കന്യാകുമാരി ജില്ലയിലെ ചിന്നമുട്ടം മത്സ്യബന്ധന തുറമുഖത്ത് നിന്ന് കടലിലേക്ക് പുറപ്പെട്ട മോട്ടോർ ബോട്ടിന് തീപിടിച്ച് വൻ നാശനഷ്ടം. ബോട്ടിന്റെ എഞ്ചിൻ ഭാഗത്തുണ്ടായ സാങ്കേതിക തകരാറിനെ തുടർന്നുണ്ടായ അഗ്നിബാധയിൽ ഒന്നരക്കോടിയോളം രൂപ വിലമതിക്കുന്ന ബോട്ട് പൂർണ്ണമായും കത്തിനശിച്ചു. ബോട്ടിലുണ്ടായിരുന്ന പതിനെട്ടോളം മത്സ്യത്തൊഴിലാളികൾ സമയോചിതമായി കടലിലേക്ക് ചാടിയതിനാലാണ് വൻ ദുരന്തം ഒഴിവായത്. കടലിൽ വീണ തൊഴിലാളികൾ സുരക്ഷിതമായി കരയിലേക്ക് നീന്തി രക്ഷപ്പെടുകയായിരുന്നു.
കന്യാകുമാരി ചിന്നമുട്ടത്ത് മത്സ്യബന്ധന ബോട്ടിന് തീപിടിച്ചു! ഒന്നരക്കോടിയുടെ നാശനഷ്ടം! pic.twitter.com/nIYSqNrENs
— Tatwamayi News (@TatwamayiNews) June 16, 2026
ട്രോളിംഗ് കാലയളവ് അവസാനിച്ചതിനെ തുടർന്ന് കഴിഞ്ഞ ദിവസമാണ് ചിന്നമുട്ടം തുറമുഖത്തുനിന്ന് ബോട്ടുകൾ കടലിലേക്ക് പോകാൻ തുടങ്ങിയത്. ഇതിന്റെ ഭാഗമായി ഇന്ന് രാവിലെ പതിവുപോലെ പതിനെട്ടിലധികം തൊഴിലാളികളുമായി പുറപ്പെട്ട മോട്ടോർ ബോട്ട് ഹാർബർ പരിധിക്ക് പുറത്തേക്ക് പ്രവേശിച്ച ഉടൻ തന്നെ എഞ്ചിൻ ഭാഗത്തുനിന്ന് കറുത്ത പുക ഉയരുകയായിരുന്നു. തൊഴിലാളികൾ ഉടൻ തന്നെ തീയണയ്ക്കാൻ ശ്രമിച്ചെങ്കിലും നിമിഷങ്ങൾക്കകം തീ ആളിപ്പടരുകയായിരുന്നു. നിയന്ത്രണാതീതമായി തീ പടർന്നതോടെ ജീവൻ രക്ഷിക്കാനായി തൊഴിലാളികൾ കടലിലേക്ക് ചാടുകയായിരുന്നു.
കന്യാകുമാരി ചിന്നമുട്ടത്ത് മത്സ്യബന്ധന ബോട്ടിന് തീപിടിച്ചു! ഒന്നരക്കോടിയുടെ നാശനഷ്ടം! pic.twitter.com/A437kxI7DM
— Tatwamayi News (@TatwamayiNews) June 16, 2026
വിവരമറിഞ്ഞ് ഫയർഫോഴ്സ് സംഘം സംഭവസ്ഥലത്തേക്ക് എത്തുന്നതിന് മുൻപ് തന്നെ ബോട്ട് ഭൂരിഭാഗവും അഗ്നിക്കിരയായിരുന്നു. ഉപജീവനമാർഗ്ഗമായ ബോട്ട് കൺമുന്നിൽ കത്തിച്ചാമ്പലായത് തീരദേശവാസികളിൽ വലിയ ആഘാതവും ദുഃഖവും ഉണ്ടാക്കിയിട്ടുണ്ട്. അപകടത്തെക്കുറിച്ച് കന്യാകുമാരി കോസ്റ്റൽ സെക്യൂരിറ്റി ഗ്രൂപ്പ് പോലീസ് കേസ് രജിസ്റ്റർ ചെയ്ത് വിശദമായ അന്വേഷണം ആരംഭിച്ചു.

