Monday, April 29, 2024
spot_img

മഹാരാഷ്ട്രയിലെ മണ്ണിടിച്ചിലിൽ 5 പേർ മരിച്ചു; 30 പേർ കുടുങ്ങി കിടക്കുന്നതായി സംശയം

മുംബൈ : മഹാരാഷ്ട്രയിലെ റായ്ഗഡ് ജില്ലയിൽ കനത്തമഴയെ തുടർന്നുണ്ടായ മണ്ണിടിച്ചിലില്‍ അഞ്ചു പേര്‍ മരിച്ചു. 30 പേര്‍ കുടുങ്ങിക്കിടക്കുന്നതായി സംശയം. അതിൽ 15 പേരെ രക്ഷപ്പെടുത്തി. റായ്ഗഡ് ജില്ലയിലെ കലായ് ഗ്രാമത്തിലാണ് മണ്ണിടിച്ചിലുണ്ടായത്. കഴിഞ്ഞ ദിവസം മുതൽ മേഖലയിൽ കനത്ത മഴ തുടരുകയാണ്. അത്യന്തം കനത്ത മഴയെത്തുടര്‍ന്നുണ്ടായ പ്രളയത്തിലും മണ്ണിടിച്ചിലിലും ഗ്രാമം ഒറ്റപ്പെട്ടു പോയതായാണ് റിപ്പോര്‍ട്ട്. ഇതേതുടർന്ന് റോഡുകള്‍ വെള്ളത്തില്‍ മുങ്ങിയതും ഉരുള്‍പൊട്ടലില്‍ നശിച്ചതും ഗ്രാമത്തിലേക്ക് എത്തിച്ചേരാനുള്ള മാർഗം ഇല്ലാതാക്കിയതായി ജില്ലാ കളക്ടര്‍ നിധി ചൗധരി പറഞ്ഞു.

റായ്ഗഡിലെ രക്ഷാപ്രവര്‍ത്തനത്തിനായി മഹാരാഷ്ട്ര സര്‍ക്കാര്‍ ദേശീയ ദുരന്ത നിവാരണ സേനയുടെ സഹായം തേടി. കൂടാതെ മഹാഡില്‍ കുടുങ്ങിയ ഗ്രാമീണരെ രക്ഷപ്പെടുത്തുന്നതിനായി സൈന്യത്തിന്റെ സഹായം തേടിയതായും മന്ത്രി ആദിത്യ താക്കറെ പറഞ്ഞു. കനത്ത മഴയെ തുടര്‍ന്ന് മഹാരാഷ്ട്രയിലെ സാവിത്രി നദിയും കൊന്യാ നദിയും അപകടകരമായ രീതിയില്‍ കരകവിഞ്ഞ് ഒഴുകുകയാണ്.

അതേസമയം കൊങ്കണ്‍ മേഖലയിൽ കനത്ത മഴ തുടരുന്നതിനാൽ ഇതുവഴിയുള്ള ട്രെയിന്‍ ഗതാഗതം നിര്‍ത്തിവെച്ചിരിക്കുകയാണ്. നിലവിൽ ഒൻപത് ട്രെയിനുകൾക്കാണു നിയന്ത്രണം ഏർപ്പെടുത്തിയത്. ഇതേതുടർന്ന് ആറായിരത്തോളം യാത്രക്കാർ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോർട്ട്. പ്രളയത്തെത്തുടര്‍ന്ന് മഹാരാഷ്ട്രയിലെ 10 സംസ്ഥാന ഹൈവേകള്‍, 29 ജില്ലാ ഹൈവേകള്‍, 18 ഗ്രാമീണ റോഡുകള്‍ എന്നിവ മുങ്ങിയിരിക്കുകയാണ്. അടുത്ത മൂന്നു ദിവസം കൂടി കനത്ത മഴയുണ്ടാകുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതിന്റെ അടിസ്ഥാനത്തില്‍ റെഡ്, ഓറഞ്ച് അലര്‍ട്ടുകളും പുറപ്പെടുവിച്ചിട്ടുണ്ട്.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles