Tuesday, May 21, 2024
spot_img

സിസിടിവി ക്യാമറ സ്ഥാപിക്കാൻ നിർദ്ദേശിച്ചിട്ട് മാസം അഞ്ച് കഴിഞ്ഞു; ഡിഎംഇ ഉത്തരവ് പാലിക്കാതെ കോഴിക്കോട് മെഡിക്കൽ കോളേജ് അധികൃതർ

കോഴിക്കോട്: ഡയറക്ടറേറ്റ് ഓഫ് മെഡിക്കൽ എജ്യുക്കേഷന്റെ (ഡിഎംഇ) ഉത്തരവ് പാലിക്കാതെ കോഴിക്കോട് മെഡിക്കൽ കോളേജ് അധികൃതർ. ക്യാമറ ഉൾപ്പടെയുള്ള സുരക്ഷാ സംവിധാനങ്ങൾ ഉടൻ സ്ഥാപിക്കണമെന്ന ഉത്തരവാണ് മെഡിക്കൽ കോളേജ് അധികൃതർ പാലിക്കാതിരിക്കുന്നത്. ഐസിയു പീഡന കേസിന് ശേഷം നടന്ന അന്വേഷണത്തിൽ ഗുരുതര സുരക്ഷാ വീഴ്ചകളുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് മെഡിക്കൽ കോളേജിനുള്ളിലും പുറത്തും സിസിടിവി ക്യാമറകൾ സ്ഥാപിക്കാൻ മെഡിക്കൽ കോളേജ് സുപ്രണ്ടിനോട് ഡിഎംഇ ആവശ്യപ്പെട്ടിരുന്നു.

എന്നാൽ, കഴിഞ്ഞ നവംബറിൽ വന്ന ഉത്തരവ് അഞ്ചു മാസങ്ങൾ കഴിഞ്ഞിട്ടും നടപ്പിലാക്കാൻ മെഡിക്കൽ കോളേജ് അധികൃതർ തയ്യാറായിട്ടില്ല. അതിന് പിന്നാലെയാണ് വിഷയത്തിൽ അടിയന്തിര നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ഡിഎംഇ വീണ്ടും സുപ്രണ്ടിനോട് വിശദീകരണം ആവശ്യപ്പെട്ടത്.

നേരത്തെ ഐസിയു പീഡന കേസിലെ പ്രതി പോലീസിന്റെ നിർദേശം മറികടന്ന് നിരന്തരം ആശുപത്രി സന്ദർശിക്കുകയും സുപ്രധാന ഓഫീസുകളിൽ ഇടപെടുകയും ചെയ്യുന്നതായി അതിജീവിത ആരോപിച്ചിരുന്നു. എന്നാൽ മെഡിക്കൽ കോളേജിൽ സിസിടിവി സൗകര്യമില്ലാത്തതിനാൽ വിവരങ്ങൾ ലഭ്യമല്ലെന്നായിരുന്നു അന്ന് ആശുപത്രി അധികൃതർ വിശദീകരിച്ചത്. തുടർന്നാണ് ഐസിയുവിലും വാർഡുകളിലും മെഡിക്കൽ കോളേജിന്റെ പ്രധാന പരിസരങ്ങളിലും സിസിടിവി സ്ഥാപിക്കാൻ ഡിഎംഇ നിർദേശം നൽകിയത്.

Related Articles

Latest Articles