൻ ഷൊങ്കർ വാദിച്ചു. തുടർന്നാണ് സർക്കാരിന്റെ നിലപാട് മാറ്റം കോടതി പരാമർശിച്ചത്. ഹർജികൾ മെയ് ഏഴിന് പരിഗണിക്കാനായി സുപ്രീം കോടതി മാറ്റി.

Related Articles

Latest Articles