Sunday, May 19, 2024
spot_img

എസ്‍യുവിയിൽ ഡ്രൈവർ സീറ്റിൽ സ്കൂൾ വിദ്യാർത്ഥി; നിരത്തില്‍ പോലിഞ്ഞത് 23കാരന്‍റെ ജീവന്‍, കേസെടുത്ത് പോലീസ്

ദില്ലി: സ്കൂള്‍ വിദ്യാര്‍ത്ഥി ഓടിച്ചിരുന്ന എസ്‍യുവി കാർ ഇടിച്ച് യുവാവിന് ദാരുണാന്ത്യം. ദില്ലിയിലെ ദേശ് ബന്ധു ഗുപ്ത റോഡിലാണ് സംഭവം. പതിനൊന്നാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് കാർ ഓടിച്ചത്. ബൈക്ക് യാത്രക്കാരനായ ഡെലിവറി ജോലി ചെയ്യുന്ന യുവാവാണ് മരണപ്പെട്ടതെന്ന് പോലീസ് അറിയിച്ചു. ഗോള്‍ മാര്‍ക്കറ്റില്‍ താമസിക്കുന്ന രാഹുല്‍ കുമാര്‍ സ്വിഗ്ഗിയില്‍ ഡെലിവറി ബോയ് ആയാണ് ജോലി ചെയ്തിരുന്നത്. വാഹനം അപകടത്തിൽപ്പെട്ടതോടെ വിദ്യാര്‍ത്ഥിയും ഒപ്പമുണ്ടായിരുന്ന വിദേശിയായ സുഹൃത്തും കാര്‍ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു.

സംഭവത്തില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് കുട്ടിയെ കസ്റ്റഡിയില്‍ എടുത്തതായി ഡിസിപി ശ്വേത ചൗഹാന്‍ പറഞ്ഞു. സുഹൃത്തുക്കളെ കാണുന്നതിനായി രാഹുല്‍ തന്‍റെ കസിനുമൊപ്പം പോകുമ്പോഴാണ് അപകടം ഉണ്ടായത്. പുലര്‍ച്ചെ ഒന്നരയോടെയാണ് അപകടത്തെ കുറിച്ചുള്ള വിവരം ലഭിച്ചതെന്ന് പോലീസ് അറിയിച്ചു.
സംഭവ സ്ഥലത്ത് വച്ച് കാറും ബൈക്കും പോലീസ് പരിശോധിച്ചു. പരിക്കേറ്റവരെ ഉടൻ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രാഹുലിന്റെ ജീവൻ രക്ഷപ്പെടുത്താനായില്ല. ബൈക്ക് ഓടിച്ചിരുന്ന രാഹുലിന്‍റെ കസിനായ പവന്‍ കുമാര്‍ ചെറിയ പരിക്കുകളോടെ രക്ഷപ്പെടുകയായിരുന്നു. പവന്‍റെ മൊഴി എടുത്തിട്ടുണ്ട്. ദൃക്സാക്ഷികള്‍ ഒന്നും ഇല്ലാതിരുന്നതിനാല്‍ ആദ്യം അപകടകരമായ വിധത്തിലും അശ്രദ്ധമായും വാഹനമോടിച്ച വകുപ്പുകളാണ് ആദ്യം ചുമത്തിയത്.

കാറില്‍ വിവരങ്ങള്‍ പരിശോധിച്ച് ഉടന്‍ ഉടമയുടെ വീട്ടിലേക്കും പോലീസെത്തി. ചോദ്യം ചെയ്യലിന് ശേഷമാണ് പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ കസ്റ്റഡിയില്‍ എടുത്തത്. കുട്ടിയുടെ മൂത്ത സഹോദരനാണ് വാഹനം ഓടിച്ചതെന്ന് വരുത്തി തീര്‍ക്കാന്‍ വീട്ടുകാര്‍ ഒരുപാട് ശ്രമങ്ങള്‍ നടത്തിയെന്ന് പോലീസ് പറഞ്ഞു. കനോട്ട് പ്ലേസില്‍ നിന്ന് രാത്രിയില്‍ ഭക്ഷണം കഴിച്ച് കുട്ടിയും സുഹൃത്തും വീട്ടിലേക്ക് മടങ്ങും വഴിയാണ് അപകടം ഉണ്ടായത്. കാറിന്‍റെ നിയന്ത്രണം നഷ്ടപ്പെട്ട് ബൈക്കില്‍ ഇടിക്കുകയായിരുന്നുവെന്നാണ് കുട്ടിയുടെ കുറ്റസമ്മതം.

Related Articles

Latest Articles